Asianet News MalayalamAsianet News Malayalam

അ‍ഞ്ചാം പനി കേസുകള്‍ ആശങ്ക സൃഷ്ടിക്കുന്നു!; ഭയപ്പെടേണ്ടതുണ്ടോ?

ഏറ്റവുമധികം അഞ്ചാം പനി കേസുകളുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനുള്ള പുറപ്പാടിലാണ് പ്രാദേശിക ഭരണനേതൃത്വം. അതായത്, ഇവിടെ വീണ്ടും രോഗബാധയുണ്ടാകാതിരിക്കാനും രോഗം പ്രദേശത്തിന് പുറത്തേക്ക് എത്താതിരിക്കാനുമായെല്ലാമാണ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നത്. ഇതോടൊപ്പം തന്നെ വാക്സിൻ സ്വീകരിക്കാത്തവരെ വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതിനും തീരുമാനമുണ്ട്. 

measles outbreak in kozikode know all the details about the disease
Author
First Published Jan 20, 2023, 2:05 PM IST

കോഴിക്കോട് നാദാപുരത്ത് അഞ്ചാം പനി കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവില്‍ നാദാപുരത്ത് മാത്രം 32 അഞ്ചാം പനി കേസുകളാണ് ഉള്ളത്. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് ഇവിടെ വന്നത്. 

ഏറ്റവുമധികം അഞ്ചാം പനി കേസുകളുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനുള്ള പുറപ്പാടിലാണ് പ്രാദേശിക ഭരണനേതൃത്വം. അതായത്, ഇവിടെ വീണ്ടും രോഗബാധയുണ്ടാകാതിരിക്കാനും രോഗം പ്രദേശത്തിന് പുറത്തേക്ക് എത്താതിരിക്കാനുമായെല്ലാമാണ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നത്. ഇതോടൊപ്പം തന്നെ വാക്സിൻ സ്വീകരിക്കാത്തവരെ വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതിനും തീരുമാനമുണ്ട്. 

അഞ്ചാംപനി വ്യപാകമായ സാഹചര്യത്തിലും നേരത്തെ മലപ്പുറത്ത് ധാരാളം പേര്‍ വാക്സിൻ സ്വീകരിക്കുന്നതിന് വിമുഖത കാട്ടിയിരുന്നു.  നിലവില്‍ മലപ്പുറം സുരക്ഷിതമായി തുടരുന്നുണ്ട്. നവംബറോടെയാണ് മലപ്പുറത്ത് പലിടങ്ങളിലായി അഞ്ചാം പനി കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങുന്നത്. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ എണ്ണൂറിലധികം കേസുകളാണ് ജില്ലയില്‍ വന്നത്.  ജനുവരി ആദ്യത്തോടെ തന്നെ മലപ്പുറത്തെ അവസ്ഥയില്‍ മാറ്റം വന്നു.

എന്നാല്‍ നാദാപുരത്തെ സാഹചര്യമാണ് ആശങ്ക സൃഷ്ടിക്കുന്നത്. 

അധികവും കുട്ടികളെ തന്നെയാണ് അഞ്ചാം പനി ബാധിച്ചിരിക്കുന്നത്. പൊതുവിലും അഞ്ചാം പനി (മീസില്‍സ്) കുട്ടികളെ തന്നെയാണ് കൂടുതലായി ബാധിക്കാറ്. മുതിര്‍ന്നവരില്‍ വളരെ കുറഞ്ഞ തോതിലേ അഞ്ചാം പനി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. 

നാദാപുരത്താണെങ്കില്‍ അസുഖം ബാധിച്ച കുട്ടികളില്‍ ഭൂരിഭാഗം പേരിലും വാക്സിൻ എടുത്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. കുട്ടികള്‍ക്ക് വാക്സിൻ ലഭ്യമാക്കാൻ ശ്രമിക്കുമ്പോഴും പല വീട്ടുകാരും ഇതിന് തയ്യാറാകുന്നില്ല എന്നതാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. 

എന്താണ് അഞ്ചാം പനി?

പ്രധാനമായും മേല്‍ സൂചിപ്പിച്ചത് പോലെ കുട്ടികളെ ബാധിക്കുന്ന, ഒരു വൈറല്‍ രോഗമാണ് അഞ്ചാം പനി അഥവാ മീസില്‍സ്. റൂബിയോള എന്ന വൈറസാണ് രോഗം സൃഷ്ടിക്കുുന്നത്. അധികകേസുകളിലും അഞ്ചാം പനി കാര്യമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കില്ലെങ്കില്‍ പോലും ചില കേസുകളില്‍ അംഗവൈകല്യം മുതല്‍ മരണം വരെ സംഭവിക്കുകയും ചെയ്യാം. 

എങ്ങനെ രോഗം പകരുന്നു? 

രോഗം ബാധിച്ച വ്യക്തിയുടെ ശരീരസ്രവങ്ങളിലൂടെ- പ്രധാനമായും വായിലൂടെയും മൂക്കിലൂടെയും പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് രോഗകാരികളായ വൈറസെത്തുന്നത്. ശാരീര സമ്പര്‍ക്കം, ചുമ, തുമ്മല്‍ എന്നിവയിലൂടെയെല്ലാം രോഗം പകരുന്നു. 

രോഗിയില്‍ നിന്ന് പുറത്തെത്തുന്ന വൈറസ് രണ്ട് മണിക്കൂറോളം അന്തരീക്ഷത്തില്‍ സജീവമായി നില്‍ക്കുമത്രേ. ഇവ മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കുകയും തൊണ്ട- ശ്വാസകോശം എന്നിവിടങ്ങളില്‍ കിടന്ന് പെരുകുകയും ശരീരം മുഴുവനും വ്യാപിക്കുകയും ചെയ്യുകയാണ്. രോഗാണു ശരീരത്തിലെത്തി 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങള്‍...

ശരീരം മുഴുവനുമായി കാണപ്പെടുന്ന ചെറിയ തിണര്‍പ്പുകളാണ് അഞ്ചാം പനിയുടെ പ്രധാന ലക്ഷണം. പനി തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വായ്ക്കകത്ത് മോണയുടെ ഉള്‍ഭാഗത്തെ ചുവന്ന പ്രതലത്തില്‍ ചാരനിറത്തിലുള്ള മണല്‍തരികള്‍ പോലത്തെ കുരുക്കള്‍ കാണാം. ഇത് അഞ്ചാം പനിയുടെ സവിശേഷമായ ലക്ഷണമാണ്. 

തിണര്‍പ്പുകളാണെങ്കില്‍ ആദ്യം ചെവിയുടെ പുറംഭാഗത്താണ് കാണപ്പെടുക. തുടര്‍ന്ന് തലയിലും മുഖത്തും കൈപ്പത്തിക്കുള്ളിലുമെല്ലാം കാണാം. ചുവപ്പുനിറത്തിലുള്ള ഈ കുമിളകളില്‍ ചൊറിച്ചിലും അനുഭവപ്പെടാം. 

പനി- തിണര്‍പ്പുകള്‍ എന്നിവയ്ക്ക് പുറമെ ചുമ, കണ്ണുകളില്‍ ചുവപ്പുനിറം, വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍ പ്രയാസം, പേശിവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയെല്ലാമാണ് ഇതിന്‍റെ മറ്റ് ലക്ഷണങ്ങളായി വരുന്നത്. 

ചികിത്സ...

അഞ്ചാം പനി, ആദ്യമേ സൂചിപ്പിച്ചത് പോലെ ഒരു വിഭാഗം പേരില്‍ പ്രശ്നങ്ങളുണ്ടാക്കാതെ കടന്നുപോകാം. എന്നാല്‍ മറുവിഭാഗത്തില്‍ കാര്യമായ പ്രയാസങ്ങളാണ് ഇത് സൃഷ്ടിക്കുക. അതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതാണ് ഉചിതം. എന്നാല്‍ രോഗി മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാകാതിരിക്കാനും ശ്രദ്ധിക്കണം. 

പോഷകാഹാരക്കുറവുള്ള കുട്ടികള്‍, പ്രതിരോധശേഷി കുറവുള്ള കുട്ടികള്‍, അഞ്ച് വയസിന് താഴെ പ്രായം വരുന്ന കുട്ടികള്‍ എന്നിവരിലാണ് അഞ്ചാം പനി കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക. അധികവും അഞ്ചാം പനി അധികരിച്ച് ന്യുമോണിയ ബാധിക്കപ്പെടുന്നതോടൊണ് രോഗിയില്‍ മരണസാധ്യത കൂടുന്നത്. ഇതിന് പുറമെ രോഗം തലച്ചോറില്‍ നിര്‍ക്കെട്ട് സൃഷ്ടിക്കുന്നതും ജീവന് ഭീഷണിയാകാറുണ്ട്. 

ചെയ്യേണ്ട കാര്യങ്ങള്‍...

അഞ്ചാം പനി ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ തന്നെ ചികിത്സ തേടുകയാണ് ആദ്യം വേണ്ടത്. രോഗിയുടെ, പ്രത്യേകിച്ച് കുട്ടികളിലാണെങ്കില്‍ ആരോഗ്യാവസ്ഥകള്‍ മാറിമറിയുന്നത് തുടര്‍ച്ചയായി നിരീക്ഷിക്കണം. എന്തെങ്കിലും പ്രയാസം തോന്നിയാല്‍ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. നേരത്തെ സൂചിപ്പിച്ചത് പോലെ മറ്റുള്ളവരുമായി രോഗി സമ്പര്‍ക്കത്തില്‍ ആകാതിരിക്കാനും ശ്രദ്ധിക്കണം. 

രോഗിയുള്ളയിടത്ത് പരിസരം ശുചിയായി സൂക്ഷിക്കുക. മുറിയും മറ്റിടങ്ങളും വൃത്തിയുണ്ടെന്ന് ഉറപ്പാക്കുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം വായും മൂക്കും പൊത്തിയിരിക്കണം. രോഗി ധാരാളമായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഒപ്പം വിശ്രമവും. 

Also Read:- കുട്ടികളിലെ അ‍ഞ്ചാംപനി വില്ലനാകുന്നത് എപ്പോള്‍?; മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios