
വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോകുന്നത് അസുഖത്തെ നിയന്ത്രിച്ചുനിര്‍ത്താനും മറ്റ് അനുബന്ധപ്രശ്‌നങ്ങളെ ഒഴിവാക്കുന്നതിനുമെല്ലാം സഹായിക്കുന്നു.
ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ദക്ഷിണ കൊറിയയില്‍ നിന്ന് പുറത്തുവരുന്നത്. വര്‍ഷങ്ങളായി വൃക്കരോഗം നേരിടുന്നവര്‍ അവരില്‍ സംഭവിക്കുന്ന ശരീരഭാര വ്യത്യാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് പഠനം ആവശ്യപ്പെടുന്നത്.
കാരണം, ഇവരിലെ ശരീരഭാര വ്യതിയാനം രോഗം മൂര്‍ച്ഛിക്കുന്നതിന്റെയും അതുവഴി മറ്റ് പ്രശ്‌നങ്ങളിലേക്ക് ശരീരം കടക്കുന്നതിന്റെയും സൂചനയാകാമെന്നാണ് പഠനം പറയുന്നത്.
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയാണ് ഇത്തരത്തില്‍ സംഭവിക്കുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങളെന്നും പഠനം സൂചിപ്പിക്കുന്നു. പഴകിയ വൃക്കരോഗമുള്ളവരില്‍ വലിയൊരു ശതമാനം പേരിലും മരണകാരണമായി വരുന്ന ഹൃദ്രോഗമാണെന്നും പഠനം അവകാശപ്പെടുന്നുണ്ട്.
എണ്‍പത്തിനാലായിരത്തിലധികം വൃക്കരോഗികളെ നാല് വര്‍ഷത്തോളം നിരീക്ഷണത്തിനും വിവിധ പരിശോധനകള്‍ക്കും വിധേയമാക്കിക്കൊണ്ടാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. ശരീരഭാരത്തില്‍ കുറവ് വ്യത്യാസം വരുന്ന ക്രോണിക് വൃക്കരോഗികളെ സംബന്ധിച്ച് ശരീരഭാരത്തില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ വരുന്നവരില്‍ ഹൃദ്രോഗം മൂലം മരണസാധ്യത കൂടുമെന്നും പഠനം പറയുന്നു.
Also Read:- ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം എളുപ്പം കുറയ്ക്കാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam