
നമ്മുടെ ആരോഗ്യം ഏതെങ്കിലും വിധത്തില്‍ ബാധിക്കപ്പെടുമ്പോള്‍ ശരീരം അതിന്‍റേതായ സൂചനകള്‍ ഏറിയും കുറഞ്ഞും പ്രകടമാക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ശരീരം നല്‍കുന്ന ഈ സൂചനകള്‍ സമയബന്ധിതമായി തിരിച്ചറിയുകയോ, വേണ്ട ചികിത്സ തേടുകയോ ചെയ്യുന്നവര്‍ കുറവാണെന്ന് മാത്രം.
ഇത്തരത്തില്‍ കണ്ണിന് ചുറ്റുമായി കാണുന്ന തീരെ ചെറിയ മുഴകള്‍ക്ക് പിന്നിലെ ഒരു കാരണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പലരുടെയും മുഖത്ത് ഇങ്ങനെ നിങ്ങള്‍ കണ്ടിരിക്കും. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ വിയര്‍പ്പുഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നം, സ്കിൻ പ്രശ്നം അടക്കം പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്.
പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാരണം അമിതമായ കൊളസ്ട്രോള്‍ ആണ്. കൊളസ്ട്രോള്‍ വല്ലാതെ കൂടുമ്പോള്‍ അതിന്‍റെ സൂചനയായി കണ്ണിന് ചുറ്റും മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകള്‍ ഇങ്ങനെ പൊങ്ങിവരാം. ഇതില്‍ വേദനയോ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളൊന്നും തന്നെ അനുഭവപ്പെടില്ല.
കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തില്‍ പലയിടങ്ങളിലും കൊഴുപ്പ് അടിയുന്നു. കണ്ണിന് ചുറ്റും ഇതുപോലെ കൊഴുപ്പടിയുന്നതോടെയാണ് ചെറിയ മുഴകള്‍ രൂപപ്പെടുന്നത്. മറ്റ് ചില ആരോഗ്യപ്രശ്നങ്ങളിലും അസുഖങ്ങളിലും ഇങ്ങനെ സംഭവിക്കാമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതിനാല്‍ ഇങ്ങനെ കാണുന്നപക്ഷം ഉടൻ തന്നെ ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണ് വേണ്ടത്.
കൊളസ്ട്രോള്‍ ആണ് കാരണമെന്ന് മനസിലാക്കിയാല്‍ അതിവേഗം തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള മുന്നൊരുക്കങ്ങളിലേക്ക് കടക്കുകയും വേണം. കാരണം കൊളസ്ട്രോള്‍ അമിതമാകുന്നത് ഹൃദയത്തെ പെട്ടെന്ന് ബാധിക്കാൻ സാധ്യതകളേറെയാണ്. വേറെയും പല അനുബന്ധ പ്രയാസങ്ങളും കൊളസ്ട്രോള്‍ നമുക്ക് സൃഷ്ടിക്കും. ജീവിതരീതികള്‍- പ്രധാനമായും ഭക്ഷണത്തിലുള്ള നിയന്ത്രണമാണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം. ഒപ്പം തന്നെ വ്യായാമം അടക്കമുള്ള ഹെല്‍ത്തിയായ മറ്റ് ശീലങ്ങള്‍ കൂടിയാകുമ്പോള്‍ നല്ല ഫലം കിട്ടും.
Also Read:- ദിവസവും ഒരു പെഗ് കഴിച്ചാലും മതി 'പണി' കിട്ടാൻ; മദ്യപാനികള്‍ അറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-