30 വര്‍ഷം സ്ത്രീയായി ജീവിച്ചു, വയറുവേദനക്ക് പരിശോധിച്ചപ്പോള്‍ പുരുഷന്‍; അത്യപൂര്‍വമെന്ന് ഡോക്ടര്‍മാര്‍

By Web TeamFirst Published Jun 26, 2020, 4:54 PM IST
Highlights

ആന്‍ഡ്രോജെന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നാണ് രോഗത്തിന്റെ പേര്. കാഴ്ചയിലും പെരുമാറ്റത്തിലും ലൈംഗികാവയവത്തിലും സ്ത്രീയായിക്കുമെങ്കിലും ഇവര്‍ പുരുഷന്മാരായിരിക്കും.
 

കൊല്‍ക്കത്ത: കഴിഞ്ഞ 30 വര്‍ഷമായി സ്ത്രീയായി ജീവിച്ചെങ്കിലും കഠിനമായ വയറുവേദനയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പുരുഷനെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലാണ് സംഭവം. അത്യപൂര്‍വ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ ക്യാന്‍സറാണെന്നും പരിശോധനയില്‍ വ്യക്തമായി. 
ബംഗാളിലെ ബിര്‍ഭും ജില്ലയിലെ യുവതിയാണ് പരിശോധനയില്‍ പുരുഷനാണെന്ന് തെളിഞ്ഞത്. കടുത്ത അടിവയര്‍ വേദനയെ തുടര്‍ന്നാണ് ഇവരെ നേതാജി സുഭാഷ് ചന്ദ്രബോസ് ക്യാന്‍സര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് വയറുവേദനയുണ്ട്. ഡോ. അനുപം ദത്ത, സൗമെന്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ ഇവര്‍ സ്ത്രീയല്ലെന്നും പുരുഷനാണെന്നും തെളിഞ്ഞു. 22,000ത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം പ്രശ്‌നമുണ്ടാകാറുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആന്‍ഡ്രോജെന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നാണ് രോഗത്തിന്റെ പേര്. കാഴ്ചയിലും പെരുമാറ്റത്തിലും ലൈംഗികാവയവത്തിലും സ്ത്രീയായിക്കുമെങ്കിലും ഇവര്‍ പുരുഷന്മാരായിരിക്കും. 

കാഴ്ചയിലും ശബ്ദത്തിലും എല്ലാം സ്ത്രീകളുടേതിന് സമാനം. സ്വാഭാവികമായി മാറിട വളര്‍ച്ചയുമുണ്ടായി. ലൈംഗികാവയവവും സ്ത്രീയുടേത് തന്നെ. എന്നാല്‍ ഗര്‍ഭപാത്രവും അണ്ഡാശയവും ജന്മനാ തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പമാണ് താമസം.ഇവരെ കീമോതെറാപ്പിക്ക് വിധേയമാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കി. 
ഇവരുടെ പരിശോധന ഫലം വന്നതിനെ തുടര്‍ന്ന് 28 വയസ്സുള്ള സഹോദരിയെയും പരിശോധനക്ക് വിധേയമാക്കി. അവര്‍ക്കും സമാനമായ രോഗമുള്ളതായി കണ്ടെത്തി. ഇവരുടെ അമ്മയുടെ സഹോദരിമാര്‍ക്കും സമാനമായ പ്രശ്‌നമുള്ളതായി കണ്ടെത്തി.
 

click me!