എന്താണ് മുഖ്യമന്ത്രി എല്ലാ പ്രസ് മീറ്റിലും പറയുന്ന ഈ 'സെന്റിനെൽ സർവൈലൻസ്' ?

By Web TeamFirst Published May 14, 2020, 7:07 PM IST
Highlights

രോഗത്തിന്റെ സാമൂഹിക വ്യാപനം തിരിച്ചറിയാൻ വേണ്ടിയാണ് ഇന്ത്യയിൽ സെന്റിനെൽ സർവൈലൻസ് സങ്കേതം പ്രയോജനപ്പെടുത്തുന്നത്

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ പ്രസ്മീറ്റിലും ഇങ്ങനെയൊരു കാര്യം പറയുന്നത് എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ, "  സെന്റിനെൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽ പെട്ട ഇത്ര സാമ്പിളുകൾ ശേഖരിച്ചതിൽ എത്രയെണ്ണം നെഗറ്റിവ് ആയിട്ടുണ്ട്" എന്ന്.  എന്താണ് ഈ സെന്റിനെൽ സർവൈലൻസ് ? എന്താണ് ഈ സാമ്പിളുകൾ മുൻഗണനാ വിഭാഗത്തിൽ പെടുത്തുന്നു എന്ന് പറയുന്നതിന്റെ അർഥം?

സെന്റിനെൽ എന്ന ഇംഗ്ലീഷ് വാക്കിന്റെയർത്ഥം ദിക്പാലകൻ എന്നാണ്. വൈദ്യശാസ്ത്രത്തിൽ, വിശിഷ്യാ പകർച്ചവ്യാധികളെപ്പറ്റിയുള്ള പഠനങ്ങളിൽ സർവൈലൻസ് അഥവാ നിരീക്ഷണം എന്ന വാക്കുമായി ചേർന്നുകൊണ്ട് ഈ വാക്ക് പ്രയോഗിക്കപ്പെടുമ്പോൾ അതിന് ഒരു സവിശേഷാർത്ഥം കൈവരുന്നുണ്ട്. ഇത് ഒരു പ്രത്യേക തരത്തിലുള്ള വിവരശേഖരണ മാർഗമാണ്. ഏതെങ്കിലും ഒരു രോഗത്തെപ്പറ്റി ഉയർന്ന നിലവാരത്തിലുള്ള ഡാറ്റ ആവശ്യമെന്ന് ആരോഗ്യവകുപ്പിന് തോന്നുന്ന സമയത്താണ് ഇങ്ങനെ ഒരു 'സെന്റിനെൽ സർവൈലൻസ്' നടത്തപ്പെടുന്നത്. ഈ പരിപാടിയുടെയും അടിസ്ഥാന പ്രക്രിയ പരിശോധനയിലൂടെയുള്ള രോഗവിവരശേഖരണം തന്നെയാണ്. എന്നാൽ, അതിന് രാജ്യത്തിന്റെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ നിലവിലെ സംവിധാനങ്ങളെ ആശ്രയിക്കുന്നില്ല എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 

കൊവിഡിന്റെ കാര്യം എടുത്ത് വിശദീകരിച്ചാൽ കൊവിഡ് രോഗബാധ ഉണ്ടാകാൻ വളരെ കൂടിയ സാധ്യതയുള്ള പ്രദേശങ്ങൾ തെരഞ്ഞെടുത്ത്, അവിടേക്ക് ഏറ്റവും മികച്ച നിലവാരത്തിലുള്ള ലബോറട്ടറികളെയും, ഉന്നത നിലവാരത്തിലുള്ള പരിചയസമ്പന്നരായ ടെസ്റ്റിംഗ് സ്റ്റാഫിനെയും നിയോഗിച്ച് രോഗത്തിന്റെ സാന്നിധ്യം രോഗികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റ് ചെയ്യുകയാണ് സെന്റിനെൽ സർവൈലൻസ് എന്ന പ്രക്രിയയിലൂടെ ചെയ്യുന്നത്.

ഈ സംവിധാനം വളരെ ചുരുങ്ങിയ എണ്ണം, തെരഞ്ഞെടുത്ത റിപ്പോർട്ടിങ് സൈറ്റുകളിലൂടെ ഉന്നത നിലവാരത്തിലുള്ള ഡാറ്റ മാത്രം ശേഖരിക്കുന്നു. അതാതു പ്രദേശങ്ങളിലെ ഏറ്റവും മികച്ച ലാബുകളെ, ആശുപത്രികളെ, ലാബ് ടെക്‌നീഷ്യന്മാരെ ഉപയോഗിച്ചുകൊണ്ട് പ്രതിനിധ്യസ്വഭാവമുള്ള റാൻഡം സാമ്പിളുകൾ പരിശോധിച്ച് വളരെ കൃത്യതയുള്ള പരിശോധനാഫലങ്ങൾ നേടി, വളരെ വിശ്വാസ്യമായ പരിശോധനാഫലങ്ങളിലൂടെ കിറുകൃത്യമായി രോഗത്തിന്റെ സ്വഭാവത്തെ പഠിക്കാൻ ഈ സെന്റിനെൽ സർവൈലൻസിന് സാധിക്കും. 

ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റയ്ക്ക് ഉന്നത നിലവാരമുണ്ടാകും. അതിനെ ആശ്രയിച്ചുകൊണ്ട് പകർച്ച വ്യാധികളുടെ ട്രെൻഡുകൾ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. രോഗങ്ങളുടെ പുതിയ ക്ലസ്റ്ററുകളെ യഥാസമയം കണ്ടെത്താൻ സാധിക്കും. ഏതെങ്കിലും ഒരു പ്രദേശത്തോ, ഒരു സമൂഹത്തിന്റെ ഒക്കെയായി രോഗം അധികമായി ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാകും. 

ഒരു സ്ഥാപനത്തെ സെന്റിനെൽ ഫെസിലിറ്റി ആയി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇനി പറയുന്നവയാണ്.

സ്ഥാപനം പങ്കെടുക്കാൻ സന്നദ്ധമാകണം. സ്ഥാപനത്തിന് വലിയൊരു ജനസമൂഹത്തെ എളുപ്പത്തിൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയണം. പരിശോധനയ്ക്ക് വിധേയമായ രോഗത്തെ ടെസ്റ്റ് ചെയ്ത് കണ്ടെത്താനുള്ള ഏറ്റവും ആധുനികമായ സങ്കേതങ്ങളിൽ ഉന്നത പരിശീലനം നേടിയ സ്റ്റാഫ് സ്ഥാപനത്തിന് വേണം. അതിൽ ഉന്നത നിലവാരത്തിലുള്ള ഒരു ടെസ്റ്റിംഗ് ലബോറട്ടറി നിർബന്ധമായും ഉണ്ടായിരിക്കണം. 

കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം കേരളത്തിലെ പതിനാലു ജില്ലകളിലും സെന്റിനെൽ സർവൈലൻസ് കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു. കേരളത്തിൽ റാപിഡ് ആന്റിബോഡി ടെസ്റ്റ് വഴിയാണ് സെന്റിനെൽ സർവൈലൻസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത, സമൂഹത്തിൽ കൂടുതലായി ഇടപഴകുന്ന നഴ്‌സുമാർ, പോലീസുകാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിങ്ങനെയുള്ള കൂടിയ സാധ്യതയുള്ള കൂട്ടരിലാണ് ടെസ്റ്റിങ് കൂടുതലായി നടത്തുന്നത്. കൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ, രോഗത്തിന്റെ സാമൂഹിക വ്യാപനം തിരിച്ചറിയാൻ വേണ്ടിയാണ് ഇന്ത്യയിൽ സെന്റിനെൽ സർവൈലൻസ് സങ്കേതം പ്രയോജനപ്പെടുത്തുന്നത്. രാജ്യത്ത് സെന്റിനെൽ സർവൈലൻസ് സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി ആദ്യ സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. 

click me!