
പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച മലേറിയ വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. നാല് രാജ്യങ്ങളിൽ ക്ലിനിക്കൽ ട്രയൽ നടത്തിയ ഈ വാക്സീൻ നല്ല സുരക്ഷയും ഉയർന്ന ഫലപ്രാപ്തിയും നൽകുന്നതായി കണ്ടെത്തി.
കുട്ടികളിൽ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സീനാണ് ഇതെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നാണ് R21/Matrix-M മലേറിയ വാക്‌സിൻ വികസിപ്പിച്ചത്.
നൊവവാക്‌സിന്റെ അഡ്ജുവന്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയായിരുന്നു വാക്‌സീൻ നിർമാണം. പ്രതിവർഷം 10 കോടി ഡോസ് മലേറിയ വാക്‌സീൻ നിർമിക്കാനുള്ള ശേഷി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഉണ്ട്. അടുത്ത രണ്ടു വർഷം കൊണ്ട് ഇത് ഇരട്ടിയാക്കുമെന്ന് കമ്പനി അറിയിച്ചു.
'വളരെക്കാലമായി മലേറിയ ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്...' - സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവല്ല പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിനാൽ R21/Matrix-M വാക്സിൻ ഡോസുകൾ അടുത്ത വർഷം തന്നെ വിപുലമായ റോൾ ഔട്ട് ആരംഭിക്കാൻ തയ്യാറാകുമെന്ന് അഡാർ പൂനവല്ല പറഞ്ഞു. നിലവിൽ, ഘാന, നൈജീരിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ വാക്സിൻ ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകിയിട്ടുണ്ട്.
വായിലെ അർബുദം ; ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്