
കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഒട്ടുമിക്ക ആളുകളും കഴിക്കുന്ന ഒന്നാണ് റസക്. ഇന്ത്യയിലുടനീളം റസ്ക് ഒരു ജനകീയ ലഘുഭക്ഷണമാണ്. ചായയിൽ മുക്കി റസ്ക്ക് കഴിക്കാത്തവർ വിരളവുമായിരിക്കുന്നു. എന്നാൽ എങ്ങനെയാണ് റസ്ക് ഉണ്ടാക്കുന്നതെന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ?. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ കണ്ടാൽ റസ്ക്ക് കഴിക്കും മുമ്പ് ഒന്ന് മടിക്കും.
നമ്മുടെ തീൻ മേശകളിലും കടകളിലും എത്തും മുമ്പ് റസ്ക്ക് നിർമിക്കുന്നത് എങ്ങനെയെന്നാണ് വീഡിയോ. ഇത് സത്യം തന്നെയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന അതിഭീകരമായൊരു വീഡിയോ സോഷ്യൽ മീഡിയയെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. അത്രയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഒരു റസക്ക് നിർമാണമാണ് വീഡിയോയിൽ. വീഡിയോ കണ്ടവരെല്ലാം മൂക്കത്ത് കൈവയ്ക്കുന്നു ഇതാണോ നമ്മൾ കഴിക്കുന്നതെന്ന് അവർ ചോദിക്കുന്നു.
കണ്ടന്റ് ക്രിയേറ്ററായ അമർ സിരോഹിയെന്നയാൾ ചിത്രീകരിച്ചതാണ് വീഡിയോ. ഇത് ആനന്ദ് എന്നൊരു എക്സ് ഉപയോക്താവ് പങ്കുവച്ചതോടെയാണ് ചർച്ചകളുടെ തുടക്കം. ഒരു കൂട്ടം ആളുകൾ ചേർന്ന് റസ്ക്ക് ഉണ്ടാക്കുന്നതാണ് വീഡിയോ. നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളായാണ് വീഡിയോ. വൃത്തിയില്ലാത്ത കൈകൾ കൊണ്ട് മാവ് കുഴക്കുന്നു. ഇതിനിടെ ചേരുവകൾ ചേർത്തുകൊണ്ടിരിക്കുന്ന ഒരു തൊഴിലാളിയുടെ കയ്യിൽ സിഗരറ്റും കാണാം.
മാവ് തയ്യാറായി കഴിഞ്ഞാൽ അതിനെ മറ്റൊരു വൃത്തിഹീനമായ പ്രതലത്തിൽ വച്ച് അപ്പത്തിന്റെ രൂപത്തിലേക്ക് പരുവപ്പെടുത്തുന്നു. പിന്നീട് ചുട്ടെടുക്കുന്നു. മുറിച്ചെടുത്ത ശേഷം വീണ്ടും ചുട്ടെടുക്കുന്നു. ഇതെല്ലാം നടക്കുന്നത് കണ്ടാൽ അറപ്പ് തോന്നുന്ന പ്രതലങ്ങളിലാണ്. പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളെല്ലാം കറുത്തു കൊഴുപ്പടിഞ്ഞതുപോലെ കാണാം. ഇത് ശരിയാണെങ്കിൽ, വീണ്ടും ഒരു റസ്ക്ക് കഴിക്കാൻ ഞാൻ ഭയപ്പെടുന്നു എന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam