ചുണ്ട് ഭംഗിയാക്കാന്‍ ചികിത്സയെടുത്തു; ഇനിയാര്‍ക്കും ഈ അവസ്ഥ വരരുതെന്ന് യുവതി

Web Desk   | others
Published : Jan 19, 2021, 07:59 PM ISTUpdated : Jan 19, 2021, 08:01 PM IST
ചുണ്ട് ഭംഗിയാക്കാന്‍ ചികിത്സയെടുത്തു; ഇനിയാര്‍ക്കും ഈ അവസ്ഥ വരരുതെന്ന് യുവതി

Synopsis

മുമ്പത്തേതില്‍ നിന്ന് വിരുദ്ധമായി വളരെ വേദനാജനകമായിരുന്നു ചികിത്സയെന്നും ഇടയ്ക്ക് വച്ച് മതിയാക്കാന്‍ വരെ താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ലൂയിസ് പറയുന്നു. എങ്കിലും ചികിത്സ പൂര്‍ത്തിയാക്കി. പക്ഷേ അന്ന് വൈകുന്നേരത്തോടെ തന്നെ ചുണ്ട് അസാധാരണമായ വിധത്തില്‍ വീര്‍ത്തുവന്നു. ഒപ്പം തന്നെ അസഹ്യമായ വേദനയും

ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പല തരം ചികിത്സാരീതികളും ഇന്ന് ലഭ്യമാണ്. ഇവയില്‍ പലതും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാംവിധം വിപരീതഫലം ചെയ്‌തേക്കാവുന്നതാണ്. പ്രത്യേക പരിശീലനം നേടിയ വിദഗ്ധര്‍, ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ അനുഭവസമ്പത്തില്ലാത്ത, വ്യാജന്മാര്‍ ചെയ്തുവരുമ്പോള്‍ ഇങ്ങനെയെല്ലാം സംഭവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

അത്തരമൊരു ദുരനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് വെസ്റ്റ് സസെക്‌സ് സ്വദേശിയായ ലൂയിസ് സ്മിത്ത് എന്ന ഇരുപത്തിയഞ്ചുകാരി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ലൂയിസ്. 

മുമ്പൊരിക്കല്‍ ചുണ്ട് ഭംഗിയാക്കാനായി 'ഫില്ലര്‍ ട്രീറ്റ്‌മെന്റ്' എന്ന ചികിത്സാരീതി ലൂയിസ് പരീക്ഷിച്ചുനോക്കിയിരുന്നു. അന്ന് അത് ലൂയിസിന് ഏറെ സന്തോഷവും നല്‍കിയിരുന്നുവത്രേ. ആ അനുഭവം മുന്‍നിര്‍ത്തിയാണ് ഡിസംബറില്‍ വീണ്ടും 'ഫില്ലര്‍ ട്രീറ്റ്‌മെന്റ്' ചെയ്യാന്‍ ലൂയിസ് തീരുമാനിച്ചത്. 

ഫേസ്ബുക്കില്‍ കണ്ടൊരു പരസ്യത്തിന്റെ ചുവട് പിടിച്ച് ഫീസ് കുറവുള്ള ഒരിടം ഇതിനായി ലൂയിസ് കണ്ടെത്തി. ഫീസ് കുറവ് ചോദിക്കുന്നത് സൗകര്യമായി തോന്നിയെങ്കിലും അത്രയും 'ചീപ്' ആയി ചികിത്സ ലഭ്യമാക്കുന്നത് എന്തുകൊണ്ടാണെന്ന സംശയം ബാക്കിനിന്നിരുന്നു. അത് ചികിത്സ ചെയ്യുന്ന വിദഗ്ധയോട് ലൂയിസ് ചോദിക്കുകയും ചെയ്തു. 

ആ പ്രദേശത്ത് അവര്‍ പുതുതായി ബിസിനസ് തുടങ്ങിയതാണെന്നും അതിനാല്‍ കസ്റ്റമേഴ്‌സിനെ കിട്ടാനായി ഫീസ് അല്‍പം കുറച്ചതാണെന്നുമായിരുന്നു അവരുടെ മറുപടി. ഈ മേഖലയില്‍ തനിക്ക് രണ്ട് വര്‍ഷത്തെ പരിചയസമ്പത്തുണ്ടെന്ന് അവകാശപ്പെട്ട അവര്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ലൂയിസിന്റെ വിശ്വാസം പിടിച്ചുപറ്റി. 

അങ്ങനെ 'ഫില്ലര്‍ ട്രീറ്റ്‌മെന്റ്' തുടങ്ങി. മുമ്പത്തേതില്‍ നിന്ന് വിരുദ്ധമായി വളരെ വേദനാജനകമായിരുന്നു ചികിത്സയെന്നും ഇടയ്ക്ക് വച്ച് മതിയാക്കാന്‍ വരെ താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ലൂയിസ് പറയുന്നു. എങ്കിലും ചികിത്സ പൂര്‍ത്തിയാക്കി. പക്ഷേ അന്ന് വൈകുന്നേരത്തോടെ തന്നെ ചുണ്ട് അസാധാരണമായ വിധത്തില്‍ വീര്‍ത്തുവന്നു. ഒപ്പം തന്നെ അസഹ്യമായ വേദനയും. 

തുടര്‍ദിവസങ്ങളിലെങ്കിലും ചുണ്ട് സാധാരണനിലയിലേക്ക് തിരിച്ചെത്തുമെന്ന് ലൂയിസ് പ്രതീക്ഷിച്ചു. എന്നാല്‍ അടുത്ത ദിവസങ്ങളിലും അതേ അവസ്ഥ തുടര്‍ന്നതോടെ, ലൂയിസ് മറ്റൊരു വിദഗ്ധയെ കണ്ടു. ചികിത്സയിലെ പിഴവ് കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നതെന്നും സമയമെടുത്ത് മാത്രമേ ഇത് പഴയപടിയിലേക്ക് എത്തിക്കാനാകൂ എന്നും അവര്‍ ലൂയിസിനോട് പറഞ്ഞു. 

തിരിച്ച് വീട്ടിലെത്തിയ ശേഷം തന്റെ ദുരവസ്ഥയ്ക്ക് കാരണമായ സലൂണിന്റെ ഉടമസ്ഥരെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവരില്‍ നിന്ന് അനുകൂലമായൊരു സമീപനമുണ്ടായില്ല. ഏതായാലും അന്ന് ചികിത്സയ്ക്ക് വേണ്ടി ചിലവാക്കിയ പണം അവര്‍ തിരികെ നല്‍കി. തുടര്‍ന്ന് ഇത്തരം വഞ്ചനകളില്‍ ഇനിയാരും വീണുപോകാതിരിക്കാന്‍ തന്റെ അനുഭവം ചിത്രങ്ങള്‍ സഹിതം ലൂയിസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടം നേടിയത്. പല വിദേശരാജ്യങ്ങളിലും ഇത്തരം ചികിത്സാസൗകര്യങ്ങള്‍ സുലഭമാണ്. ഇവയ്‌ക്കെല്ലാം കസ്റ്റമേഴ്‌സും നിരവധിയാണ്. അതിനാല്‍ തന്നെ ഈ മേഖയിലെ വ്യാജന്മാരുടെ എണ്ണവും കൂടുതലാണെന്നതാണ് സത്യം.

Also Read:- മലബന്ധം ഒഴിവാക്കാൻ എയർ കംപ്രസർ പ്രയോഗം; യുവാവിന് ദാരുണാന്ത്യം...

PREV
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ