Latest Videos

ഉസ്ബെക്കിസ്ഥാനില്‍ കുട്ടികളുടെ മരണം; ഈ രണ്ട് ഇന്ത്യൻ നിർമ്മിത മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന

By Web TeamFirst Published Jan 12, 2023, 7:43 AM IST
Highlights

നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന രണ്ട് മരുന്നുകള്‍ ഉസ്ബെക്കിസ്ഥാനിലെ കുട്ടികള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോ​ഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്. 
 

ഇന്ത്യന്‍ നിർമ്മിത മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചതിന്ന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായി ലോകാരോ​ഗ്യസംഘടന. നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന രണ്ട് മരുന്നുകള്‍ ഉസ്ബെക്കിസ്ഥാനിലെ കുട്ടികള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോ​ഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്. 

നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന 'ഡോക്-1-മാക്സ്' (DOK-1 Max), അബ്റോണോള്‍ (AMBRONOL) എന്നീ രണ്ട് മരുന്നുകളാണ് ഉപയോഗിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാംപിളുകള്‍ പരിശോധിച്ചതിന് പിന്നാലെ ഗുണനിലവാരം ഇല്ല എന്ന കണ്ടെത്തലിന്‍റെ പേരിലാണ് ലോകാരോ​ഗ്യസംഘടന ഇത്തരമൊരു ശുപാര്‍ശ നടത്തിയത്. ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന  രാസവസ്തുവിന്‍റെ സാന്നിധ്യം കഫ് സിറപ്പുകളിലുണ്ടായിരുന്നുവെന്നാണ് ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കണ്ടെത്തല്‍. 

ഇന്ത്യയില്‍ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 70 കുട്ടികള്‍ മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ ഈ വെളിപ്പെടുത്തല്‍. ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പാദിപ്പിച്ച കഫ് സിറപ്പ് കഴിച്ച കുട്ടികളാണ് ഗാംബിയയില്‍ മരിച്ചതെന്നായിരുന്നു ആരോപണം. കഫ് സിറപ്പില്‍ അപകടകരമായ  ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ  ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയെന്നായിരുന്നു പ്രധാന ആരോപണം.  കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയിരുന്നു. നാല് മരുന്നുകളാണ് അപകടകാരികളായതെന്നാണ് കണ്ടെത്തല്‍. പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പൂട്ടിയിരുന്നു.

എന്നാല്‍, ഇന്ത്യയില്‍ സര്‍ക്കാര്‍ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ അപകടകരമായ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് മരുന്നിന് ഗുണനിലവാരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ലോകാരോഗ്യ സംഘടനയ്ക്ക് കത്ത് വരെ നല്‍കുകയുണ്ടായി. 

Also Read: കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ യാത്രികർ മാസ്ക് ധരിക്കണമെന്ന് ലോകാരോ​ഗ്യസംഘടന

click me!