'വൈറ്റമിന്‍-സി, ഇ എന്നിവ ധാരാളം കഴിക്കുന്നത് ഈ രോഗം തടഞ്ഞേക്കും'

By Web TeamFirst Published Jan 20, 2021, 4:15 PM IST
Highlights

ശരീരത്തിന്റെ പ്രധാനപ്പെട്ട പല ധര്‍മ്മങ്ങളിലും മുഖ്യപങ്ക് വഹിക്കുന്ന ഈ രണ്ട് വൈറ്റമിനുകള്‍ക്കും പക്ഷേ മറ്റൊരു ഗുണം കൂടിയെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. 'ന്യൂറോളജി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ ഗവേഷകര്‍ നടത്തിയ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്

ശരീരത്തിന്റെ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന രണ്ട് സുപ്രധാന ഘടകങ്ങളാണ് വൈറ്റമിന്‍-സിയും വൈറ്റമിന്‍-ഇയും. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് അയേണിനെ വേര്‍തിരിച്ചെടുക്കാനാണ് വൈറ്റമിന്‍-സി ഏറ്റവുമധികം സഹായിക്കുന്നത്. മുറിവുണക്കാനും കണ്ണുകളുടെ ആരോഗ്യത്തിനുമെല്ലാം വൈറ്റമിന്‍-സി അവശ്യം വേണ്ടത് തന്നെ. 

കോശങ്ങളുടെ രൂപീകരണത്തിന് സഹായകമാകുന്ന ഘടകമാണ് വൈറ്റമിന്‍-ഇ. ഇവയ്‌ക്കെല്ലാം പുറമെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനുമെല്ലാം വൈറ്റമിന്‍-സിയും, ഇയും ഏറെ പ്രയോജനപ്രദമാണ്.

ഇത്തരത്തില്‍ ശരീരത്തിന്റെ പ്രധാനപ്പെട്ട പല ധര്‍മ്മങ്ങളിലും മുഖ്യപങ്ക് വഹിക്കുന്ന ഈ രണ്ട് വൈറ്റമിനുകള്‍ക്കും പക്ഷേ മറ്റൊരു ഗുണം കൂടിയെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. 'ന്യൂറോളജി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ ഗവേഷകര്‍ നടത്തിയ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

1997 മുതല്‍ 2016 വരെയുള്ള കാലയളവിനകത്ത് നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനത്തിലെത്തിയിരിക്കുന്നത്. ഇതിനായി 18 മുതല്‍ 94 വയസ് വരെ പ്രായമുള്ള നാല്‍പതിനായിരത്തിലധികം പേരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചുവത്രേ. 

അങ്ങനെ വൈറ്റമിന്‍-സി, ഇ ഘടകങ്ങളും നാഡീവ്യവസ്ഥയെ ബാധിക്കുന്ന 'പാര്‍ക്കിന്‍സണ്‍സ്' എന്ന രോഗവും തമ്മില്‍ ബന്ധമുള്ളതായി ഇവര്‍ കണ്ടെത്തി. വൈറ്റമിന്‍-സി, ഇ എന്നിവ ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തുന്നവരില്‍ 'പാര്‍ക്കിന്‍സണ്‍സ്' രോഗസാധ്യത കുറയുമെന്നാണ് ഇവരുടെ നിഗമനം.

പ്രധാനമായും ശരീരചലനത്തെ ബാധിക്കുന്ന അസുഖമാണ് 'പാര്‍ക്കിന്‍സണ്‍സ്'. വളരെ പതിയെ മാത്രമാണ് ഇതിന്റെ ലക്ഷണങ്ങള്‍ ഓരോന്നായി വെളിപ്പെടുകയുള്ളൂ. അതിനാല്‍ത്തന്നെ രോഗം സ്ഥിരീകരിക്കാന്‍ ഏറെ സമയമെടുക്കാം. ഒരു വിരലനക്കത്തിലെ വ്യതിയാനത്തില്‍ തുടങ്ങി നടക്കാനോ സംസാരിക്കാനോ എഴുതാനോ മറ്റ് ദൈനംദിന പ്രവര്‍ത്തികളിലേര്‍പ്പെടാനോ ഒന്നും സാധിക്കാത്ത തരത്തിലേക്ക് ക്രമേണ രോഗി എത്തും. 

തലച്ചോറിനകത്തെ ചില നാഡീകോശങ്ങള്‍ നശിക്കുകയോ ഇല്ലാതാകുകയോ ചെയ്യുകയാണ് ഈ രോഗത്തില്‍ സംഭവിക്കുന്നത്. ഇത് 'ഡോപമിന്‍' എന്ന രാസപദാര്‍ത്ഥത്തിന്റെ ഉത്പാദനത്തിന് കാരണമാകുന്ന ന്യൂറോണുകളുടെ അസാന്നിധ്യത്തിലേക്ക് നയിക്കുന്നു. 'ഡോപമിന്‍' കുറയുന്നതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം അസാധാരണതലത്തിലേക്ക് നീങ്ങുന്നു. ഇതാണ് ചലനങ്ങളിലും മറ്റും പ്രതിഫലിക്കുക. 

ഈ രോഗത്തിന് തടയിടാന്‍ ഒരു പരിധി വരെ വൈറ്റമിന്‍-സിക്കും ഇക്കും കഴിയുമെന്നാണ് പഠനം വാദിക്കുന്നത്. സിട്രസ് ഫ്രൂട്ട്‌സ്, കുരുമുളക്, ബ്രക്കോളി, പപ്പായ എന്നിവയെല്ലാം വൈറ്റമിന്‍- സിയാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. അതുപോലെ സൂര്യകാന്തി വിത്ത്, ബദാം, മത്തന്‍, ചുവന്ന കാപ്‌സിക്കം എന്നിവയെല്ലാം വൈറ്റമിന്‍-ഇയാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. നിത്യേന ഇവയെല്ലാം ഡയിറ്റിലുള്‍പ്പെടുത്താവുന്നതാണ്.

Also Read:- തിളങ്ങുന്ന ചര്‍മ്മത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ...

click me!