
തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ ഉൾപ്പെടെയുള്ള ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ മുന്നൊരുക്കം കൂടിയേ തീരൂ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗാണുബാധയാണ് പേവിഷബാധ. പേവിഷബാധയെ പറ്റിയുള്ള അശ്രദ്ധയും അവഗണനയും ഒരു പക്ഷേ അറിവില്ലായ്മയും ജീവഹാനിക്കിടയാക്കുമെന്നത് മറന്ന് പോകരുത്. എത്രയെത്ര ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടന്നാലും പേവിഷബാധ മരണങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് ഗൗരവമുള്ള വസ്തുതയാണ്.
ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആർ.എൻ.എ. വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്.
കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുക എന്നതാണ്. 15 മിനിറ്റോളം മുറിവ് കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. ആന്റി ബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. കുളി സോപ്പ് ആണെങ്കിലും മതി. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാൻ സഹായിക്കും. രക്തം ഒലിയ്ക്കുന്നുണ്ടെങ്കിൽ മുറിവിന് മുകളിൽ ഒരു തുണി കെട്ടി വയ്ക്കുക. മുറിവിന് മുകളിൽ കെട്ടേണ്ടതില്ല.
പേവിഷബാധയെ തടുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വാക‍്സിനേഷൻ. നായ തൊലിപ്പുറത്ത് മാന്തുക, രക്തസ്രാവം വരാത്ത തരത്തിൽ കടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധമായും വൈദ്യസഹായം തേടണം. വാക്സിനേഷൻ എടുക്കണം.
നായ കടിച്ചാൽ വാക്‌സിനെടുക്കുക. ഇമ്യൂണോഗ്ലോബിൻ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. വളർത്തു നായ്ക്കളെങ്കിൽപ്പോലും ചെറിയ കടിയാണെങ്കിലും അവഗണിക്കരുത്. എത്രയും പെട്ടെന്ന് വെെദ്യ സഹായം തേടുക. വീട്ടിലെ നായ്ക്കൾക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തേണ്ടതും പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്.
പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം.
കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.
എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക.
മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
കൃത്യമായ ഇടവേളയിൽ വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണം.
കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിൻ എടുക്കണം.
വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക.
വീടുകളിൽ വളർത്തുന്ന നായകൾക്ക് വാക്‌സിനേഷൻ ഉറപ്പ് വരുത്തുക.
മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയരുത്.
പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാൽ അവഗണിക്കരുത്.
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam