ഇതാണ് അമ്മ; 27 വർഷം കോമയിൽ, ഉണർന്നപ്പോൾ ആദ്യം ചോദിച്ചത് മകനെ കുറിച്ച്

By Web TeamFirst Published Apr 24, 2019, 9:24 PM IST
Highlights

നീണ്ട 27 വർഷം കോമയിൽ കിടന്ന മുനീറ ബോധമുണർന്ന് ആദ്യം ചോദിച്ചത് മകൻ ഒമർ എവിടെയെന്നാണ്

ന്യൂയോർക്ക്: വൈദ്യലോകത്തിന് ഏറെ സന്തോഷകരമായ വാർത്തയാണ് ജർമ്മനിയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കഴിഞ്ഞ 27 വർഷമായി കോമയിൽ ലോകത്തിന്റെ യാതൊരു ചലനവും അറിയാതെ കഴിഞ്ഞ സ്ത്രീ ഉണർന്നുവെന്നതാണ് അത്. എന്നാൽ 27 വർഷം അബോധാവസ്ഥയിൽ നിന്ന് ഉണർന്ന അവർ ആദ്യം തിരക്കിയത് തന്റെ മകനെവിടെ എന്നതായിരുന്നു. അമ്മയുടെ സ്നേഹത്തെ ഏറ്റവും അമൂല്യമാക്കുന്ന സന്ദർഭമായി ഇത്.

ഒരു കാറപകടത്തിലാണ് മുനീറയ്ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റത്. തലച്ചോറിലേക്കുള്ള ഒരു ഞരമ്പിന് പരിക്കേറ്റ രക്തയോട്ടം ഇല്ലാതായി. കഴിഞ്ഞ 27 വർഷമായി ഒരേ കിടപ്പിൽ അവർ അങ്ങിനെ കഴിഞ്ഞു. അമ്മ എന്നെങ്കിലും കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു കഴിഞ്ഞ 27 വർഷമായി മകൻ ഒമർ വെബൈർ കാത്തിരുന്നത്. പ്രാർത്ഥനകളും പ്രതീക്ഷകളുമായി നീണ്ട മൂന്ന് പതിറ്റാണ്ടോളം കാത്തിരുന്ന മകനിപ്പോൾ ആഹ്ലാദത്തിന്റെ പാരമ്യത്തിലാണ്.

സൗദി സ്വദേശിനിയായ മുനീറയും മകനും അബുദാബിയിൽ വച്ചാണ് അപകടത്തിൽ പെട്ടത്. ഒരു സ്കൂൾ ബസുമായാണ് ഇവർ സഞ്ചരിച്ച കാറിടിച്ചത്. കാറിന്റെ പിൻസീറ്റിലായിരുന്നു മുനീറയും ഒമറും. അപകടത്തിൽ ഒമറിന് പരിക്കേൽക്കാതിരിക്കാൻ മുനീറ മകനെ ചുറ്റിപ്പിടിക്കുകയായിരുന്നു. അമ്മയുടെ ആ സംരക്ഷണത്തിൽ ഒമർ ഒരു ചെറിയ പരിക്ക് പോലും ഏൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് യുഎഇയിൽ കിട്ടാവുന്ന എല്ലായിടത്തും ഒമർ ഉമ്മയ്ക്ക് ചികിത്സ ലഭ്യമാക്കാൻ പരിശ്രമിച്ചു. 

അപകടം നടന്ന ഉടനെ മുനീറയെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചില്ല. പിന്നീട് ഇവരെ ലണ്ടനിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും തലച്ചോറിന് ഗുരുതരമായ പരിക്കേറ്റിരുന്നു. 2017 ൽ ജർമ്മനിയിലെ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മുനീറയെ മാറ്റി. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സയ്‌ദിന്റെ മുൻപിൽ പരാതിയുമായി ഒമർ ചെന്നപ്പോഴായിരുന്നു ഇത്. അമ്മയുടെയും മകന്റെയും കഥ കേട്ട രാജകുമാരൻ അവർക്ക് ജർമ്മനിയിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. അമ്മ കണ്ണുതുറന്നപ്പോൾ താൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഷെയ്ക് മുഹമ്മദ് ബിൻ സെയ്ദ് രാജകുമാരനോടാണെന്ന് ഒമർ പറഞ്ഞു. ഇപ്പോൾ ചോദ്യങ്ങളോട് പ്രതികരിക്കുന്ന മുനീറ ഖുറാൻ വചനങ്ങൾ ഉരുവിടുന്നുണ്ട്.

click me!