കൊവിഡ് 19; വാക്‌സിന്‍ ബൂസ്റ്റര്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

By Web TeamFirst Published Aug 5, 2021, 12:00 AM IST
Highlights

ഇന്ത്യയിലാണെങ്കില്‍ പ്രധാനമായും കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് ലഭ്യമായിട്ടുള്ളത്. ഇത് രണ്ട് ഡോസ് വീതമാണ് എടുക്കേണ്ടത്. ഇതിന് ശേഷവും മൂന്നാമതായി ഒരു ഡോസ് വാക്‌സിന്‍ കൂടി നല്‍കുന്നതിനെയാണ് 'ബൂസ്റ്റര്‍' എന്ന് പറയുന്നത്

കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിനുകള്‍ ഇന്ന് എല്ലാ രാജ്യത്തും ലഭ്യമാണ്. എന്നാല്‍ പല രാജ്യങ്ങളിലും ജനസംഖ്യക്ക് അനുസരിച്ച് വാക്‌സിന്‍ എത്തുന്നില്ല എന്നതാണ് സത്യം. സാധാരണഗതിയില്‍ രണ്ട് ഡോസ് വാക്‌സിനാണ് എടുക്കേണ്ടത്. ചില വാക്‌സിനുകള്‍ ഒരു ഡോസ് മതിയാകും. 

ഇന്ത്യയിലാണെങ്കില്‍ പ്രധാനമായും കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് ലഭ്യമായിട്ടുള്ളത്. ഇത് രണ്ട് ഡോസ് വീതമാണ് എടുക്കേണ്ടത്. ഇതിന് ശേഷവും മൂന്നാമതായി ഒരു ഡോസ് വാക്‌സിന്‍ കൂടി നല്‍കുന്നതിനെയാണ് 'ബൂസ്റ്റര്‍' എന്ന് പറയുന്നത്. 

അതായത്, ജനിതകവ്യതിയാനം സംഭവിച്ച 'ഡെല്‍റ്റ' വകഭേദം പോലുള്ള വൈറസുകള്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും എത്തുന്നതായി നാം കണ്ടു. ഇവയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് സാധാരണഗതിയില്‍ സ്വീകരിക്കുന്ന വാക്‌സിന്‍ ഡോസുകള്‍ക്ക് പുറമെ ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കുന്നത്. 

 


എന്നാല്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന പല രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസുകള്‍ ശേഖരിക്കാനായി മുന്നിട്ടിറങ്ങിയതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ആദ്യം വേണ്ടുന്ന രണ്ട് ഡോസോ, അല്ലെങ്കില്‍ ഒരു ഡോസോ വാക്‌സിന്‍ പോലും ലഭിക്കാതെ വരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 

ഇതോടെ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനുള്ള സംവിധാനം ഇവിടെ ഒരുങ്ങേണ്ടതുണ്ടെന്ന് നേരത്തേ തന്നെ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അക്കാര്യങ്ങളൊന്നും തന്നെ പിന്നീട് കൃത്യമായി നടപ്പിലായില്ല. 

ഇതിനിടെ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ കൂടി വ്യാപകമാകുന്നതോടെ നേരത്തെ വാക്‌സിന്‍ ലഭ്യത കുറഞ്ഞ രാജ്യങ്ങള്‍ ഒന്നു കൂടി ഞെരുക്കത്തിലാവുകയാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 

'ഡെല്‍റ്റ വകഭേദത്തിലുള്ള വൈറസാണ് ഇപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പല രാജ്യങ്ങളും വാക്‌സിന്‍ വാങ്ങി ശേഖരിക്കുന്നുണ്ട്. അതിന്റെ ഉദ്ദേശശുദ്ധിയിലും സംശയമില്ല. എന്നാല്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ അതേസമയം ആവശ്യത്തിനുള്ള ഡോസ് പോലും ലഭിക്കാതെ വരികയാണ് ചെയ്യുന്നത്...'- ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം അറിയിച്ചു. 

 

 

സെപ്തംബറോടെ ആരോഗ്യപരമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് ജര്‍മ്മനി അറിയിച്ചിട്ടുണ്ട്. യുഎഇയും വൈകാതെ തന്നെ സമാനമായ രീതിയില്‍ ആരോഗ്യപരമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ്. ഇസ്രയേല്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളും ബൂസ്റ്റര്‍ വാക്‌സിനേഷന് വ്യാപകമാക്കാനുള്ള ഒരുക്കത്തില്‍ തന്നെയാണ്. 

ഇന്ത്യയില്‍ ഇതുവരെ ആകെ ജനസംഖ്യയുടെ കാല്‍ഭാഗം പോലും മുഴുവന്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. പലയിടങ്ങളിലും കാര്യമായ വാക്‌സിന്‍ ക്ഷാമവും നേരിടുന്നുണ്ട്. ഇനിയും വാക്‌സിനേഷന്‍ പ്രക്രിയ കാര്യക്ഷമമായി നടന്നില്ലെങ്കില്‍ അത് മൂന്നാം തരംഗമുണ്ടായാല്‍ രണ്ടാം തരംഗത്തോളമോ അല്ലെങ്കില്‍ അതിലധികമോ രൂക്ഷമാകാമെന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. 

Also Read:- കൊവിഡ് പിടിപെടുകയും വാക്‌സിന്‍ രണ്ട് ഡോസ് എടുക്കുകയും ചെയ്തവരുടെ പ്രത്യേകത; പഠനം

click me!