ജോലി സമയം കഴിഞ്ഞിട്ടും ഓഫീസില്‍ നിന്നും ഇറങ്ങാന്‍ കഴിയാറില്ലേ? എങ്കില്‍ ഇതൊന്ന് അറിയുക...

Published : Jan 05, 2020, 06:18 PM IST
ജോലി സമയം കഴിഞ്ഞിട്ടും ഓഫീസില്‍ നിന്നും ഇറങ്ങാന്‍ കഴിയാറില്ലേ? എങ്കില്‍ ഇതൊന്ന് അറിയുക...

Synopsis

ഇന്ന് പലരുടെയും ജീവിതം എന്നത് ഓഫീസ്-വീട് , വീട്- ഓഫീസ് എന്ന രീതിയിലായി മാറിയിരിക്കുന്നു. രാവിലെ ഓഫീസിലെത്തിയാല്‍ ചിലപ്പോള്‍‌ രാത്രിയാകും വീട്ടിലേക്ക് മടങ്ങുന്നത്. 

ഇന്ന് പലരുടെയും ജീവിതം എന്നത് ഓഫീസ്-വീട് , വീട്- ഓഫീസ് എന്ന രീതിയിലായി മാറിയിരിക്കുന്നു. രാവിലെ ഓഫീസിലെത്തിയാല്‍ ചിലപ്പോള്‍‌ രാത്രിയാകും വീട്ടിലേക്ക് മടങ്ങുന്നത്. അങ്ങനെ നിങ്ങളുടെ ജോലി സമയം അല്ലെങ്കില്‍ ഷിഫ്റ്റ് സമയം കഴിഞ്ഞും ഓഫീസില്‍ ഇരിക്കാരുണ്ടോ? അങ്ങനെ അധികസമയം ജോലി ചെയ്യുന്നവരില്‍ ഹൈപ്പര്‍ടെന്‍ഷന്‍ വരാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പഠനം പറയുന്നു. 

കനേഡിയിന്‍ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പതിനെട്ട് വയസ്സ് കഴിഞ്ഞവരിലെ രക്തസമ്മര്‍ദ്ദം പലപ്പോഴും ജോലി ഭാരം കൊണ്ടാണ് എന്നാണ് ഈ പഠനം പറയുന്നത്. ആഴ്ചയില്‍ 35 മണിക്കൂറില്‍ കുറവ് ജോലി ചെയ്യുന്നവരെയപേക്ഷിച്ച് 49 മണിക്കൂറോ അതില്‍ കൂടുതലോ മണിക്കൂറോ ജോലിചെയ്യുന്നവരില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകാനുളള സാധ്യത 70 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. 

ജോലി സ്വഭാവവും വയസ്സും ജെന്‍ഡറും അനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നും പഠനം പറയുന്നു. പുതിയകാലത്ത് ജോലിയുടെ ഭാഗമായി സമ്മര്‍ദ്ദമനുഭവിക്കാത്ത ചെറുപ്പക്കാര്‍ കുറവാണെന്നത് മറ്റൊരു കാര്യം. ഓരോ ദിവസവും മാനസികസമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നത് ക്രമേണ ഉറക്കമില്ലായ്മ, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയിലേക്കാണ് ഇത്തരക്കാരെ നയിക്കുക. 

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ(Blood Pressure). ഇത് രക്തത്തിന്റെ സഗുമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനീയിലേയ്ക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന രക്തസമ്മർദ്ദത്തെ സിസ്റ്റോളിക് രക്തസമ്മർദ്ദം (Systolic Blood Pressure) എന്നും ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാകുന്ന ധമനീമർദ്ദത്തെ ഡയസ്റ്റോളിക് മർദ്ദം (Diastolic Blood Pressure) എന്നും വിളിക്കുന്നു. 

ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/80 മി.മീറ്റർ മെർക്കുറി എന്ന് സൂചിപ്പിക്കുന്നു. ഇതിൽ 120 മി.മീറ്റർ മെർക്കുറി എന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദത്തേയും 80 മി.മീറ്റർ മെർക്കുറി എന്നത് ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തേയും സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം 140/ 90 നുമുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം അഥവാ ഹൈപ്പർടെൻഷൻ (Hypertension) എന്നറിയപ്പെടുന്നു. മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം ,അമിത വണ്ണം, പുകവലി, പ്രായക്കൂടുതൽ എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. പലപ്പോഴും യഥാസമയം രക്താതിമര്‍ദം കണ്ടെത്താന്‍ കഴിയാറില്ല. ബി.പി. കൂടുന്നതിന സാധാരണയായി ലക്ഷണങ്ങളൊന്നും ഉണ്ടാവാറുമില്ല. വേദന , ദേഹാസ്വാസ്ഥ്യം, ക്ഷീണം തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണല്ലോ രോഗാവസ്ഥകള്‍ നാം തിരിച്ചറിയുന്നത്. 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ