Asianet News MalayalamAsianet News Malayalam

Cancer in Men : ക്യാൻസര്‍ സാധ്യത കൂടുതലും പുരുഷന്മാരിലോ? അറിയാം ഇതിന്‍റെ സത്യാവസ്ഥ

മുൻകാലങ്ങളെ അപേക്ഷിച്ച് സമയത്തിന് കണ്ടെത്താനായാല്‍ ക്യാൻസര്‍ രോഗം ചികിത്സയിലൂടെ പൂര്‍ണമായി ഭേദപ്പെടുത്താൻ സാധിക്കുന്ന സാഹചര്യം ഇന്നുണ്ട്. എന്നാല്‍ ഒരുപാട് കേസുകളില്‍ രോഗനിര്‍ണയം വൈകുന്നത് മൂലമാണ് തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ വരുന്നത്. 

cancer possibility is much higher in men than women says a study
Author
USA, First Published Aug 12, 2022, 2:33 PM IST

ക്യാന്‍സര്‍ രോഗത്തെ കുറിച്ച് ഇന്ന് എല്ലാവര്‍ക്കും അറിയാം. കോശങ്ങള്‍ അസാധാരണമായ നിലയില്‍ പെരുകുകയും ഇത് കോശകലകളെയും അതുവഴി വിവിധ അവയവങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ് ക്യാൻസര്‍ രോഗം. ഇത് ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളും രോഗതീവ്രതയുമെല്ലാം മാറുന്നു.

മുൻകാലങ്ങളെ അപേക്ഷിച്ച് സമയത്തിന് കണ്ടെത്താനായാല്‍ ക്യാൻസര്‍ രോഗം ചികിത്സയിലൂടെ പൂര്‍ണമായി ഭേദപ്പെടുത്താൻ സാധിക്കുന്ന സാഹചര്യം ഇന്നുണ്ട്. എന്നാല്‍ ഒരുപാട് കേസുകളില്‍ രോഗനിര്‍ണയം വൈകുന്നത് മൂലമാണ് തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ വരുന്നത്. 

എന്തുകൊണ്ടാണ് ക്യാൻസര്‍ വരുന്നത് എന്ന് ചോദിച്ചാല്‍ ഇതിന് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാൻ സാധ്യമല്ല. പല ഘടകങ്ങളും ഇതില്‍ പങ്കുപറ്റുന്നുണ്ട്. ജനിതക ഘടകങ്ങള്‍ അഥവാ പാരമ്പര്യഘടകങ്ങള്‍, ഭക്ഷണം അടക്കമുള്ള ജീവിതരീതി, ജോലിയുടെ സ്വഭാവം, പാരിസ്ഥിതികമായ ഘടകങ്ങള്‍, ലഹരി ഉപയോഗം എന്നിങ്ങനെ ക്യാൻസറിലേക്ക് നയിക്കുന്നത് പല ഘടകങ്ങളാകാം. 

എന്നാല്‍ ക്യാൻസര്‍ രോഗം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമായാണോ വരുന്നത്? അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഭാഗക്കാര്‍ക്കിടയില്‍ ക്യാൻസര്‍ കൂടുതലായി കാണുമോ? ഇത്തരം കാര്യങ്ങളിലെല്ലാം പൊതുവില്‍ പലര്‍ക്കും സംശയമുണ്ടാകാം. 

ക്യാന്‍സര്‍ സ്ത്രീകളിലായാലും പുരുഷന്മാരിലായാലും ഓരോ ഘട്ടത്തിലും അതിന്‍റെ തീവ്രത അനുസരിച്ചാണ് ബാധിക്കപ്പെടുന്നത്. എന്നാല്‍ ഇവരില്‍ ഏതെങ്കിലും വിഭാഗക്കാര്‍ക്കിടയില്‍ ക്യാൻസര്‍ കൂടുതലായി കാണാറുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ട് എന്നാണ് ഉത്തരം. ഇത് സൂചിപ്പിക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

'അമേരിക്കൻ ക്യാൻസര്‍ സൊസൈറ്റി'യാണ് ഈ പഠനം സംഘടിപ്പിച്ചത്. 1995 മുതല്‍ 2011 വരെയുള്ള കാലയളവിനുള്ളില്‍ 2,94,100 പേരെ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനം തുടങ്ങിയ ശേഷം ഇവരില്‍ 17,951 ക്യാന്‍സര്‍ കേസുകള്‍ പുരുഷന്മാരിലും 8,742 ക്യാൻസര്‍ കേസുകള്‍ സ്ത്രീകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

ആകെ ക്യാൻസറുകളില്‍ തന്നെ ഭൂരിപക്ഷവും കൂടുതലായി കാണുന്നത് പുരുഷന്മാരിലാണെന്ന് തന്നെയാണ് പഠനം ഉറപ്പിച്ചുപറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും പുരുഷന്മാരില്‍ ക്യാൻസര്‍ സാധ്യത വര്‍ധിക്കുന്നു, ഇതില്‍ ചില കാരണങ്ങള്‍ കണ്ടെത്താൻ സാധിക്കില്ലെന്നും പഠനം പറയുന്നു. 

സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ തന്നെ ഒരു പരിധി വരെ ഇതിന് കാരണമാകുന്നുവെന്നാണ് പഠനം പറയുന്നത്. ഇതിന് പുറമെ ജീവിതശൈലികളും കാരണമായി വരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുകവലി, മദ്യപാനം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 

സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരില്‍ 1.3 മുതല്‍ 10.8 മടങ്ങ് വരെ അധിക സാധ്യതയാണ് ക്യാൻസറിനുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. അന്നനാളത്തിലെ ക്യാൻസര്‍, ശ്വാസനാളത്തിലെ ക്യാൻസര്‍, ആമാശയവും കുടലും കൂടിച്ചേരുന്നിടത്ത് ബാധിക്കപ്പെടുന്ന ക്യാൻസര്‍, മൂത്രാശയ ക്യാൻസര്‍ എന്നിവയെല്ലാമാണ് സ്ത്രീകളെക്കാള്‍ പുരുഷന്മാരില്‍ കൂടുതല്‍ സാധ്യതകളുള്ള ക്യാൻസറുകളെന്നും പിത്താശയ ക്യാൻസര്‍- തൈറോയ്ഡ് ക്യാൻസര്‍ എന്നിവയില്‍ മാത്രം സ്ത്രീകള്‍ക്ക് സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

Also Read:- 'പ്രോസ്റ്റേറ്റ് ക്യാൻസര്‍ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാം';പുരുഷന്മാര്‍ അറിയാൻ

Follow Us:
Download App:
  • android
  • ios