
ശൈത്യകാലത്ത് നിങ്ങൾക്ക് അസുഖം വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ശൈത്യകാലത്ത്, പലരും ജലദോഷം, ചുമ, തൊണ്ടവേദന, പനി, താപനില കുറയുന്നത് മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയെക്കുറിച്ച് പരാതിപ്പെടുന്നു. ശൈത്യകാലത്ത് താപനില, ഈർപ്പം, ജീവിതശൈലി എന്നിവയിൽ നിരവധി മാറ്റങ്ങൾ വരുന്നു, ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കും, ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
ശീതകാലം ശ്വസനവ്യവസ്ഥയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. ഇതിനൊപ്പം കാലാനുസൃതമായ അണുബാധകളും വായുവിന്റെ ഗുണനിലവാരത്തിലുള്ള കുറവും കൂടി ചേരുമ്പോൾ, പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകാം. ഇത് ശ്വസന സംബന്ധമായ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നത് ദുഷ്കരമാക്കുകയും, രോഗമുക്തി നേടാൻ കൂടുതൽ സമയം എടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വൈശാലിയിലെ (ഗാസിയാബാദ്) മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ തൊറാസിക് സർജറി വിഭാഗം ഡയറക്ടർ ഡോ. രവീന്ദ്ര കുമാർ ദിവാൻ പറയുന്നു.
തണുത്തതും വരണ്ടതുമായ വായു സെൻസിറ്റീവ് ആയ വായുമാർഗങ്ങളെ പ്രകോപിപ്പിക്കുകയും ബ്രോങ്കോകോൺസ്ട്രിക്ഷന് കാരണമാവുകയും ചെയ്യും. അതേസമയം സൂക്ഷ്മ കണികകൾ (PM2.5) ശ്വാസകോശത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും ചെയ്യും. ഇത് വീക്കം ഉണ്ടാക്കുകയും ശരീരത്തിന്റെ സ്വാഭാവിക ശ്വസന പ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും.
മലിനീകരണം നേരിട്ട് വൈറസ് ബാധകൾക്ക് കാരണമാകുന്നില്ലെങ്കിലും ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും അവയുടെ തീവ്രത കൂട്ടുകയും ചെയ്തേക്കാമെന്ന് വിദഗ്ധർ പറയുന്നു. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD), ബ്രോങ്കിയക്റ്റാസിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ മുൻകാല രോഗാവസ്ഥകളുള്ളവർ എന്നിവർക്ക് രോഗസാധ്യത കൂടുതലാണ്. കുട്ടികൾ, പ്രായമായവർ, ഹൃദ്രോഗമുള്ളവർ എന്നിവരും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്നു.
ആരോഗ്യവാന്മാരായ വ്യക്തികളിൽ പോലും അണുബാധയ്ക്ക് ശേഷം വിട്ടുമാറാത്ത ചുമ അനുഭവപ്പെടാം. ശ്വാസനാളികളിലുണ്ടാകുന്ന നീർക്കെട്ട് , ശ്വാസനാളികളുടെ അമിത പ്രതികരണശേഷി എന്നിവ അവശേഷിക്കുന്നതാണ് ഇതിന് കാരണം. മലിനീകരണം മൂലമുണ്ടാകുന്ന അസ്വസ്ഥതയും അണുബാധയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് ചിലപ്പോൾ പ്രയാസകരമായേക്കാം. പ്രത്യേകിച്ചും ഇവ രണ്ടും ഒരേസമയം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ.
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന അണുബാധകൾക്ക് പതിവായി ആന്റിബയോട്ടിക് ഉപയോഗിക്കരുത്. കാരണം, സങ്കീർണതകളില്ലാത്ത മിക്ക തീവ്ര ശ്വസന അണുബാധകളും വൈറസ് മൂലമുണ്ടാകുന്നവയാണ്, അവയ്ക്ക് ആന്റിബയോട്ടിക് ചികിത്സ ആവശ്യമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam