
കുഞ്ഞുങ്ങളെ അടക്കിയിരുത്താനും ഭക്ഷണം കഴിപ്പിക്കാനും അവർക്ക് മൊബൈൽ ഫോൺ കൊടുക്കുന്ന മാതാപിതാക്കളാണോ നിങ്ങൾ? കാർട്ടൂണുകൾക്ക് മുന്നിൽ നിങ്ങളുടെ കുട്ടികൾ കണ്ണെടുക്കാതെ സമയം ചെലവഴിക്കാറുണ്ടോ? ആരോടും മിണ്ടാതെ, കൂട്ടുകാരില്ലാത, ഒറ്റയ്ക്കിരിക്കാനാണോ നിങ്ങളുടെ കുഞ്ഞിന് ഇഷ്ടം? ഇങ്ങനെയൊക്കെയാണ് നിങ്ങളുടെ കുഞ്ഞെങ്കിൽ സൂക്ഷിക്കണം, അവരുടെ ബാല്യം അപകടത്തിലാണെന്ന്. വിർച്വൽ ഓട്ടിസം എന്ന പെരുമാറ്റ വൈകല്യത്തിലേക്കാണ് നിങ്ങളുടെ കുഞ്ഞുങ്ങള്‍ നടന്നടുക്കുന്നതെന്ന് തിരിച്ചറിയണം. അമിതമായ സ്‌ക്രീന്‍ സമയം മൂലം 6 വയസിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന പെരുമാറ്റ വൈകല്യമാണ് വെര്‍ച്വല്‍ ഓട്ടിസം. തിരുവനന്തപുരം എസ്പി വെൽഫോർട്ട് ഹോസ്പിറ്റൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോക്ടർ നീതു ഷമീം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു...
എന്താണ് വിർച്വൽ ഓട്ടിസം?
വിർച്വൽ ഓട്ടിസത്തെ ലളിതമായി ഇങ്ങനെ വിശദീകരിക്കാം. ടിവിയോ മൊബൈൽ ഫോണോ ടാബ്‍ലെറ്റോ തുടങ്ങിയ സ്ക്രീനുകളുടെ അമിതമായ ഉപയോഗം കാരണം കുട്ടികളിൽ ഓട്ടിസത്തിന് സമാനമായ ലക്ഷണങ്ങൾ കാണാറുണ്ട്. ഇത് ജന്മനാ ഉള്ള ഓട്ടിസമല്ല, മറിച്ച് അമിതമായ സ്ക്രീൻ ഉപയോഗത്തെ തുടർന്ന് ഉണ്ടാകുന്ന ഒന്നാണ്. അമിതമായ സ്ക്രീൻ ഉപയോഗം തന്നെയാണ് വിർച്വൽ ഓട്ടിസത്തിന് കാരണമാകുന്നത്. കുട്ടികളുടെ തലച്ചോറ് വികസിക്കേണ്ടത് സംസാരം കൊണ്ടും സ്പർശനം കൊണ്ടും ഇമോഷൻസ് കൊണ്ടുമാണ്. കുട്ടികളിൽ കമ്യൂണിക്കേഷൻ കൃത്യമായി നടക്കണം. ഈ സമയത്ത് അവർ കൂടുതൽ സ്ക്രീനുമായിട്ടാണ് ഇടപഴകുന്നതെങ്കിൽ അത് വിർച്വൽ ഓട്ടിസത്തിലേക്ക് നയിക്കും.
ലക്ഷണങ്ങളിവയാണ്
ഫോൺ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടാൽ മുമ്പ് കാണാത്ത രീതിയിലുള്ള വാശിയും ദേഷ്യവും ആയിരിക്കും ഇവർ കാണിക്കുക. പേര് വിളിച്ചാൽ കേൾക്കാതിരിക്കുക. മറ്റ് കുട്ടികളുമായി കളിക്കാൻ താത്പര്യം കാണിക്കാതിരിക്കുക. ഒറ്റയ്ക്ക് ഇരുന്ന് കളിക്കുക, ഒന്നിനോടും താത്പര്യം കാണിക്കാതിരിക്കുക, കണ്ണിൽ നോക്കി സംസാരിക്കാതിരിക്കുക എന്നിവയൊക്കെ വിർച്വൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെയായിരിക്കും ചോദ്യങ്ങളോടുള്ള ഇവരുടെ പ്രതികരണം. സംസാരിക്കാൻ വിമുഖത പ്രകടിപ്പിക്കും. അതല്ലെങ്കിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും. ഐ കോണ്ടാക്റ്റ് ഉണ്ടായിരിക്കില്ല. അതായത് കണ്ണിൽ നോക്കി സംസാരിക്കില്ല. സാമൂഹികമായും അകലം പാലിക്കും. വിളിച്ചാൽ കേൾക്കാത്തത് പോലെ ഇരിക്കും. എന്ത് ചോദിച്ചാലും പ്രതികരിക്കില്ല. ഇവയാണ് പൊതുവെ കാണുന്ന ലക്ഷണങ്ങൾ. കുട്ടികൾ പ്രായത്തിന് അനുസരിച്ചുള്ള സാമൂഹിക ഇടപെടലുകൾ നടത്തുന്നില്ലെങ്കിൽ മാതാപിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കണം.
പ്രതിരോധിക്കേണ്ടതിങ്ങനെ
സ്ക്രീൻ ടൈം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 2 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു കാരണവശാലും മൊബൈൽ ഫോൺ കൊടുക്കരുത്. ടിവിയോ ടാബ്‍ലെറ്റോ നൽകരുത്. സ്ക്രീൻ ടൈം തീർച്ചയായും ഒഴിവാക്കണം. ഇതെല്ലാം ഒഴിവാക്കി കുഞ്ഞുങ്ങളുമായി സംസാരിക്കാൻ സമയം കണ്ടെത്തണം. എത്ര ജോലിത്തിരക്കുണ്ടെങ്കിലും കുട്ടികൾക്കൊപ്പം ചെലവഴിക്കാനും അവരോട് കണ്ണിൽ നോക്കി സംസാരിക്കാനും ശ്രമിക്കണം. കുട്ടികൾക്ക് ഫോണിന് പകരം കളിപ്പാട്ടങ്ങളോ പുസ്തകങ്ങളോ നൽകുക. പരമാവധി അവരോട് ഇടപഴകാനുള്ള അവസരമുണ്ടാക്കുക എന്നത് തന്നെയാണ് പ്രധാനം. അവർക്കൊപ്പം പുറത്തുപോകണം കളിക്കാനും കൂടണം.
പരിഹാരമുണ്ട്
നിങ്ങളുടെ കുട്ടിക്ക് വിർച്വൽ ഓട്ടിസം ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയാൽ പൂർണമായി പരിഹരിക്കാനും മാറ്റിയെടുക്കാനും സാധിക്കും. അതിന്റെ ആദ്യപടിയെ ഡിജിറ്റൽ ഫാസ്റ്റിംഗ് എന്ന് പറയാം. അതായത് സ്ക്രീൻ സാന്നിദ്ധ്യം പൂർണമായി ഒഴിവാക്കണം. ടിവിയും ഫോണും മൊത്തം ഒഴിവാക്കി, കുട്ടികൾക്കൊപ്പം ഇരിക്കുക. മാതാപിതാക്കൾ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയും പാട്ട് പാടിക്കൊടുക്കുകയും ചെയ്യുക. മറ്റ് കുട്ടികളുമായി കളിക്കാനും ഇടപഴകാനും അവസരമൊരുക്കണം. നമ്മുടെ കുഞ്ഞിന് ഇത്തരമൊരു പ്രശ്നമുണ്ടെന്ന് തോന്നിയാൽ പീഡിയാട്രീഷ്യനെ കാണിക്കാൻ മടി കാണിക്കരുത്. അല്ലെങ്കിൽ ചൈൽഡ് സൈക്കോ തെറാപ്പിസ്റ്റിന് സമീപിച്ച് സ്പീച്ച് തെറാപ്പിയോ ബിഹേവിയറൽ തെറാപ്പിയോ നൽകണം.
മൊബൈൽ ഫോണ്‍ ഒഴിവാക്കിയുള്ള ജീവിതം ഇന്നത്തെ ലോകത്ത് അസാധ്യമായിരിക്കേ, അത് നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യം അപഹരിക്കാനുള്ള ഉപകരണമാക്കരുത്. ഡിജിറ്റൽ ലോകത്ത് നിന്ന് അവരെ ഒഴിവാക്കി നിർത്തണമെന്നല്ല, മറിച്ച് തെറ്റും ശരിയും ചൂണ്ടിക്കാണിച്ച് സ്ക്രീനുകൾ ഏറ്റവും ബുദ്ധിപരമായി തന്നെ നമ്മുടെ കുഞ്ഞുങ്ങൾ ഉപയോഗിക്കട്ടെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam