
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ പ്രത്യുത്പാദന വ്യവസ്ഥയാണുള്ളതെന്ന് നമുക്കറിയാം. അതിന് അനുസരിച്ച് ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളും പുരുഷന്മാരും തമ്മിലുണ്ട്. ഇവയില്‍ എന്തെങ്കിലും കുറവോ കൂടുതലോ സംഭവിച്ചാല്‍ അത് സ്വാഭാവികമായും ആരോഗ്യത്തിന് പ്രശ്നമായി വരാം.
ഇത്തരത്തില്‍ 'പുരുഷന്മാരുടെ ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന, പുരുഷ ലൈംഗിക ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ ആവശ്യത്തിന് ഇല്ലാതെ വന്നാല്‍ അത് ആരോഗ്യത്തെ പല രീതിയില്‍ ബാധിക്കാം. ലൈംഗിക ജീവിതത്തെ മാത്രമല്ല ഇത് ബാധിക്കുന്നത്. എല്ലുകളുടെ ആരോഗ്യം, മാനസികാരോഗ്യം, പേശികളുടെ ആരോഗ്യം, ചുവന്ന രക്താണുക്കളുടെ ഉത്പാദനം എന്നിങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല മേഖലകളെയും ബാധിക്കാം.
അതിനാല്‍ തന്നെ ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്ന സാഹചര്യത്തെ ഗൗരവമായി കണ്ടേ പറ്റൂ. എന്നാല്‍ എന്തുകൊണ്ടാണ് ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നത്? പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നതിന്‍റെ നാല് പ്രധാനപ്പെട്ട കാരണങ്ങളാണ് പങ്കുവയ്ക്കുന്നത്...
ഒന്ന്...
ഭക്ഷണകാര്യങ്ങളുമായി ബന്ധപ്പെട്ട പോരായ്മകള്‍ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്ന അവസ്ഥയിലേക്ക് നയിക്കാം. ' ഹൈലി പ്രോസസ്ഡ് ഫുഡ്സ്' എന്ന വിഭാഗത്തില്‍ വരുന്ന ഭക്ഷണസാധനങ്ങള്‍, അമിതമായ മധുരം (അത് പലഹാരങ്ങളോ മറ്റ് വിഭവങ്ങളോ പാനീയങ്ങളോ എല്ലാമാകാം), ബേക്ക്ഡ് ഫുഡ്സ്, സോയ്, ഫ്ളാക്സ് സീഡ്സ്, പുതിന എന്നിങ്ങനെ പലതുമാകാം. മദ്യവും ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കുറയ്ക്കാം.
രണ്ട്...
അമിതവണ്ണവും പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കുറയ്ക്കുന്നതിലേക്ക് നയിക്കാറുണ്ട്. അതിനാല്‍ പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ശരീരഭാരം കൊണ്ടുപോകാൻ പരമാവധി ശ്രമിക്കണം.
മൂന്ന്...
ഉറക്കപ്രശ്നങ്ങളും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നതിലേക്ക് നയിക്കാറുണ്ട്. അതിനാല്‍ ഉറക്കക്കുറവ് പതിവാണെങ്കില്‍ ഇതിന്‍റെ കാരണം കണ്ടെത്തി ഇത് പരിഹരിക്കേണ്ടതും അത്യാവശ്യമാണ്.
നാല്...
ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിച്ച് മുന്നോട്ടുപോയില്ലെങ്കില്‍ ഇതുമൂലവും ടെസ്റ്റോസ്റ്റിറോണ്‍ കുറവ് വരാം. പ്രമേഹം (ഷുഗര്‍), ബിപി (രക്തസമ്മര്‍ദ്ദം) , കൊളസ്ട്രോള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നിയന്ത്രിച്ചേ മതിയാകൂ.
ലക്ഷണങ്ങള്‍...
ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നതിന്‍റെ ഭാഗമായി ശരീരം പല പ്രശ്നങ്ങളും നേരിടാം. അതിനാല്‍ തന്നെ ഇതിന് ലക്ഷണങ്ങളും പ്രകടമാകാം. ആദ്യമേ സൂചിപ്പിച്ചത് പോലെ ലൈംഗികജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ (താല്‍പര്യക്കുറവ് - ഉദ്ധാരണപ്രശ്നം എല്ലാം) ഒരു പ്രധാന ലക്ഷണമാണ്.
ഇതിന് പുറമെ എല്ലുകളും പേശികളും ദുര്‍ബലമാകുന്ന അവസ്ഥ- ഇതുമൂലം ശരീരവേദന, ഉന്മേഷക്കുറവ്, തളര്‍ച്ച, ഡിപ്രഷൻ, ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാം.
Also Read:- ഹാര്‍ട്ട് അറ്റാക്ക് പോലെ തലച്ചോറിനെയും ബാധിക്കുന്ന 'അറ്റാക്ക്'; അറിയാം ഇതെക്കുറിച്ച്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-