വിട്ടുമാറാത്ത ചുമയും ജലദോഷവും കൂടുന്നു; ആശങ്കപ്പെടേണ്ടതുണ്ടോ?

By Web TeamFirst Published Jan 22, 2023, 7:45 PM IST
Highlights

കൊവിഡ് 19 പടരാൻ തുടങ്ങിയപ്പോള്‍ തന്നെ മിക്കയിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ ആളുകള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാതായി. ആളുകള്‍ പരസ്പരം കാണുകയും ഇടപഴകുകയും ചെയ്യുന്നതിന്‍റെ തോത് കുറഞ്ഞതോടെ ആളുകളില്‍ രോഗ പ്രതിരോധ ശേഷിയിലും ഗണ്യമായ കുറവ് സംഭവിച്ചു.

കൊവിഡ് 19ന്‍റെ വരവോടുകൂടി ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ പേര്‍ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് ഭീഷണിക്ക് പുറമെ വിട്ടുമാറാത്ത ചുമയും ജലദോഷവുമെല്ലാം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ആഗോളതലത്തില്‍ തന്നെ ആരോഗ്യമേഖലയില്‍ ഇങ്ങനെയൊരു പ്രവണത കണ്ടുവരുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഈ ഘട്ടത്തില്‍ ഏവരിലും ഉയരാം. ഇതിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും കൊവിഡ് 19നെ തന്നെയാണ്.

അതായത് കൊവിഡ് 19 പടരാൻ തുടങ്ങിയപ്പോള്‍ തന്നെ മിക്കയിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ ആളുകള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാതായി. ആളുകള്‍ പരസ്പരം കാണുകയും ഇടപഴകുകയും ചെയ്യുന്നതിന്‍റെ തോത് കുറഞ്ഞതോടെ ആളുകളില്‍ രോഗ പ്രതിരോധ ശേഷിയിലും ഗണ്യമായ കുറവ് സംഭവിച്ചു.

പ്രതിരോധ ശേഷി ദുര്‍ബലമായതോടെ അണുബാധകള്‍ തുടര്‍ച്ചയായി വരികയാണ്. എന്നുവച്ചാല്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നുവെന്ന് നാം വിശ്വസിക്കുന്ന ചുമയോ ജലദോഷമോ പോലുള്ള പ്രശ്നങ്ങള്‍ സത്യത്തില്‍ ഒന്നിന് പിറകെ മറ്റൊന്ന് എന്ന തരത്തില്‍ പിടിപെടുന്നതാകാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

'ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന അണുബാധ ഒറ്റൊന്നായാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. എന്നാലിത് ഒന്നിന് ശേഷം മറ്റൊന്ന് എന്ന രീതിയില്‍ വരുന്നതാണ്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ഒരു അണുബാധയുണ്ടായി കഴിഞ്ഞാല്‍ അതില്‍ നിന്ന് പ്രതിരോധശക്തിയാര്‍ജ്ജിച്ച് അടുത്തതിനെ തടഞ്ഞുനിര്‍ത്താനും ഇപ്പോള്‍ സാധിക്കുന്നില്ല. അതായത് ആളുകളില്‍ പൊതുവെ രോഗപ്രതിരോധ ശേഷി വളരെയധികം ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നുവെന്ന് സാരം...'- യുകെയില്‍ നിന്നുള്ള ആരോഗ്യവിദഗ്ധയും യുകെയിലെ 'റോയല്‍ കോളേജ് ഓഫ് ജിപിസ് റിസര്‍ച്ച് ആന്‍റ് സര്‍വെയ്ലൻസ് സെന്‍റര്‍' ചെയര്‍പേഴ്സണുമായ പ്രൊഫസര്‍ കാമില ഹോതോണ്‍ പറയുന്നു. 

ചെയ്യാവുന്നത്...

ആകെ ആരോഗ്യം മെച്ചപ്പെടുത്തുകയും അതുവഴി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതോടെ തന്നെ വലിയൊരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

പൊതുവിടങ്ങളിലും സ്വകാര്യയിടങ്ങളിലും ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, സാനിറ്റൈസര്‍ ഉപയോഗം പതിവാക്കുക, തണുപ്പുകാലത്ത് ശരീരത്തില്‍ ചൂട് നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ നോക്കുക, ചുമയോ ജലദോഷമോ കൂട്ടാൻ ഇടയാക്കുന്ന തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുക. 

എന്തായാലും ദീര്‍ഘകാലത്തേക്ക് ചുമയോ ജലദോഷമോ തുടരുമ്പോള്‍ ഡോക്ടറെ കാണാൻ മടി കാണിക്കാതിരിക്കുക. പ്രത്യേകിച്ച് കഫത്തില്‍ നിറം മാറ്റം, ശ്വാസതടസം, നെഞ്ച് വേദന, ശരീരഭാരം കുറയുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടി അനുബന്ധമായി കാണുന്നുവെങ്കില്‍. കാരണം നാലാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന അണുബാധയാണെങ്കില്‍ അത് ക്യാൻസര്‍ രോഗത്തിന്‍റെ വരെ ലക്ഷണമാകാം. എന്നാല്‍ ഇതില്‍ ആശങ്കപ്പെടാതെ നിര്‍ബന്ധമായും പരിശോധന നടത്തുകയാണ് വേണ്ടത്. സീസണല്‍ അണുബാധ, ലോംഗ് കൊവിഡ്, മറ്റ് വൈറല്‍ അണുബാധകള്‍, അലര്‍ജി എന്നിങ്ങനെ പല കാരണം മൂലവും ചുമയും ജലദോഷവും നീണ്ടുനില്‍ക്കാം. 

Also Read:- അ‍ഞ്ചാം പനി കേസുകള്‍ ആശങ്ക സൃഷ്ടിക്കുന്നു!; ഭയപ്പെടേണ്ടതുണ്ടോ?

click me!