World Alzheimer's Day: മറക്കല്ലേ, ഇന്ന് ലോക മറവിരോഗ ദിനം; അറിയാം അൽഷിമേഴ്സിന്‍റെ ലക്ഷണങ്ങള്‍....

By Web TeamFirst Published Sep 21, 2022, 7:23 AM IST
Highlights

അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, രോഗം നേരത്തെ കണ്ടെത്തുക, തുടര്‍ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഈ ദിനത്തിന്‍റെ പ്രധാന ലക്ഷ്യം. 

ഇന്ന് സെപ്റ്റംബര്‍ 21- ലോക മറവിരോഗ ദിനം അഥവാ അൽഷിമേഴ്സ് ദിനം. ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് പോയവരെ ഓര്‍മ്മിക്കാനായുള്ള ഒരു ദിനം. അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, രോഗം നേരത്തെ കണ്ടെത്തുക, തുടര്‍ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഈ ദിനത്തിന്‍റെ പ്രധാന ലക്ഷ്യം. 'മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ' (Know Dementia, Know Alzheimer's) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 

മറവി പൂർണമായും ഓർമയെ കീഴടക്കിയാല്‍, നാം നാമല്ലാതായി തീരും. ഓർമകളുടെ താളം പൂർണമായും തെറ്റുന്ന ഒരു രോഗാവസ്ഥയാണ് അൽഷിമേഴ്സ്. അൽഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു വ്യക്തിയിൽ ഓർമ്മക്കുറവ്, പെരുമാറ്റം, ആശയവിനിമയ പ്രശ്നം എന്നിവയിലെ മാറ്റങ്ങൾ പ്രകടിപ്പിച്ചേക്കാം. മറവി രോഗത്തിന്‍റെ ആദ്യ നാളുകളിൽ വ്യക്തിക്ക്  ജീവിതചര്യകളുമായി മുന്നോട്ടു പോകാൻ സാധിക്കും. തീവ്രഘട്ടത്തിൽ വ്യക്തി എത്തിച്ചേരുമ്പോൾ, ഓർമിക്കാനുള്ള കഴിവ് പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടാവും. സംസാരിക്കാനും പ്രതികരിക്കാനുമുള്ള കഴിവുകൾ  ഇല്ലാതായി തീരും. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ടുകൾ  വളരെ തീവ്രമായ ഘട്ടത്തിലേക്ക് എത്തിച്ചേരാം.

നേരത്തെ തന്നെ മറവി രോഗത്തിന്‍റെ അപായ സൂചനകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. 60 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായും രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്.  

മറവിരോഗികൾ പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ...

  • വർധിച്ചുവരുന്ന ഓർമക്കുറവ്.
  • സാധാരണ ചെയ്യുന്ന കാര്യങ്ങള്‍, വളരെ കാലമായി ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികൾ വേണ്ട രീതിയിൽ ചെയ്യാൻ കഴിയാതെ വരിക. 
  • സ്വന്തം മേൽവിലാസമോ ഫോൺനമ്പറോ മറന്നുപോവുക.
  • സാധനങ്ങള്‍ വച്ച് മറക്കുക.
  • സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിഷയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്ന അവസ്ഥ.
  • പറഞ്ഞകാര്യങ്ങൾ തന്നെ വീണ്ടും പറയുക.
  • ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുക.
  • വർഷം, തീയതി, ദിവസം എന്നിവ മറന്നു പോകുക.
  • സ്ഥലകാലബോധം നഷ്ടപ്പെടുക.
  • വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍.
  • ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകള്‍,

തുടങ്ങിയവയൊക്കെ ഒരു പക്ഷേ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. മേല്‍പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളതുകൊണ്ട് രോഗമുണ്ടെന്ന് സ്വയം തീരുമാനിക്കേണ്ട. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍  ഒരു ന്യൂറോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. 

Also Read: അൽഷിമേഴ്‌സ് ; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

click me!