
ദില്ലി: ആളുകൾ അവരുടെ ജീവിത ജീവിതത്തിൽ പരിസ്ഥിതിയെയും അതിന്റെ പ്രാധാന്യത്തെയും അവഗണിക്കുന്നു. പ്രകൃതിയാണ് ജീവിതത്തിന്റെ അടിസ്ഥാനം. അതിന്റെ സംരക്ഷണത്തിനായി എല്ലാവരും മുന്നിട്ടിറങ്ങുകയും അതിനായി പ്രവർത്തിക്കുകയും വേണം. കാരണം ഹരിത പരിസ്ഥിതി നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും നല്ല മാറ്റങ്ങള്‍ വരുത്തും ആ സന്ദേശമാണ് ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം നല്‍കുന്നത്.
നമ്മുടെ ഗ്രഹം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം (World environment day 2022) ആഘോഷിക്കുന്നു. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ, ഫിറ്റ്നസ്, ശാരീരിക പ്രവർത്തനങ്ങൾ, സാംക്രമികേതര രോഗങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ജൂൺ 5 ന് സൈക്കിൾ റാലി സംഘടിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്താണ് ലോക പരിസ്ഥിതി ദിനം (World environment day)?
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമി(UNEP) -ന്റെ നേതൃത്വത്തിൽ 1973 മുതൽ എല്ലാവർഷവും ലോകമെമ്പാടും ജനങ്ങൾ ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്. ഈ വർഷം സ്വീഡനാണ് ആതിഥേയത്വം വഹിക്കുന്നത്. 1972 -ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന 'ഹ്യുമൻ എൻവയോൺമെന്റ്' സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനത്തിന്റെ മുദ്രാവാക്യം 'ഒരേ ഒരു ഭൂമി' എന്നതായിരുന്നു. ഇത് സുസ്ഥിര വികസനത്തെ ആഗോള അജണ്ടയിൽ ഉൾപ്പെടുത്തുകയും ലോക പരിസ്ഥിതി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അതായത് 50 വർഷമായിരിക്കുന്നു ലോകം പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയിട്ട്.
എന്തുകൊണ്ട് പരിസ്ഥിതി ദിനം? എന്താണ് പ്രാധാന്യം?
പ്രകൃതിസംരക്ഷണത്തിന് ഇപ്പോൾ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിഗദ്ദ്ധാഭിപ്രായം. ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തണമെങ്കിൽ, 2030 -ഓടെ വാർഷിക ഹരിതഗൃഹ വാതക ഉദ്‌വമനം പകുതിയായി കുറയ്ക്കണം. 2040 -ഓടെ വായുമലിനീകരണം 50 ശതമാനം വർധിക്കുകയും നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവും എന്നുമാണ് കരുതുന്നത്.
ഇതിന് എന്തെങ്കിലും തരത്തിൽ പരിഹാരം കണ്ടേ തീരൂ എന്നതാണ് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. അതിന് ചെയ്യാനാവുന്നത് പ്രകൃതിയുമായി ചേർന്നുകൊണ്ട് സുസ്ഥിരജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. മാത്രവുമല്ല, ഭൂമി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തിരനടപടി എടുക്കേണ്ടതുമുണ്ട്. അതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. എന്നാൽ, ലോകനേതാക്കളാരും തന്നെ ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന് പരിസ്ഥിതി പ്രവർത്തകും വിദഗ്ദ്ധരും വിമർശനവും ഉന്നയിക്കുന്നുണ്ട്.
ഏതായാലും, ഈ ലോകമാകെ തന്നെയും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന കാലത്ത് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വലുതാണ്.