ഒരു പൂ നുള്ളുന്ന ലാഘവത്തോടെ, പ്രാണനെടുക്കുന്ന ഡോക്ടർ

By Web TeamFirst Published Jun 20, 2019, 11:40 AM IST
Highlights

നിത്യവും മരണാപേക്ഷകൾ  കിട്ടാറുണ്ടെങ്കിലും, വൈകാരികമായ കാരണങ്ങളാൽ മാസത്തിൽ ഒന്ന് എന്നതാണ് ഡോക്ടറുടെ കണക്ക്. 

നമ്മുടെ നാട്ടിൽ പല ഡോക്ടർമാരും അവരുടെ കൈപ്പുണ്യത്തിന് പ്രസിദ്ധരാണ്. ഇന്ന ഡോക്ടറുടെ കയ്യിൽ തങ്ങളുടെ പ്രാണൻ വിശ്വസിച്ചേൽപ്പിക്കാം എന്നാണ് പലരും പറയുക.  എന്നാൽ,  " അസുഖത്തിന്റെ വേദന സഹിക്ക വയ്യ, ഒരു പൂ നുള്ളുന്ന ലാഘവത്തോടെ  എന്റെ പ്രാണൻ ഒന്നിറുത്ത് മാറ്റിത്തരുമോ ഡോക്ടറേ..? " എന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?  

ഇന്ത്യയിൽ എന്തായാലും അതിനുള്ള വകുപ്പ് തൽക്കാലമില്ല. സംഗതി ബെൽജിയത്തിലാണ്. യൂത്തനേഷ്യ അഥവാ ദയാവധം നിയമം മൂലം അനുവദിക്കപ്പെട്ടിട്ടുള്ള അപൂർവം രാജ്യങ്ങളിൽ ഒന്നാണ് ബെൽജിയം. മാരകമായ രോഗങ്ങൾ ബാധിച്ച് ജീവിതം നരകതുല്യമായിട്ടുള്ളവർക്ക് തങ്ങളുടെ രോഗപീഡയിൽ നിന്നും മോചനമെന്ന നിലക്ക് യൂത്തനേഷ്യ  സ്പെഷലിസ്റ്റുകളായ ഡോക്ടർമാരുടെ സേവനം തേടാം. ഡോകടർ യെസ് ഡെ  ലോഷ്റ്റ് യുത്തനേഷ്യയിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഒരു 'മരണ ഡോക്ടറാണ്'. ഇന്നുവരെ നൂറിലധികം രോഗികൾക്ക് മരണാശ്വാസം പകർന്നു നൽകിയിട്ടുള്ള ഡോ. ഡെ ലോഷ്റ്റ് പറയുന്നത്, ദയാവധം അനുഷ്ഠിക്കുമ്പോൾ, തനിക്ക് താനൊരു രോഗിയെ കൊല്ലുന്നതായി അനുഭവപ്പെടാറില്ല എന്നാണ്.   നിത്യവും മരണാപേക്ഷകൾ  കിട്ടാറുണ്ടെങ്കിലും, വൈകാരികമായ കാരണങ്ങളാൽ മാസത്തിൽ ഒന്ന് എന്നതാണ് ഡോക്ടറുടെ കണക്ക്. 

2002 -ലാണ് ബെൽജിയത്തിൽദയാവധത്തിന് നിയമത്തിന്റെ പിൻബലം കിട്ടുന്നത്. അവിടെ ദിവസവും ഏകദേശം ആറുപേർ എന്ന നിരക്കിൽ ആ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതേ പ്രവൃത്തി യുകെയിൽ കൊലപാതകത്തിന് തുല്യമാണ്. ജീവപര്യന്തം അകത്തുകിടക്കേണ്ടി വരും. ഇന്ത്യയിൽ മാർച്ച് 2018-ൽ വന്ന സുപ്രീം കോടതി വിധി പ്രകാരം പാസീവ് യൂത്തനേഷ്യ നിയമവിധേയമാണ്. അതായത്, ലൈഫ് സപ്പോർട്ടിൽ കിടക്കുന്ന രോഗികളെ, വേണമെങ്കിൽ ലൈഫ് സപ്പോർട്ട് പിൻവലിച്ച് മരിക്കാൻ അനുവദിക്കാം.  

" ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്. വളരെയധികം വൈകാരികമായ അനന്തരഫലങ്ങളുണ്ടാക്കുന്ന ഒരു പ്രവൃത്തി. ഒരു കൊലപാതകം എന്ന് ദയാവധത്തെ കാണാൻ സാധിക്കില്ല. കാൻസർ പോലുള്ള വളരെ വേദനാജനകമായ അസുഖങ്ങൾ വന്നു നിത്യം കഷ്ടതകൾ അനുഭവിക്കുന്നവർക്ക് അവരുടെ രോഗപീഡയിൽ നിന്നുള്ള മോചനമാണ് ഞാൻ നൽകാൻ ശ്രമിക്കുന്നത്.." അദ്ദേഹം ബിബിസിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ദയാവധത്തിന് കാര്യത്തിൽ ഏറ്റവും വിശാലമനസ്കത പ്രകടിപ്പിക്കുന്ന ഒരു രാജ്യമാണ് ബെൽജിയം. " ഒരു മരുന്ന് നമ്മൾ രോഗിയുടെ ഞരമ്പിലേക്ക് കുത്തിവെക്കുന്നു. ഒരു മിനിറ്റിനകം  അയാൾക്ക് ഉറക്കം വന്നുതുടങ്ങും. ഉറക്കത്തിനിടെ മരണവും വന്നുചേരും. എല്ലാവർക്കും ദയാവധം നൽകാൻ നമുക്ക് കഴിയില്ല. അതുകൊണ്ട് ഞാൻ ഏറ്റവും കൂടുതൽ കഷ്ടതകൾ അനുഭവിക്കുന്നു എന്ന് എനിക്ക് തോന്നുന്നവരെ തെരഞ്ഞെടുക്കുകയാണ് പതിവ്.." 

പലപ്പോഴും ഡോക്ടർ പറ്റില്ല എന്ന് പറയാറുമുണ്ട്. താനുമായി വ്യക്തിപരമായ ബന്ധമുള്ളവർക്ക് ദയാവധം നൽകാൻ ഒരിക്കലും ഡോക്ടർ തയ്യാറായിട്ടില്ല. ബന്ധുക്കൾക്ക് പ്രത്യേകിച്ചും.  തികച്ചും ദയാവധം അർഹിക്കുന്നു എന്ന് തോന്നുന്ന രോഗികളെ പലവട്ടം സന്ദർശിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ഡോക്ടർ അത് നടപ്പിലാക്കാറുള്ളത്. പലതവണ അവരുമായി സംസാരിക്കും. അവർ പൂർണ്ണമായും ദയാവധം തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നുറപ്പുവരുത്തും. 

ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടു വരുന്നവർ പലരും രോഗം തരുന്ന അസഹ്യമായ വേദനയും യാതനയും നിമിത്തം ആത്മഹത്യയെപ്പറ്റി പലവട്ടം ആലോചിച്ചിട്ടുള്ളവരാണ്. എന്നാൽ അതിന്റെ ഭാഗമായ വേദനയും, ശ്രമം പരാജയപ്പെട്ടാൽ അനുഭവിക്കേണ്ടി വരുന്ന അപമാനവുമെല്ലാം ആലോചിച്ചു നോക്കുമ്പോൾ അവർ അതിൽ നിന്നും പിന്മാറും. 'മാന്യമായ' ഒരു മരണത്തെയാണ് അവരിൽ പലരും ആഗ്രഹിക്കുന്നത്. അതിന് തികച്ചും വിശ്വസിച്ചേൽപ്പിക്കാവുന്ന ഒരാളാണ് തങ്ങളുടെ ഈ 'മരണ ഡോക്ടർ' എന്ന് ബെൽജിയത്തിൽ ഉള്ള പലരും കരുതുന്നു. 


 

click me!