പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികള്‍...

By Web TeamFirst Published Jul 8, 2020, 7:05 PM IST
Highlights

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണമാണ് കഴിക്കേണ്ടത്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. 

ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ' ടൈപ്പ് 2'  പ്രമേഹം. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറഞ്ഞ പച്ചക്കികള്‍ ധാരാളമായി കഴിക്കണം. 

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികള്‍ ഏതൊക്കെയാണെന്ന്  നോക്കാം.

ഒന്ന്...

പ്രമേഹ രോഗത്തെ വരുതിയിലാക്കാൻ ബ്രൊക്കോളിക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഒപ്പം കലോറിയും കുറഞ്ഞ ബ്രൊക്കോളിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

രണ്ട്...

പോഷകങ്ങൾ കൂടാതെ ഒരു ഭക്ഷണത്തിലെ ഗ്ലൈസെമിക് ഇൻഡക്സും പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് (GI) 55 അല്ലെങ്കില്‍ അതിലും കുറവോ ഉള്ള ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾക്ക് നല്ലത്. തക്കാളിയുടെ ജിഐ 30 ആണ്. അതുകൊണ്ട് തന്നെ തക്കാളി പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. 

മൂന്ന്...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പച്ചക്കറികളില്‍ തന്നെ ജീവകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. വിറ്റാമിന്‍ സി, അയണ്‍,  സോഡിയം, പൊട്ടാസ്യം, എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. കലോറി കുറവായതു കൊണ്ടുതന്നെ ഇവ പ്രമേഹരോഗികള്‍ക്ക് മികച്ചതാണ്. 

നാല്...

ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയില്‍ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍,  നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. 

അഞ്ച്...

കാരറ്റിൽ അടങ്ങിയിരിക്കുന്ന ഗ്ലൈസെമിക് ഇൻഡക്സ് 39 ആണ്. ഒപ്പം ധാരാളം പോഷകങ്ങളും ഫൈബറും അടങ്ങിയ കാരറ്റ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പച്ചക്കറിയാണ്. 

ആറ്...

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ  അളവ് ഉയരാതെ നില്‍ക്കും എന്നതുകൊണ്ടുതന്നെയാണ് പാവയ്ക്ക പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമെന്ന് പറയുന്നത്. 

Also Read: പ്രമേഹമുള്ളവര്‍ക്ക് കുടിക്കാം ഈ മൂന്ന് പാനീയങ്ങള്‍...

click me!