വാക്‌സിനുകള്‍ 'ഡെല്‍റ്റ'യെ ഫലപ്രദമായി തടയില്ലെന്ന് പുതിയ പഠനം

By Web TeamFirst Published Aug 19, 2021, 12:05 PM IST
Highlights

മുപ്പത് ലക്ഷത്തിലധികം പേരുടെ പിസിആര്‍ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാക്‌സിനുകള്‍ക്ക് 'ഡെല്‍റ്റ'യെ ഫലപ്രദമായ തടയാനാകില്ലെന്ന് യുകെ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വാക്‌സിനേഷനിലൂടെ ആകെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊവിഡിനെതിരെ പ്രതിരോധശക്തി ആര്‍ജ്ജിച്ചെടുക്കാമെന്ന വാദത്തിലും പഠനം സംശയം പുലര്‍ത്തുന്നുണ്ട്

കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ നിലവില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമായി കണക്കാക്കുന്നത് വാക്‌സിനേഷന്‍ തന്നെയാണ്. എന്നാല്‍ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകള്‍ വീണ്ടും ആശങ്ക സൃഷ്ടിച്ചുകൊണ്ട് തുടരുക തന്നെയാണ്. 

ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട 'ഡെല്‍റ്റ' വകഭേദത്തിലുള്ള വൈറസാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വെല്ലുവിളിയാകുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും 'ഡെല്‍റ്റ', രോഗമെത്തിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇപ്പോഴിതാ 'ഡെല്‍റ്റ'ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കില്ലെന്നാണ് പുതിയൊരു പഠനറിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നത്. യുകെയിലെ ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. 

 


ഫൈസര്‍, ബയോ എന്‍ ടെക് വാക്‌സിനുകള്‍ക്ക് അടക്കം മുഴുവന്‍ വാക്‌സിനേഷനും കഴിഞ്ഞ് 90 ദിവസം കഴിയുമ്പോള്‍ 'ഡെല്‍റ്റ'ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടാകുന്നതെന്ന് പഠനം അവകാശപ്പെടുന്നു. വാകിസ്ന്‍ സ്വീകരിക്കാത്തവരുടെ സമാനമായ ആരോഗ്യാവസ്ഥയാണ് അപ്പോള്‍ ഇവരിലും കാണപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

രണ്ട് ഡോസ് വാക്‌സിനുകള്‍ക്ക് ശേഷം മൂന്നാമതൊരു ഡോസ് വാക്‌സിന്‍ 'ബൂസ്റ്റര്‍' ഷോട്ട് ആയി സ്വീകരിക്കുന്നതിന്റെ ആവശ്യകത ചര്‍ച്ചകളില്‍ സജീവമായിരിക്കുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ 'ബൂസ്റ്റര്‍' ഷോട്ട് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതിലേക്കാണ് പഠനറിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 

രണ്ട് ഡോസ് വ്കാസിനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് നല്‍കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് അറിയിച്ചിരുന്നു. യുകെയും കഴിയുന്നത്രയും പേരിലേക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇസ്രയേലാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ആരംഭിച്ച മറ്റൊരു രാജ്യം. ഇവിടെ 60ന് മുകളില്‍ പ്രായം വരുന്നവരില്‍ 86 ശതമാനം 'പൊസിറ്റീവ്' ആയി ബൂസ്റ്റര്‍ ഷോട്ട് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തപ്പെട്ടിട്ടുണ്ട്. 

 


മുപ്പത് ലക്ഷത്തിലധികം പേരുടെ പിസിആര്‍ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാക്‌സിനുകള്‍ക്ക് 'ഡെല്‍റ്റ'യെ ഫലപ്രദമായ തടയാനാകില്ലെന്ന് യുകെ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വാക്‌സിനേഷനിലൂടെ ആകെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊവിഡിനെതിരെ പ്രതിരോധശക്തി ആര്‍ജ്ജിച്ചെടുക്കാമെന്ന വാദത്തിലും പഠനം സംശയം പുലര്‍ത്തുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ രോഗത്തിനെതിരായി പ്രവര്‍ത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്ന കണ്ടെത്തലാണ് ഇതിന് ആധാരം.

Also Read:- കൊവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

click me!