ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും: വ്യത്യാസങ്ങൾ എന്തെല്ലാം?

Published : Nov 14, 2026, 10:36 AM IST
world diabetes day

Synopsis

ലോകത്തുള്ള ആകെ പ്രമേഹരോഗികളിൽ 90 മുതൽ 95 ശതമാനം വരെയും ടൈപ്പ്-2 വിഭാഗത്തിൽപ്പെടുന്നവരാണ്. ഇവിടെ പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ശരീരകോശങ്ങൾക്ക് ആ ഇൻസുലിനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുന്നു. ഇതിനെ ഇൻസുലിൻ പ്രതിരോധം എന്ന് വിളിക്കുന്നു.

പ്രമേഹം ഇന്ന് പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു ജീവിതശൈലീ രോഗമായി മാറിക്കഴിഞ്ഞു. തെറ്റായ ഭക്ഷണക്രമവും അമിതമായ മാനസിക സമ്മർദ്ദവും കാരണം കുട്ടികളിലും ചെറുപ്പക്കാരിലു പ്രമേഹം വ്യാപകമാവുകയാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം ഹൃദയം, വൃക്കകൾ, നാഡികൾ എന്നിവയ്ക്ക് ക്ഷതമേൽക്കാതെ സംരക്ഷിക്കുക എന്നതാണ് ഇന്നത്തെ പ്രമേഹചികിത്സയുടെ പ്രധാന ലക്ഷ്യം.

വിവിധതരം പ്രമേഹങ്ങളെക്കുറിച്ചും അവ വൃക്കകളെയും (ഡയബറ്റിക് നെഫ്രോപ്പതി) നാഡികളെയും (ഡയബറ്റിക് ന്യൂറോപ്പതി) എങ്ങനെ ബാധിക്കുന്നുവെന്നും നേരത്തെ മനസ്സിലാക്കുന്നത് ഭാവിയിലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും: വ്യത്യാസങ്ങൾ എന്തെല്ലാം?

പ്രമേഹം എന്ന് പൊതുവായി പറയുമെങ്കിലും, രോഗകാരണത്തിലും ചികിത്സയിലും ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും തികച്ചും വ്യത്യസ്തമാണ്.

ടൈപ്പ്-1 പ്രമേഹം : ഇതൊരു സ്വയംപ്രതിരോധ രോഗമാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പാൻക്രിയാസ് ഗ്രന്ഥിയിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നു. തൽഫലമായി ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം പൂർണ്ണമായും നിലയ്ക്കുന്നു. മധുരം കൂടുതൽ കഴിച്ചതുകൊണ്ടോ വ്യായാമം കുറഞ്ഞതുകൊണ്ടോ ഉണ്ടാകുന്നതല്ല ടൈപ്പ്-1 പ്രമേഹം. സാധാരണയായി കുട്ടികളിലും കൗമാരക്കാരിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇവർക്ക് ജീവൻ നിലനിർത്താൻ ജീവിതകാലം മുഴുവൻ പുറത്തുനിന്ന് ഇൻസുലിൻ എടുക്കേണ്ടതുണ്ട്.

ടൈപ്പ്-2 പ്രമേഹം : ലോകത്തുള്ള ആകെ പ്രമേഹരോഗികളിൽ 90 മുതൽ 95 ശതമാനം വരെയും ടൈപ്പ്-2 വിഭാഗത്തിൽപ്പെടുന്നവരാണ്. ഇവിടെ പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ശരീരകോശങ്ങൾക്ക് ആ ഇൻസുലിനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുന്നു. ഇതിനെ ഇൻസുലിൻ പ്രതിരോധം എന്ന് വിളിക്കുന്നു. പാരമ്പര്യം, അമിതവണ്ണം, വ്യായാമമില്ലായ്മ, അമിതമായ കാർബോഹൈഡ്രേറ്റിന്റെ ഉപയോഗം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ജീവിതശൈലിയിലെ മാറ്റങ്ങളും ചികിത്സകളും മുഖേന ഇത് നിയന്ത്രിക്കാനാകും.

രോഗം ആരംഭിക്കുന്ന പ്രായത്തിലും ലക്ഷണങ്ങൾ പ്രകടമാകുന്ന രീതിയിലും ഇവ തമ്മിൽ വ്യക്തമായ അന്തരമുണ്ട്. ടൈപ്പ്-1 പ്രമേഹം പ്രധാനമായും കുട്ടികളിലും യുവാക്കളിലുമാണ് കണ്ടുവരുന്നത്. അമിത ദാഹം, ശരീരഭാരം കുറയൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഇവരിൽ വളരെ പെട്ടെന്ന് തന്നെ പ്രകടമാകുന്നു. മറുവശത്ത് ടൈപ്പ്-2 പ്രമേഹം സാധാരണയായി മുതിർന്നവരിലാണ് കണ്ടുവരുന്നതെങ്കിലും മാറിയ ജീവിതശൈലി കാരണം ഇന്ന് യുവാക്കളിലും ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്. ടൈപ്പ്-2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ വളരെ സാവധാനത്തിൽ മാത്രമാണ് പ്രകടമാകുന്നത്. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ യാതൊരുവിധ രോഗലക്ഷണങ്ങളും അനുഭവപ്പെടാറുമില്ല.

ചികിത്സാരീതിയിൽ ഇരു രോഗങ്ങൾക്കും വ്യത്യസ്തമായ സമീപനമാണ് ആവശ്യമുള്ളത്. ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം നിലയ്ക്കുന്നതിനാൽ ടൈപ്പ്-1 പ്രമേഹബാധിതർക്ക് നിർബന്ധമായും ഇൻസുലിൻ കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. എന്നാൽ ടൈപ്പ്-2 പ്രമേഹം കൃത്യമായ ഭക്ഷണക്രമീകരണം, ചിട്ടയായ വ്യായാമം, ഗുളികകൾ എന്നിവയിലൂടെ നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ രോഗാവസ്ഥയ്ക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാത്രമാണ് ഇവർക്ക് ഇൻസുലിൻ ചികിത്സ വേണ്ടിവരുന്നത്.

നാഡികളെ തളർത്തുന്ന ഡയബറ്റിക് ന്യൂറോപ്പതി

ദീർഘകാലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമല്ലാതെ തുടരുമ്പോൾ, നാഡികളിലേക്ക് രക്തമെത്തിക്കുന്ന സൂക്ഷ്മ രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കുന്നു. തുടർന്ന് ഇത് നാഡികളുടെ പ്രവർത്തനത്തെ നശിപ്പിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി.

പ്രധാന ലക്ഷണങ്ങൾ

കാൽപാദങ്ങളിലെ മരവിപ്പും തരിപ്പും: കാലുകളിലും കൈകളിലും സൂചി കുത്തുന്നതുപോലുള്ള തരിപ്പ്, മരവിപ്പ്, ഉറുമ്പരിക്കുന്നതുപോലുള്ള തോന്നൽ എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ (പെരിഫെറൽ ന്യൂറോപ്പതി).

കഠിനമായ പുകച്ചിൽ: പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കാൽപാദങ്ങളിൽ തീ പിടിക്കുന്നതുപോലുള്ള പുകച്ചിലും വേദനയും അനുഭവപ്പെടുക.

സ്പർശനശേഷി നഷ്ടപ്പെടുക: കാലിൽ ചെറിയ മുറിവുകളോ, കല്ലുകൊണ്ടുള്ള ചതവുകളോ, ചൂടോ തണുപ്പോ അറിയാതെ പോകുക.

ആന്തരിക അവയവങ്ങളെ ബാധിക്കുക: ദഹനപ്രശ്നങ്ങൾ, മലബന്ധം അഥവാ വയറിളക്കം, എഴുന്നേൽക്കുമ്പോൾ തലകറക്കം, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടൽ എന്നിവയും നാഡീതകരാറുകളുടെ ഭാഗമായി ഉണ്ടാകാം.

വൃക്കകളുടെ നിശ്ശബ്ദ ശത്രു: ഡയബറ്റിക് നെഫ്രോപ്പതി

വൃക്കരോഗങ്ങൾക്ക് പിന്നിലെ ഏറ്റവും പ്രധാന കാരണം പ്രമേഹമാണ്. രക്തത്തിലെ അമിതമായ ഗ്ലൂക്കോസ്, വൃക്കകളിലെ രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ദശലക്ഷക്കണക്കിന് സൂക്ഷ്മ അരിപ്പകളെ സാവധാനം നശിപ്പിക്കുന്ന അവസ്ഥയെയാണ് വൈദ്യശാസ്ത്രത്തിൽ ഡയബറ്റിക് നെഫ്രോപ്പതി എന്ന് വിളിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങളൊന്നും പ്രകടമാകാതെ വൃക്കകളുടെ പ്രവർത്തനക്ഷമതയെ സാരമായി ബാധിക്കുന്നതിനാലാണ് ഇതിനെ നിശ്ശബ്ദ ശത്രു എന്ന് വിശേഷിപ്പിക്കുന്നത്.

എന്തുകൊണ്ട് അപകടകാരിയാകുന്നു?

പ്രാരംഭ ഘട്ടത്തിൽ ഡയബറ്റിക് നെഫ്രോപ്പതി യാതൊരുവിധ രോഗലക്ഷണങ്ങളും കാണിക്കാറില്ല. വൃക്കകളുടെ പ്രവർത്തനം 70 മുതൽ 80 ശതമാനം വരെ തകരാറിലായ ശേഷമായിരിക്കും പലപ്പോഴും ലക്ഷണങ്ങൾ പുറത്തുവരുന്നത്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

മൂത്രത്തിൽ അമിതമായി പത കാണപ്പെടുക (മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെ ലക്ഷണം).

രാവിലെ എഴുന്നേൽക്കുമ്പോൾ കൺപോളകൾക്ക് ചുറ്റും, വൈകുന്നേരങ്ങളിൽ കാൽപാദങ്ങളിലും കണങ്കാലിലും നീര് വരിക.

നിയന്ത്രിക്കാൻ പ്രയാസമുള്ള ഉയർന്ന രക്തസമ്മർദ്ദം.

അകാരണമായ ക്ഷീണം, വിശപ്പില്ലായ്മ, ഛർദിൽ.

പ്രമേഹത്തോടൊപ്പം ആരോഗ്യത്തോടെ ജീവിക്കാൻ

പ്രമേഹം എന്നത് ഭയപ്പെടേണ്ട ഒന്നല്ല മറിച്ച് ചിട്ടയായ ജീവിതശൈലിയിലൂടെ സങ്കീർണ്ണതകളില്ലാത്ത ജീവിതത്തിനായി താഴെ പറയുന്ന കാര്യങ്ങൾ ശീലമാക്കുക:

എ.ബി.സി നിയന്ത്രണം: നിങ്ങളുടെ മൂന്ന് മാസത്തെ ശരാശരി ഷുഗർ നില 7%-ൽ താഴെ നിയന്ത്രിക്കുക, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ എപ്പോഴും സുരക്ഷിത പരിധിയിൽ നിലനിർത്തുക.

സമീകൃതാഹാരം: അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറികളും ഇലക്കറികളും, പ്രോട്ടീൻ അടങ്ങുന്ന പയർവർഗ്ഗങ്ങൾ, മത്സ്യം, മുട്ട, തൈര് എന്നിവ കഴിക്കുക.

കൃത്യമായ വ്യായാമം: ദിവസേന മിതമായ വ്യായാമം ശീലമാക്കുക.

കൃത്യമായ ഇടവേളകളിൽ പരിശോധന: പ്രമേഹവും മറ്റു അനുബന്ധ പരിശോധനകളും മുടങ്ങാതെ നടത്തുക.

മരുന്നുകളിൽ വിട്ടുവീഴ്ച അരുത്: ഷുഗർ നില സാധാരണയായെന്ന് കരുതി ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകളോ ഇൻസുലിനോ നിർത്തരുത്.

പ്രമേഹചികിത്സയിലെ പുതിയ മാറ്റങ്ങൾ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രമേഹ പരിചരണത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്:

ആധുനിക നിരീക്ഷണ സംവിധാനങ്ങൾ: ദിവസവും വിരലിൽ സൂചി കുത്തി രക്തം പരിശോധിക്കുന്ന പരിശോധനാ രീതിക്ക് പകരം ചർമ്മത്തിൽ ഒട്ടിച്ചുവെക്കുന്ന സെൻസറുകളിലൂടെ 24 മണിക്കൂറും ഷുഗർ നില അറിയാൻ സാധിക്കുന്ന കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സി.ജി.എം) സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്.

അവയവ സംരക്ഷണം നൽകുന്ന മരുന്നുകൾ: പഞ്ചസാര കുറയ്ക്കുന്നതോടൊപ്പം വൃക്കകളുടെ പ്രവർത്തനക്ഷമത നിലനിർത്താനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്ന നൂതന മരുന്നുകൾ ചികിത്സാരംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സ്മാർട്ട് ഇൻസുലിൻ പമ്പുകൾ: ശരീരത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് സ്വയം ഇൻസുലിൻ നൽകുന്ന ആർട്ടിഫിഷ്യൽ പാൻക്രിയാസ് സാങ്കേതികവിദ്യയും ലഭ്യമാണ്.

അറിവാണ് പ്രമേഹത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം. രോഗത്തെ നേരത്തെ തിരിച്ചറിയുകയും ആധുനിക ചികിത്സാരീതികളും ആരോഗ്യകരമായ ജീവിതശൈലിയും ഒന്നിച്ച് കൊണ്ടുപോകുകയും ചെയ്താൽ നാഡികളെയും വൃക്കകളെയും പൂർണ്ണ ആരോഗ്യത്തോടെ സംരക്ഷിക്കാനും സാധാരണ ജീവിതത്തിലേക്ക് ഊർജ്ജസ്വലമായി മടങ്ങാനും ഓരോ പ്രമേഹബാധിതനും സാധിക്കും.

ലേഖനം തയ്യാറാക്കിയത്:

ഡോ. അശ്വതി .കെ,

സ്പെഷ്യലിസ്റ്റ് ജനറൽ മെഡിസിൻ,

ആസ്റ്റർ മിംസ്, കാസർഗോഡ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 ചായകൾ
തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 9 ഭക്ഷണങ്ങൾ