വ്യായാമത്തിന് ഏറ്റവും മികച്ച സമയം രാവിലെയോ വെെകിട്ടോ; പഠനം പറയുന്നത്...

By Web TeamFirst Published Jul 6, 2019, 10:31 AM IST
Highlights

നിങ്ങൾ സ്ഥിരമായി വ്യായാമം ചെയ്യുന്നവരാണോ. ഏത് സമയത്താണ് വ്യായാമം ചെയ്യാറുള്ളത്. രാവിലെയോ വെെകിട്ടോ. ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിന് ഏറ്റവും മികച്ച സമയം ഏതാണെന്ന് അറിയേണ്ടേ. 
 

ക്യത്യമായുള്ള ഡയറ്റും ശരിയായ വ്യായാമവും ഉണ്ടെങ്കിൽ ശരീരഭാരം വളരെ എളുപ്പം കുറയ്ക്കാനാകും. അനാവശ്യമായ കലോറി എരിച്ചുകളയാൻ വ്യായാമം സഹായിക്കുന്നു. വ്യായാമം വെറുതെ ചെയ്തിട്ടു കാര്യമില്ല. ശരിയായ രീതിയിലും ശരിയായ സമയത്തും ചെയ്താൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളുവെന്നാണ് ജേണൽ ഓഫ് ഒബിസിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിന്റെ സമയത്തിനും വലിയൊരു പങ്കുണ്ടെന്ന് പഠനത്തിൽ പറയുന്നു. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന 375 യുവാക്കളിൽ പഠനം നടത്തുകയായിരുന്നു. രണ്ട് ​ഗ്രൂപ്പുകളായി വേർതിരിച്ചാണ് പഠനം നടത്തിയത്. കുറച്ച് പേർ അതിരാവിലെയും മറ്റ് ചിലർ വെെകുന്നേരത്തേക്കുമാണ് വ്യായാമം ചെയ്യാനായി നിർദേശിച്ചത്. 

അതിരാവിലെ വ്യായാമം ചെയ്തവരിൽ വളരെ പെട്ടെന്ന് കലോറി കുറയുന്നതായി മനസിലാക്കാൻ സാധിച്ചുവെന്ന് ​ഗവേഷകർ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച സമയം അതിരാവിലെയാണെന്ന് പഠനത്തിൽ പറയുന്നു. തടി കുറയ്ക്കാൻ ക്ഷമ വളരെ അത്യാവശ്യമാണെന്നും വ്യായാമം ചെയ്യുമ്പോൾ ചില ചട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഗവേഷകർ‌ പറയുന്നു. 

ശരിയായി വ്യായാമം ചെയ്താൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് എളുപ്പം കുറയ്ക്കാനാകുമെന്ന് ​ഗവേഷകർ കൂട്ടിചേർത്തു. അതിരാവിലെ വ്യായാമം ചെയ്യുന്നത് ഭാരം കുറയ്ക്കുക മാത്രമല്ല ഉന്മേഷത്തിനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. തടി കുറയ്ക്കാൻ സഹായിക്കുന്ന 4 വ്യായാമങ്ങൾ താഴേ ചേർക്കുന്നു...

സ്ക്വാറ്റ്...

 ദിവസവും 15 തവണ സ്ക്വാറ്റ് ചെയ്യാൻ ശ്രമിക്കുക.  മസിലുകൾക്ക് ഇത് നല്ലൊരു വ്യായാമമാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റുക മാത്രമല്ല കാൽ കെെമുട്ട് വേദന എന്നിവ മാറാനും ഏറ്റവും നല്ല വ്യായാമമാണ് ഇത്. ​രാവിലെ ഒരു മണിക്കൂറെങ്കിലും സ്ക്വാറ്റ് ചെയ്യാവുന്നതാണ്.

എയറോബിക്‌സ്...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വ്യായാമാണ് എയറോബിക്സ്. എയറോബിക്സ് വ്യായാമം പ്രായമായവരിലെ അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍. എയറോബിക്‌സിന് ഒരു വ്യക്തിയുടെ ബുദ്ധിപരമായ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനാകും. അതിനാല്‍ തന്നെ മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് മൂന്നു മടങ്ങ് ഫലപ്രദമാണിത്. 

ബർപ്പീസ്...

 തടി കുറയ്ക്കാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും നടുവേദന പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഏറ്റവും നല്ല വ്യായാമമാണ് ബർപ്പീസ്. കാൽമുട്ടുകൾ മടക്കാതെ കെെകൾ താഴേക്ക് വച്ച് അപ്പ് ആന്റ് ഡൗൺ എന്ന രീതിയിൽ മുകളിലോട്ടും താഴോട്ടും ചാടുക. ദിവസവും 10 മിനിറ്റെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക. 

പുഷ് അപ്പ്...

 ശരീരത്തിലെ കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ല വ്യയാമമാണ് പുഷ് അപ്പ്. ആർത്തവസമയങ്ങളിൽ പുഷ്അപ്പ് ചെയ്യാതിരിക്കുക. കാരണം ഈ വ്യായാമം ചെയ്തു കഴിഞ്ഞാൽ അമിതരക്തസ്രവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 20 പുഷ്അപ്പുകൾ ദിവസവും ചെയ്യാൻ ശ്രമിക്കുക.

click me!