ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ്; ഈ പഴം കഴിക്കാം...

By Web TeamFirst Published Jul 23, 2020, 11:17 AM IST
Highlights

ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും. 

കൊവിഡ് കാലമാണ്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമുള്ള സമയവും. കൊവിഡിനെ ചെറുക്കാൻ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ് പ്രധാന മാർ​ഗങ്ങളിലൊന്ന്. അതിന് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ലഭ്യമാകണം. ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ കാരണമാകും.

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും. 

വിറ്റാമിന്‍ ഡിയുടെ കുറവ് ഉള്ളവര്‍ കഴിക്കേണ്ട ഒന്നാണ് ഏത്തപ്പഴം. മഗ്നീഷ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. വിറ്റാമിന്‍ ഡി ഗുളികയോടൊപ്പം ഏത്തപ്പഴം കഴിക്കുന്നത് അത്തരത്തില്‍ ഗുണകരമാണെന്നും 'ജേണല്‍ ഓഫ് അമേരിക്കന്‍ ഓസ്റ്റിയോപാതിക് അസോസിയേഷ'നില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

വിറ്റാമിന്‍ ഡി കിട്ടുന്ന മറ്റ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.

2. മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. 

3. വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് മത്സ്യം. പ്രത്യേകിച്ച് 'സാൽമൺ' മത്സ്യമാണ് വിറ്റാമിൻ ഡിയുടെ  ഉറവിടം. 

4. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന അടുത്ത ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. 

5. ധാന്യങ്ങളും പയർ വർഗങ്ങളും കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. ഗോതമ്പ്, റാഗ്ഗി, ഓട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Also Read: വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; ഗുണങ്ങള്‍ ഇവയാണ്...

click me!