എന്തുകൊണ്ട് അമിതവണ്ണമുള്ളവരില്‍ ക്യാൻസര്‍ സാധ്യത?

Published : Aug 05, 2023, 09:29 PM IST
എന്തുകൊണ്ട് അമിതവണ്ണമുള്ളവരില്‍ ക്യാൻസര്‍ സാധ്യത?

Synopsis

അമിതവണ്ണമുള്ളവരില്‍ ക്യാൻസര്‍ പിടിപെടാനും സാധ്യത കൂടുതലുണ്ടെന്നത് നിങ്ങള്‍ പറഞ്ഞുകേട്ടിരിക്കാം. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ഥ്യം? ശരിക്കും ഇങ്ങനെയൊരു ഭീഷണിയുണ്ടോ? 

അമിതവണ്ണമുള്ളവരില്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാമുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കാണാറുണ്ട്. അമിതവണ്ണമുള്ള എല്ലാവര്‍ക്കും ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉണ്ടാകുമെന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുപോലെ മെലിഞ്ഞിരിക്കുന്നവരെ അസുഖങ്ങള്‍ ബാധിക്കില്ല എന്നുമല്ല. പക്ഷേ അമിതവണ്ണമുള്ളവരില്‍ അസുഖങ്ങള്‍ക്കുള്ള സാധ്യത താരതമ്യേന കൂടുതലാണെന്ന് മാത്രം.

ഇങ്ങനെ അമിതവണ്ണമുള്ളവരില്‍ ക്യാൻസര്‍ പിടിപെടാനും സാധ്യത കൂടുതലുണ്ടെന്നത് നിങ്ങള്‍ പറഞ്ഞുകേട്ടിരിക്കാം. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ഥ്യം? ശരിക്കും ഇങ്ങനെയൊരു ഭീഷണിയുണ്ടോ? 

അമിതവണ്ണമുള്ളവരിലെ ക്യാൻസര്‍ സാധ്യത...

അമിതവണ്ണമുള്ളവരില്‍ പല തരത്തിലുമുള്ള ക്യാൻസറുള്‍ക്ക് താരതമ്യേന സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ ഇനിയും സൂക്ഷ്മമായ വിവരങ്ങള്‍ക്കായി പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആകെ വരുന്ന ക്യാൻസര്‍ കേസുകളില്‍ എട്ട് ശതമാനവും അമിതവണ്ണത്തിന്‍റെ അനുബന്ധപ്രശ്നങ്ങളിലൂടെ ഉണ്ടാകുന്നതാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. പുകയില പോലും ഇത് കഴിഞ്ഞേ വരൂ എന്നും ഇവര്‍ പറയുന്നു. എന്തായാലും ലോകമെമ്പാട് നിന്നുമായി ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ഇതില്ഡ‍ ഭൂരിഭാഗം പഠനങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അമിതവണ്ണം ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു എന്ന് തന്നെയാണ് നിരീക്ഷിക്കുന്നത്. 

അമിതവണ്ണം ക്യാൻസറിലേക്ക്?

ശരീരത്തില്‍ കൊഴുപ്പടിയുന്നത് പല വിധത്തിലും ക്യാൻസര്‍ കോശങ്ങള്‍ക്ക് രൂപപ്പെടാനും, വളരാനും എല്ലാം അനുകൂലാന്തരീക്ഷം ഒരുക്കുന്നതോടെയാണ് അമിതവണ്ണമുള്ളവരില്‍ ക്യാൻസര്‍ സാധ്യത കൂടുന്നത്. 

അമിതവണ്ണം നമ്മുടെ ശരീരത്തിന്‍റെ എല്ലാവിധത്തിലുള്ള ദൈനംദിന പരിപാടികളെയും സ്വാധീനിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ക്രമേണ നമുക്ക് ഭീഷണിയായി വരാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതുണ്ടാക്കുന്നത്. ഇതിലൂടെ മാത്രം വരാവുന്ന ക്യാൻസറുകളുണ്ട്. സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാശയ സംബന്ധമായ ക്യാൻസറുകള്‍ക്കും, സ്തനാര്‍ബുദത്തിനുമെല്ലാം ഇത് കാരണമാകാം.  ഇൻസുലിൻ ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങളും അമിതവണ്ണമുള്ളവരില്‍ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

'അഡിപ്പസ് ടിഷ്യ അഥവാ ഫാറ്റ് നിറഞ്ഞ കോശങ്ങള്‍ ഒരു അവയവം പോലെ പ്രവര്‍ത്തിക്കാൻ തുടങ്ങും. ഇത് കെമിക്കല്‍സ്, ഹോര്‍മോണ്‍സ്, സൈറ്റോകിൻസ് എന്നിവയെല്ലാം പുറത്തുവിടും. ഇവ ക്യാൻസര്‍ കോശങ്ങളുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കുമെല്ലാം കാരണമാകുന്നു. എന്ന് മാത്രമല്ല ക്യാൻസര്‍ ചികിത്സയിലൂടെ ഭേദപ്പെടുത്തിയാലും അത് തിരികെ വരാൻ പോലുമുള്ള സാഹചര്യം ഇതുവഴിയുണ്ടാകുന്നു...'- മുംബൈയില്‍ ക്യാൻസര്‍ സ്പെഷ്യലിസ്റ്റായ ഡോ. കൃതി ഭൂഷണ്‍ പറയുന്നു. 

ഏതെല്ലാം ക്യാൻസറുകള്‍ക്ക് സാധ്യത? 

പലവിധത്തിലുള്ള ക്യാൻസറുകള്‍ക്കും അമിതവണ്ണമുള്ളവരില്‍ താരതമ്യേന സാധ്യത കൂടുതലുണ്ട്. സ്തനാര്‍ബുദം, മലാശയ അര്‍ബുദം, പാൻക്രിയാസ് അര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, വൃക്കയെ ബാധിക്കുന്ന അര്‍ബുദം, കരളിനെ ബാധിക്കുന്ന അര്‍ബുദം എന്നിവയെല്ലാം ഇതില്‍ ചിലതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ ക്യാൻസര്‍ പോയ ശേഷം വീണ്ടും തിരികെ വരാനുള്ള സാധ്യതകളും അമിതവണ്ണമുള്ളവരില്‍ കൂടുതലുണ്ട്. ഇക്കാര്യവും ഓര്‍ക്കുക. 

എന്തായാലും കഴിയുന്നതും പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള വണ്ണം തന്നെ സൂക്ഷിക്കാൻ ഏവരും ശ്രദ്ധിക്കണം. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മൂലമോ മറ്റേതെങ്കിലും രോഗാവസ്ഥ മൂലമോ എല്ലാം വണ്ണം വയ്ക്കുന്നവര്‍ നിര്‍ബന്ധമായും അവരുടെ ആരോഗ്യകാര്യങ്ങള്‍ ഇടവിട്ട് ചെക്കപ്പിലൂടെ പരിശോധിച്ച് ഉറപ്പാക്കുക. ക്യാൻസര്‍ രോഗം എപ്പോഴും സമയബന്ധിതമായി കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്നതേ ഉള്ളൂ. ഇന്ന് അതിനുള്ള സൗകര്യങ്ങളെല്ലാം ആരോഗ്യമേഖലയിലുണ്ട്. 

Also Read:- ഇടവിട്ട് നെഞ്ചുവേദനയും ശ്വാസംമുട്ടലും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ