ആദ്യം സൈനസ് ആണെന്ന് കരുതി, പരിശോധന ഫലം വന്നപ്പോള്‍ തകര്‍ന്നുപോയെന്ന് 42-കാരി

Published : Sep 30, 2025, 08:50 AM IST
ovarian cancer

Synopsis

കൊവിഡ്, ഫ്ലൂ, ആർ‌എസ്‌വി പരിശോധനകൾ എല്ലാം നെഗറ്റീവ് ആയതോടെയാണ് അവരുടെ ഡോക്ടർ രക്തപരിശോധന ചെയ്യണമെന്ന് നിർദേശിക്കുന്നത്. ഇതിന് പിന്നാലെയാണ് ജെസ്സിക്കയെ ബാധിച്ചിരിക്കുന്നത് ഒവേറിയൻ ക്യാൻസർ ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.

ഒഹായോയിലെ സിൻസിനാറ്റി സ്വദേശിനി 42-കാരി ജെസ്സിക്ക ഗിൽബർട്ട് ഒരു കുടുംബയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പെട്ടെന്ന് എന്തോ അസ്വസ്ഥത തോന്നിയത്. ആദ്യം സൈനസ് ആണെന്നാണ് അവർ തെറ്റിദ്ധരിച്ചത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ലക്ഷണങ്ങൾ മാറിയില്ല. കൊവിഡ്, ഫ്ലൂ, ആർ‌എസ്‌വി പരിശോധനകൾ എല്ലാം നെഗറ്റീവ് ആയതോടെയാണ് അവരുടെ ഡോക്ടർ രക്തപരിശോധന ചെയ്യണമെന്ന് നിർദേശിക്കുന്നത്. ഇതിന് പിന്നാലെയാണ് ജെസ്സിക്കയെ ബാധിച്ചിരിക്കുന്നത് ഒവേറിയൻ ക്യാൻസർ ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഇത് കേട്ടപ്പോള്‍ തകര്‍ന്നുപോയെന്നും കുടുംബത്തിലാർക്കും മുമ്പ് ക്യാൻസർ ഉണ്ടായിട്ടില്ല എന്നും ഒവേറിയൻ ക്യാൻസറിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു എന്നും ജെസ്സിക്ക എബിസി ന്യൂസിനോട് പറഞ്ഞു.

എന്താണ് അണ്ഡാശയ ക്യാന്‍സര്‍?

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. അണ്ഡാശയത്തിലെ അര്‍ബുദകോശങ്ങളുടെ വളർച്ചയാണിത്. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്.

അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍? 

അടിവയറ്റില്‍ വലിയ മുഴ പോലെ പിണ്ഡം അനുഭവപ്പെടുന്നതും എപ്പോഴും വയറു വീര്‍ത്തിരിക്കുന്നതുമാണ് അണ്ഡാശയ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍. അതുപോലെ വയറുവേദന, ഇടുപ്പു വേദന, ദഹനപ്രശ്നങ്ങൾ, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, വയറിന്‍റെ വലുപ്പം കൂടുക, കടുത്ത മലബന്ധം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം, പുറം വേദന, അടിക്കടി മൂത്രം പോകൽ, ആർത്തവസമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, ശബ്ദവ്യതിയാനം, പെട്ടെന്ന് ശരീരഭാരം കുറയുക, മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം തുടങ്ങിയവയൊക്കെ ഇതിന്‍റെ ലക്ഷണമാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും