
വണ്ണമുള്ളതും ഇല്ലാത്തതുമെല്ലാം ഓരോരുത്തരുടേയും ശരീരപ്രകൃതിക്ക് അനുസരിച്ച് ഇരിക്കും. ചില സന്ദര്‍ഭങ്ങളില്‍ മരുന്നുകളുടെ സൈഡ് എഫക്ടായോ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമോ ഒക്കെ അമിതമായി വണ്ണം വയ്ക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് അതിന് അനുസൃതമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാം. അതുപോലെ ചിലരില്‍ വണ്ണം കൂടുന്നതിന് അനുസരിച്ച് ജീവിതശൈലീ രോഗങ്ങള്‍ ശരീരവേദന എന്നിവയെല്ലാം കാണാറുണ്ട്.
എന്നാല്‍ വണ്ണമുണ്ട് എന്നത് കൊണ്ട് മാത്രം ഒരാള് രോഗിയായി മാറണമെന്ന് നിര്‍ബന്ധമൊന്നുമില്ല. സാധാരണഗതിയില്‍ ശരീരമുള്ള ഏതൊരാളെപ്പോലെയും 'നോര്‍മല്‍' ആയി തുടരാന്‍ വണ്ണമുള്ളവര്‍ക്കും കഴിയും. പക്ഷേ, ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും വരാന്‍ ഇത്തരക്കാരില്‍ സാധ്യത കൂടുതലായിരിക്കുമെന്ന് മാത്രം.
അതുകൊണ്ടാണല്ലോ വയസിന് അനുസരിച്ചല്ലാത്ത തരത്തില്‍ വണ്ണം വയ്ക്കുമ്പോള്‍, നമ്മളത് കുറയ്ക്കാനായി പരിശ്രമിക്കുന്നത്. എന്നാല്‍ ഇവിടെയൊരു കഥയില്‍ നേരെ തിരിച്ചാണ് സംഗതി. 204 കിലോ തൂക്കമുണ്ടായിട്ടും ഇനിയും കൂട്ടാനുള്ള പുറപ്പാടിലാണ് ഒരു ഇരുപത്തിയാറുകാരി. പെന്‍സില്‍വാനിയക്കാരിയായ ജെസിക വില്‍സണ്‍ എന്ന യുവതിയെപ്പറ്റിയാണ് പറയുന്നത്.
26 വയസുള്ള ഒരു വ്യക്തിയുടെ വണ്ണം 204 കിലോഗ്രാം എന്ന് പറയുമ്പോള്‍ തന്നെ അത് തീര്‍ത്തും അസാധാരണമാണ്. കേള്‍ക്കുമ്പോള്‍ ചെറിയ പേടിയും ആശങ്കയുമൊക്കെയാണ് നമുക്ക് പെട്ടെന്ന് മനസില്‍ തോന്നാന്‍ സാധ്യത. എന്നാല്‍ ജെസിക്കയെ സംബന്ധിച്ച് യാതൊരു 'ടെന്‍ഷന്‍'ഉം ഇല്ല. എങ്ങനെയും ആഞ്ഞുപിടിച്ച് വണ്ണം 272ലേക്ക് എത്തിക്കാനാണ് ജെസിക്കയുടെ പ്ലാന്‍. ഇപ്പോഴാണെങ്കില്‍ ഈ ലക്ഷ്യത്തിലെത്താന്‍ ഏത് തരത്തിലുള്ള സഹായവും ഉറപ്പിക്കാന്‍ കൂടെ എറിക് ബദന്‍ഹെയ്ഗന്‍ എന്ന കൂട്ടുകാരനുമുണ്ട് കൂടെ.
ജെസിക്കയ്ക്ക് വെറുമൊരു കൂട്ടുകാരനല്ല എറിക്. ജെസിക്കയുടെ ഔദ്യോഗിക 'ഫീഡര്‍' കൂടിയാണ് മുപ്പത്തിനാലുകാരനായ എറിക്. 'ഫീഡര്‍' എന്ന പ്രയോഗം നമ്മുടെ സംസ്‌കാരത്തില്‍ അത്ര സുപരിചിതമല്ല. അതായാത്, വണ്ണമുള്ള ഒരാള്‍ക്ക് അത് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നയാളെയാണ് അവര്‍ 'ഫീഡര്‍' എന്ന് വിളിക്കുന്നത്. പ്രധാനമായും ഭക്ഷണകാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കുക എന്നതാണ് അവരുടെ ജോലി.
ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പിലൂടെയാണ് ജെസിക്ക ആദ്യമായി എറിക്കിനെ കുറിച്ചറിയുന്നത്. പിന്നീട് ഒരു പിസ ഹട്ടില്‍ വച്ച് അവര്‍ ആദ്യമായി കണ്ടുമുട്ടി. തുടര്‍ന്ന് ജെസിക്കയുടെ 'ഫീഡര്‍' ആകാന്‍ എറിക് താല്‍പര്യം പ്രകടിപ്പിച്ചു. അതിന് ശേഷം പതിവായി ഇരുവരും ഒരുമിച്ച് ഡയറ്റുകള്‍ പ്ലാന്‍ ചെയ്യുകയും ഭക്ഷണങ്ങള്‍ വാങ്ങിക്കഴിക്കാന്‍ വിവിധ സ്ഥസങ്ങളിലേക്ക് പോവുകയും ചെയ്യാന്‍ തുടങ്ങി. അങ്ങനെ പതിയെ ജീവിതത്തിലും ജെസിക്കയ്ക്ക് കൂട്ടാകണമെന്ന ആഗ്രഹം എറിക്കിനുണ്ടായി. ഈ ആഗ്രഹം ജെസീക്കയെ അറിയിച്ചതും വളരെ രസകരമായിട്ടായിരുന്നു.
ഇരുവരും പതിവ് പോലെ ഒരുമിച്ച് ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു. ഐസ്‌ക്രീം കഴിക്കാമെന്ന ധാരണയില്‍ വഴിയില്‍ കണ്ടൊരു ഐസ്‌ക്രീം ഷോപ്പില്‍ ഇരുവരും കയറി. ഈ അവസരം മുതലെടുത്ത എറിക്, ജെസീക്കയുടെ ഐസ്‌ക്രീമിനകത്ത് ഒരു മോതിരമൊളിപ്പിച്ചു. ആ മോതിരം ജെസീക്കയുടെ കയ്യില്‍ കിട്ടിയ നിമിഷം തന്നെ എറിക് അവളോട് തന്റെ ഇഷ്ടം പറഞ്ഞു. ജെസീക്കയും അതുതന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
'ഞാന്‍ അസാധാരണമായി വണ്ണമുള്ള ഒരാളാണെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് അമിതവണ്ണത്തിന്റെ കാരണത്താല്‍ ഒരസുഖവുമില്ല. എന്നെ പരിശോധിച്ച ഡോക്ടര്‍മാരെല്ലാം ഞാന്‍ ഹെല്‍ത്തിയാണെന്നാണ് പറയുന്നത്. എന്റെ തടിക്കനുസരിച്ച് ചില വര്‍ക്കൗട്ടുകളും ഞാന്‍ ചെയ്യുന്നുണ്ട്. ഇനിയും തടി കൂട്ടണമെന്ന തീരുമാനത്തിലിരിക്കുമ്പോഴാണ് എറിക് എന്റെ ജീവിതത്തിലേക്ക് വരുന്നത്. എന്റെ തടിയെ ഇഷ്ടപ്പെടുന്ന ഒരാളെയായിരുന്നു എനിക്കാവശ്യം. അതെനിക്ക് കിട്ടിക്കഴിഞ്ഞു. ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ വയറില്‍ തലോടിക്കൊണ്ട് എനിക്ക് പ്രചോദനം തരുന്നയാളാണ് എറിക്. എന്തുകൊണ്ടും എനിക്ക് അനുയോജ്യനായ ഒരാള്‍, എറികിന്റെ സഹായമുണ്ടെങ്കില്‍ വൈകാതെ തന്നെ ഞാനെന്റെ ലക്ഷ്യത്തിലെത്തും...'- ജെസിക്ക പറയുന്നു.
ഒരു സാധാരണദിവസത്തില്‍ 5,000 കലോറിയാണ് ജെസീക്ക കഴിക്കാറ്. എന്നാല്‍ ചില ദിവസങ്ങളില്‍ അത് 10,000 വരെയൊക്കെ പോയേക്കും. ധാരാളം പച്ചക്കറിയും ഫ്രൂട്ട്‌സും കഴിക്കും. അതിനാല്‍ തന്നെ അവശ്യമായ വിറ്റാമിനുകള്‍- ധാതുക്കള്‍ എന്നിവയുടെ കുറവുണ്ടാകില്ല. ദിവസവും നടക്കാന്‍ പോകും. അതുകൊണ്ട് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും ജെസീക്കയ്ക്കില്ല. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ വണ്ണം വയ്ക്കുന്നതില്‍ ഇഷ്ടം കണ്ടെത്തുന്നത് എന്നോ, എന്താണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നോ ജെസീക്ക വെളിപ്പെടുത്തുന്നില്ല. ഒരുപക്ഷേ ശ്രദ്ധിക്കപ്പെടുക, അതിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുക എന്നതാകാം. അല്ലെങ്കില്‍ ഇതൊരു 'പാഷന്‍ട മാത്രമാകാം. എന്തായാലും സ്വന്തമായി ഒരു 'ഫീഡറെ' കൂടെ കിട്ടിയതോടെ ജെസീക്ക വൈകാതെ ലക്ഷ്യത്തിലെത്തുമെന്നാണ് തോന്നുന്നത്.