തൃക്കാക്കരയിലെ കുട്ടിക്ക് സംഭവിച്ചത് 'ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം' എന്ന് ഡോക്ടർമാർ, എന്താണത്?

Published : Mar 02, 2022, 01:08 PM IST
തൃക്കാക്കരയിലെ കുട്ടിക്ക് സംഭവിച്ചത് 'ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം' എന്ന് ഡോക്ടർമാർ, എന്താണത്?

Synopsis

 child in Thrikkakara എറണാകുളം തൃക്കാക്കരയിൽ ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. എന്നാൽ തലച്ചോറിനേറ്റ ക്ഷതം കാരണം സംസാരശേഷി ഇനിയും തിരിച്ച് കിട്ടിയില്ല. ഇതെങ്ങനെ സംഭവിച്ചു ആരാണ് ഉത്തരവാദിയെന്ന് കൃത്യമായൊരു മറുപടി ഇത് വരെയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ പറഞ്ഞ കാരണം പ്രസക്തമാകുന്നത്.

കൊച്ചി: എറണാകുളം (Ernakulam) തൃക്കാക്കരയിൽ (Thrikkakkara) ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ (Two year old girl) ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. എന്നാൽ തലച്ചോറിനേറ്റ ക്ഷതം കാരണം സംസാരശേഷി ഇനിയും തിരിച്ച് കിട്ടിയില്ല. ഇതെങ്ങനെ സംഭവിച്ചു ആരാണ് ഉത്തരവാദിയെന്ന് കൃത്യമായൊരു മറുപടി ഇത് വരെയും പൊലീസിനില്ല (Police). ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ പറഞ്ഞ കാരണം പ്രസക്തമാകുന്നത്.

എറണാകുളം തൃക്കാക്കരയിലെ രണ്ടരവയസ്സുകാരിയുടെ ഗുരുതര പരിക്കിന് മെഡിക്കൽ സംഘം പറഞ്ഞ കാരണമാണ് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം( BATTERED OR SHAKEN BABY SYNDROME). കുഞ്ഞ് സ്വയം വരുത്തിയ പരിക്കെന്ന വാദം പൂർണ്ണമായും തള്ളിയാണ് ഡോക്ടർമാർ ഇങ്ങനെ ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.കേസിൽ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ നമ്മുടെ നാട്ടിൽ അധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ ഈ ശാരീരികാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

പല വിധ സമ്മർദ്ദത്തിന് അടിമയാണ് രക്ഷിതാവെങ്കിൽ കുഞ്ഞിന്‍റെ കൊഞ്ചലുകളോ, കുസൃതിയോ, പിടിവാശികളോ വരെ അവരെ പെട്ടെന്ന് ക്ഷുഭിതരാക്കും. അങ്ങനെ കൈവിട്ട അവസ്ഥയിൽ കുട്ടിയെ ബലമായി പിടിച്ച് കുലുക്കിയാൽ പിഞ്ചുശരീരത്തിൽ അതുണ്ടാക്കുന്ന ആഘാതമാണ് BATTERED OR SHAKEN BABY SYNDROME. അധികനേരം ഒന്നും വേണ്ട കുറഞ്ഞത് അഞ്ച് സെക്കന്‍റ് സമയം മതി. കുട്ടികളുടെ കഴുത്തിലെ പേശികൾക്ക് വലിയ ബലമില്ല. കുട്ടിയെ കുലുക്കിയാൽ തലയോട്ടിക്കുള്ളിൽ തലച്ചോർ അങ്ങോട്ടുമിങ്ങോട്ടും ഇളകും. തുടർച്ചയായ സമ്മർദ്ദത്തിൽ തലച്ചോറിന് ആവശ്യത്തിന് ഓക്സിജനും കിട്ടില്ല. അങ്ങനെ കുഞ്ഞിന്‍റെ തലച്ചോറിലെ കോശങ്ങൾ നശിക്കും.നട്ടെല്ലിനും രക്തസ്രാവമുണ്ടാകും.

വാരിയെല്ലിന് വരെ ഗുരുതര പരിക്കേൽക്കും. കണ്ണിന്‍റെ ചുറ്റിലും രക്തസ്രാവമുണ്ടാകും. രണ്ട് വയസ്സ് വരെ ഉള്ള കുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായും കണ്ട് വരുന്നത്. എങ്കിലും അഞ്ച് വയസ്സ് വരെ ഇതിനുള്ള സാധ്യത ഉണ്ട്. ഈ പ്രശ്നത്തിലൂടെ കടന്ന് പോകുന്ന കുട്ടികളിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ ഇതൊക്കെയാണ്. അസ്വസ്ഥമായ പെരുമാറ്റം, ചിലരിൽ ഉണർന്നിരിക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസ്സം, ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, നീല നിറത്തിലായ തൊലി,അപസ്മാര ലക്ഷണങ്ങൾ അങ്ങനെ. മിക്ക കേസുകളിലും പുറത്തേക്ക് പ്രകടമായ പരിക്കുകൾ കുറവായിരിക്കും. മാത്രമല്ല ഒരൊറ്റ ദിവസത്തെ മർദ്ദനമാകില്ല കുട്ടിയെ കടുത്ത രോഗാവസ്ഥയിലേക്ക് തള്ളിവിടുന്നതും. 

ആദ്യം ചെറിയ രീതിയിലുള്ള മർദ്ദനങ്ങൾ, പക്ഷേ അതിന്‍റെ മുറിവ് ഉണങ്ങും മുൻപെ അടുത്തത് എത്തും.അങ്ങനെ അങ്ങനെ കുഞ്ഞിന്‍റെ ശരീരമാസകലം ഗുരുതരമായി പരിക്കേൽക്കും. തലച്ചോറിനേറ്റ പരിക്കിന്‍റെ ആഘാതം അനുസരിച്ച് പഠന വൈകല്യങ്ങൾ സ്വഭാവ വൈകല്യങ്ങൾ കേൾവിയിലും സംസാരത്തിലുമുള്ള പ്രശ്നങ്ങൾ തുടങ്ങി തിരിച്ച് വരവിന് സാധ്യമല്ലാത്ത രീതിയിൽ പലതരത്തിലുള്ള ശാരീരിക മാനസിക വൈകല്യങ്ങൾ സംഭവിക്കാം. മരണത്തിന് വരെ കാരണമാകാം. വിദേശരാജ്യങ്ങളിൽ നിരവധി കേസുകളാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നതും.കുട്ടിയുടെ സംരക്ഷണ അവകാശമുള്ളവർ തന്നെയാണ് പ്രതികളാകുന്നത്. 

രണ്ടാനച്ഛനോ രണ്ടാനമ്മയോ ആകും മിക്കതിലും കുറ്റക്കാർ.സ്ത്രീകളേക്കാലും പുരുഷന്മാരാണ് കൂടുതലായും ഇങ്ങനെ ചെയ്യുന്നതെന്നും കണക്കുകൾ പറയുന്നു. മാനസികസമ്മർദ്ദം,ദേഷ്യം, ഭർത്താവിൽ നിന്ന് ഗാർഹിക പീഡനം ഏൽക്കുന്ന സ്ത്രീകൾ,മദ്യപാനം, അസ്ഥിരമായ കുടുംബപശ്ചാത്തലം,സാന്പത്തിക ബുദ്ധിമുട്ടുകൾ,നിരാശ,ചെറുപ്പത്തിലെ സമാനമായ രീതിയിൽ മാതാപിതാക്കളിൽ നിന്ന് പീഡനം നേരിട്ടവർ, പങ്കാളി ഇല്ലാതെ മക്കളെ ഒറ്റയ്ക്ക് നോക്കുന്നവർ. 

ഇതൊന്നും കുഞ്ഞിനെ നോവിക്കാൻ ഒരു കാരണവുമല്ല. മാതാപിതാക്കളായ ശേഷം കുട്ടികളെ നോക്കുന്നതിൽ വലിയ സമ്മർദ്ദം നേരിടുന്നെങ്കിൽ കൗൺസിലിംഗിന് വിധേയമാകാനുള്ള വിവേകമുണ്ടാവുകയാണ് പോംവഴി. തൃക്കാക്കരയിലെ കുട്ടിയ്ക്ക് സ്വന്തം കുടുംബ അംഗങ്ങളിൽ ആരിൽ നിന്നെങ്കിലും സമാനമായ അനുഭവം ഉണ്ടായോ എന്നാണ് പൊലീസും ഡോക്ടർമാരും ഇനി പരിശോധിക്കുക.

PREV
Read more Articles on
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍