World Brain Day 2022 : ആളുകളോട് സംസാരിക്കാനും ഇടപെടാനും ഇഷ്ടമില്ല? തലച്ചോറിന് 'പണി' വരാതെ നോക്കണേ...

By Web TeamFirst Published Jul 22, 2022, 6:24 PM IST
Highlights

നമ്മുടെ ശരീരത്തില്‍ തലച്ചോറിനുള്ള പങ്ക് ആര്‍ക്കും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതില്ല. കാരണം, നമ്മളെ ആകെയും നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവം തന്നെയാണ് തലച്ചോര്‍. അതിനേല്‍ക്കുന്ന ചെറിയ കേടുപാട് പോലും നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കാം.

ഇന്ന് ജൂലൈ 22, ലോക ബ്രെയിൻ ഡേ ( World Brain Day 2022 ) ആണ്. തലച്ചോറിന്‍റെ ആരോഗ്യത്തെ ( Brain Health ) കുറിച്ചും അതിനെ സംരക്ഷിച്ചുനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ഓര്‍മ്മിപ്പിക്കാനായി മാറ്റിവച്ചിരിക്കുന്നൊരു ദിനം ( World Brain Day 2022 ). 

നമ്മുടെ ശരീരത്തില്‍ തലച്ചോറിനുള്ള പങ്ക് ആര്‍ക്കും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതില്ല. കാരണം, നമ്മളെ ആകെയും നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവം തന്നെയാണ് തലച്ചോര്‍. അതിനേല്‍ക്കുന്ന ചെറിയ കേടുപാട് പോലും നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കാം. 

അതിനാല്‍ തന്നെ തലച്ചോറിന്‍റെ ആരോഗ്യം ( Brain Health ) കാത്തുസൂക്ഷിക്കാനായി നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ നിത്യജീവിതത്തില്‍ നാം വരുത്തുന്ന പല പിഴവുകളും തലച്ചോറിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത്തരത്തില്‍ നാം നിസാരമായി കണക്കാക്കുന്നതും എന്നാല്‍ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നതുമായ ചില പ്രശ്നങ്ങളെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്. 

ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ നിര്‍ബന്ധമാക്കുക. ഇതിലൂടെ തന്നെ തലച്ചോറിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും. ഇതിനൊപ്പം തന്നെ മദ്യപാനം, പുകവലി, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവ ഒഴിവാക്കുക. 

ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ഉറപ്പാക്കുക. പലരും നാലോ അഞ്ചോ മണിക്കൂറെല്ലാം ഉറങ്ങി, ഇത്രയും മതിയെന്ന് തീരുമാനിക്കുന്നവരുണ്ട്. ഇത് ക്രമേണ തലച്ചോറിനെ വളരെ മോശമായി ബാധിക്കാം. പ്രത്യേകിച്ച് ഓര്‍മ്മശക്തി കുറയുക, ചിന്താശേഷി കുറയുക പോലുള്ള പ്രശ്നങ്ങളാണ് ഉറക്കക്കുറവ് മൂലം നാം ആദ്യഘട്ടത്തില്‍ നേരിടുക. ഇതിന് ശേഷം സങ്കീര്‍ണമായ രോഗങ്ങളിലേക്കും എത്താം. മറവിരോഗം ( ഡിമെന്‍ഷ്യ) സാധ്യതയെല്ലാം ഉറക്കം കുറഞ്ഞവരില്‍ വളരെ കൂടുതലാണെന്ന് വിവിധ പഠനങ്ങള്‍ ഉറപ്പിച്ച് പറയുന്നു. 

ഇനി, പ്രത്യേകമായി ശ്രദ്ധിക്കേണ്ടൊരു കാര്യം സാമൂഹിക ബന്ധങ്ങളാണ്. ചിലര്‍ അധികം സംസാരിക്കാത്ത, അധികം 'ആക്ടീവ്' അല്ലാത്ത (സജീവമല്ലാത്ത) പ്രകൃതമുള്ളവരായിരിക്കും. അങ്ങനെയുള്ളവരാണെങ്കിലും കുറഞ്ഞ സാമൂഹിക ബന്ധങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്. 

ആളുകളോട് സംസാരിക്കാതെയും ഇടപെടാതെയും ഉള്‍വലിഞ്ഞ് തുടരുന്നത് ക്രമേമ വലിയ രീതിയിലാണ് തലച്ചോറിനെ ബാധിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. സുഹൃത്തുക്കള്‍ ഇല്ലാത്തവരെ കണ്ടിട്ടില്ലേ? ചിലര്‍ക്ക് ആദ്യമേ സൂചിപ്പിച്ചത് പോലെ അത് പ്രകൃതമായിരിക്കും. എങ്കില്‍ക്കൂടിയും നമ്മുടെ കാര്യങ്ങള്‍ പങ്കുവയ്ക്കാൻ സാധിക്കുന്ന ചെറിയൊരു സര്‍ക്കിളെങ്കിലും നമുക്കില്ലെങ്കില്‍ അത് തലച്ചോറിന് നല്ലതല്ലെന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

വീടിന് പുറത്തിറങ്ങുക, പുറംലോകവുമായി സംവദിക്കുക, പുറംലോകത്തെ കാര്യങ്ങള്‍ മനസിലാക്കുക, വാര്‍ത്തകള്‍ അറിയുക എന്നിവയെല്ലാം തലച്ചോറിന്‍റെ സുഖകരമായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. നിരന്തരം പുതിയ വിവരങ്ങള്‍ എത്തുകയും ഓര്‍മ്മകള്‍ 'റീഫ്രഷ്' ചെയ്യുകയും ചെയ്തെങ്കില്‍ മാത്രമേ തലച്ചോര്‍ ആരോഗ്യപൂര്‍വം തുടരുകയുള്ളൂ. 

എന്നാല്‍ തുടര്‍ച്ചയായി മാനസിക സമ്മര്‍ദ്ദം നേരിടുന്നത്, ഉത്കണ്ഠ അനുഭവിക്കുന്നതെല്ലാം തലച്ചോറിനെ മോശമായി ബാധിക്കും. അതിനാല്‍ തന്നെ സ്ട്രെസ് അകറ്റി സന്തോഷം കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തണം. വിഷാദരോഗം- ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ അതിന് കൃത്യമായ ചികിത്സ തേടേണ്ടതുണ്ട്. 

പഠനത്തിലോ ജോലിയിലോ വ്യക്തിജീവിതത്തിലോ എല്ലാം നല്ലരീതിയില്‍ തുടരാൻ തലച്ചോര്‍ ആരോഗ്യപൂര്‍വം ഇരിക്കേണ്ടതുണ്ട്. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ലൈഫ്സ്റ്റൈലുമായി ബന്ധപ്പെട്ട് വളരെ എളുപ്പത്തില്‍ നമുക്ക് ചെയ്യാവുന്നതേയുള്ളൂ. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ വലിയൊരു പരിധി വരെ അസുഖങ്ങളില്‍ നിന്ന് നമുക്ക് രക്ഷ നേടാനും സന്തോഷകരമായി തുടരാനും സാധിക്കും. 

Also Read:- തലച്ചോറിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട 8 ഭക്ഷണങ്ങൾ

click me!