അൽഷിമേഴ്സ് തടയാനാകുമോ; ഈ രോഗത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടത്...

By Web TeamFirst Published Sep 21, 2019, 11:03 AM IST
Highlights

അപൂർവമായി ജനിതക മാറ്റമുള്ള ആളുകളിൽ ഈ രോഗം 60 വയസിനു മുൻപ് പ്രത്യക്ഷപ്പെടാം. സ്ത്രീകളിൽ ഈ രോഗം പുരുഷന്മാരിലേതിനേക്കാൾ കൂടുതലായി കാണുന്നു. പതിവായി ഉറക്കം നഷ്ടമാകുന്നത് പിന്നീട് മറവിരോഗത്തിന് (അല്‍ഷിമേഴ്‌സ്) വഴിവയ്ക്കുമെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്. 

ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം. മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്  അൽഷിമേഴ്‌സ്(Alzheimer's). മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങൾ ക്രമേണ നശിച്ചുപോകുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അൽഷിമേഴ്‌സ്(Alzheimer's) രോഗിയായിത്തീരുന്നത്. 
വർധിച്ച അളവിൽ തലച്ചോറിൽ ഉണ്ടാകുന്ന അമൈലോയിഡ് പ്രോട്ടീൻ(Amyloid protein) നാഡീകോശങ്ങളെ ബാധിക്കുകയും അതുവഴി തലച്ചോറിനുണ്ടാകുന്ന നാശവുമാണ് ഇതിനു കാരണമായി പറയുന്നത്.

അൽഷിമേഴ്‌സ്(Alzheimer's) രോഗം വരുവാനുള്ള കാരണങ്ങൾ കണ്ടെത്താൻ ശാസ്ത്രത്തിന് ഇനിയും പൂർണ്ണമായും കഴിഞ്ഞിട്ടില്ല. എങ്കിലും പ്രായം കൂടുന്തോറുമാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. അപൂർവമായി ജനിതക മാറ്റമുള്ള ആളുകളിൽ ഈ രോഗം 60 വയസിനു മുൻപ് പ്രത്യക്ഷപ്പെടാം. സ്ത്രീകളിൽ ഈ രോഗം പുരുഷന്മാരിലേതിനേക്കാൾ കൂടുതലായി കാണുന്നു. ഡൗൺ സിൻഡ്രോം ഉള്ളവരിൽ അൽഷിമേഴ്‌സ്(Alzheimer's) രോഗം കൂടുതലാണ്. ലക്ഷണങ്ങൾ 10 മുതൽ 20 വർഷം മുൻപേ ഇവരിൽ കാണാനാവുന്നു.

പതിവായി ഉറക്കം നഷ്ടമാകുന്നത് പിന്നീട് മറവിരോഗത്തിന് (അല്‍ഷിമേഴ്‌സ്) വഴിവയ്ക്കുമെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. 

ഉറക്കമില്ലാതാകുമ്പോള്‍ മറവിരോഗത്തിന് കാരണമാകുന്ന പ്രോട്ടീന്റെ അളവ് വര്‍ദ്ധിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഈ പ്രോട്ടീന്‍ പൂര്‍ണ്ണ ആരോഗ്യവാനായ ഒരാളുടെ തലച്ചോറിനകത്തും ഉണ്ടായിരിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ഒന്നിച്ചുകൂടി അടുത്തുള്ള കോശങ്ങളെയെല്ലാം നശിപ്പിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. 

രോ​ഗലക്ഷണങ്ങൾ...

ഒന്ന്... 

സാധനങ്ങൾ വച്ച സ്ഥലം മറക്കുക, പേരുകൾ, പണം, അടുത്തദിവസങ്ങളിൽ നടന്ന സംഭവങ്ങൾ മറക്കുക. എന്നാൽ രോഗിയുടെ പഴയ കാലഓർമ്മകൾ കൃത്യമായി ഓർക്കുകയും ചെയ്യും. തുടർന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പേരുകളും വസ്തുക്കളുടെ പേരുകളും ഓർമിക്കാൻ കഴിയാതാവും.

രണ്ട്...

ഒന്നിലധികം പ്രവൃത്തികൾ ചിന്തിക്കാനും യുക്തിക്കനുസരിച്ച് നടപ്പിലാക്കാനും രോഗിക്ക് സാധിച്ചെന്നു വരില്ല. ഉദാഹരണത്തിന് പണം കൈകാര്യം ചെയ്യുക, അക്കൗണ്ട് സൂക്ഷിക്കുക, ബില്ലുകൾ അടയ്ക്കുക തുടങ്ങിയവ യുക്തിപൂർവം ചെയ്യാൻ കഴിയാതെ വരുന്നു. അക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലായ്മ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുന്നു. സ്വന്തമായി തീരുമാനം എടുക്കാൻ പ്രയാസം അനുഭവപ്പെടുക.

മൂന്ന്...

സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ തെറ്റിക്കുകയും പാകപ്പിഴ വരുത്തുകയും ചെയ്യുക. രോഗിയുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം രോഗികളിൽ വിഷാദം, സാമൂഹിക പിൻവലിയൽ, മറ്റുള്ളവരിലുള്ള അവിശ്വാസം എന്നിവ ഉണ്ടാകുന്നു.

click me!