പതിവായി രക്തം ദാനം ചെയ്യുന്നത് ആരോഗ്യം വർദ്ധിപ്പിക്കുമോ? അറിയേണ്ട കാര്യങ്ങൾ

Published : Jun 14, 2026, 11:06 AM IST
blood donation

Synopsis

മറ്റുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭൂരിഭാഗം ആളുകളും രക്തം ദാനം ചെയ്യുന്നത്. എന്നാൽ രക്തം നൽകുന്നത് കൊണ്ട് നമുക്ക് എന്തെങ്കിലും ഗുണം ലഭിക്കുമോ എന്ന് പലരും ചിന്തിക്കാറുണ്ട്.

ആശുപത്രികളുടെയും ആരോഗ്യമേഖലയുടെയും ജീവനാഡിയാണ് രക്തദാനം. ശസ്ത്രക്രിയകൾ, അപകടങ്ങളിൽപ്പെടുന്നവർക്കുള്ള അടിയന്തിര ചികിത്സകൾ, തീവ്രപരിചരണ വിഭാഗങ്ങൾ, ക്യാൻസർ രോഗികൾ, വിവിധ രക്തവൈകല്യമുള്ളവർ എന്നിവർക്കെല്ലാം ജീവൻ നിലനിർത്താൻ പ്രതിദിനം വലിയ അളവിൽ രക്തം ആവശ്യമായി വരുന്നുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭൂരിഭാഗം ആളുകളും രക്തം ദാനം ചെയ്യുന്നത്. എന്നാൽ രക്തം നൽകുന്നത് കൊണ്ട് നമുക്ക് എന്തെങ്കിലും ഗുണം ലഭിക്കുമോ എന്ന് പലരും ചിന്തിക്കാറുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി രക്തം നൽകിയാൽ അത് ദാതാവിനും ചില ആരോഗ്യഗുണങ്ങൾ നൽകുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.

ശരീരത്തിലെ അയണിന്റെ അളവ് ക്രമീകരിക്കുന്നു

ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന അയണിന്റെ അളവ് കുറയ്ക്കാൻ രക്തദാനം സഹായിക്കും. രക്തത്തിൽ ഓക്സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ഇരുമ്പ് അത്യാവശ്യമാണെങ്കിലും ഇതിന്റെ അളവ് കൂടുന്നത് കോശങ്ങൾക്കും അവയവങ്ങൾക്കും കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു.

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു

ശരീരത്തിൽ അയണിന്റെ അളവ് ക്രമീകരിക്കപ്പെടുമ്പോൾ രക്തക്കുഴലുകളിലെ സമ്മർദ്ദം കുറയുന്നു. കൂടാതെ രക്തം നൽകിയ ശേഷം രക്തത്തിന്റെ കട്ടി അല്പം കുറയുന്നത് വഴി ശരീരത്തിലുടനീളം രക്തചംക്രമണം കൂടുതൽ സുഗമമാകും. ഇത് ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് നല്ലതാണ്.

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

ശരീരത്തിൽ അധികം വരുന്ന അയൺ പ്രധാനമായും സംഭരിക്കപ്പെടുന്നത് കരളിലാണ്. ഇത് അമിതമാകുമ്പോൾ ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ രോഗങ്ങൾ വരാൻ കാരണമാകുന്നു. രക്തദാനത്തിലൂടെ അയണിന്റെ അളവ് ശരിയായ പരിധിയിൽ നിലനിർത്തുന്നത് കരളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

പുതിയ രക്തകോശങ്ങളുടെ നിർമ്മാണം

രക്തം നൽകിക്കഴിഞ്ഞാൽ നഷ്ടപ്പെട്ട രക്തം നികത്താനുള്ള പ്രവർത്തനങ്ങൾ ശരീരം ഉടൻ തന്നെ ആരംഭിക്കും. അസ്ഥിമജ്ജ കൂടുതൽ വേഗത്തിൽ പുതിയ രക്തകോശങ്ങൾ ഉത്പാദിപ്പിച്ചു തുടങ്ങും. രക്തത്തിലെ പ്ലാസ്മയുടെ അളവ് ഏതാനും ദിവസങ്ങൾക്കുള്ളിലും ചുവന്ന രക്തകോശങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിലും ശരീരം സ്വാഭാവികമായി പുനരുജ്ജീവിപ്പിക്കും.

മാനസിക സന്തോഷവും സംതൃപ്തിയും

ശാരീരിക ഗുണങ്ങൾക്കപ്പുറം വലിയൊരു മാനസിക സംതൃപ്തിയും രക്തദാനം നൽകുന്നുണ്ട്. ഒരാളുടെ ജീവൻ രക്ഷിക്കാൻ എന്റെ രക്തം സഹായിച്ചേക്കാം എന്ന ചിന്ത നൽകുന്ന സന്തോഷം മാനസിക സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് പോസിറ്റീവ് എനർജി നൽകാനും സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രക്തദാനത്തിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകൾ പാലിക്കാതെ അടിക്കടി രക്തം നൽകുന്നത് ശരീരത്തിൽ അയണിന്റെ കുറവിനും വിളർച്ചയ്ക്കും കാരണമായേക്കാം. ഇത് ക്ഷീണം, തലകറക്കം, ബലഹീനത എന്നിവയ്ക്ക് വഴിമാറാം. അതിനാൽ കൃത്യമായ സമയപരിധി പാലിച്ചും, അയൺ അടങ്ങിയ പോഷകാഹാരങ്ങൾ കഴിച്ചും മാത്രമേ രക്തദാനം നടത്താവൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലബന്ധം അലട്ടുന്നുണ്ടോ? എങ്കിൽ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ
പ്രതിരോധശേഷി കൂട്ടാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ