ക്ഷീണം, ചിന്തകളില്‍ അവ്യക്തത- ഓര്‍മ്മക്കുറവ് (ബ്രെയിൻ ഫോഗ്), ഉറക്കപ്രശ്നങ്ങള്‍- വിഷാദം- ഉത്കണ്ഠ, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്നങ്ങളും 'ലോംഗ് കൊവിഡി'ന്‍റെ ഭാഗമായി കാണുന്നുണ്ട്. ഇവയെല്ലാം തന്നെ വ്യക്തികളുടെ നിത്യജീവിതത്തെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്

കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. എന്നാല്‍ കൊവിഡിനെക്കാളധികം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് 'ലോംഗ് കൊവിഡ്' പ്രശ്നങ്ങളാണ്. കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളെയാണ് 'ലോംഗ് കൊവിഡ്' എന്ന് വിശേഷിപ്പിക്കുന്നത്. 

അടിസ്ഥാനപരമായ ഒരു ശ്വാസകോശരോഗമായതിനാല്‍ തന്നെ കൊവിഡ് 19 ശ്വാസകോശത്തെ കാര്യമായി ബാധിക്കുന്ന കേസുകളില്‍ ശ്വാസതടസം, തളര്‍ച്ച, നടക്കുമ്പോള്‍ കിതപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് അധികവും 'ലോംഗ് കൊവിഡി'ന്‍റെ ഭാഗമായി വരിക.

ക്ഷീണം, ചിന്തകളില്‍ അവ്യക്തത- ഓര്‍മ്മക്കുറവ് (ബ്രെയിൻ ഫോഗ്), ഉറക്കപ്രശ്നങ്ങള്‍- വിഷാദം- ഉത്കണ്ഠ, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്നങ്ങളും 'ലോംഗ് കൊവിഡി'ന്‍റെ ഭാഗമായി കാണുന്നുണ്ട്. ഇവയെല്ലാം തന്നെ വ്യക്തികളുടെ നിത്യജീവിതത്തെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്. അതിനാല്‍ തന്നെ 'ലോംഗ് കൊവിഡ്' നേരത്തെ മനസിലാക്കേണ്ടതിന്‍റെയും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന്‍റെയും പ്രാധാന്യം ചെറുതല്ല. 

ഇതിന് സഹായകമാകുന്നൊരു പഠനറിപ്പോര്‍ട്ടാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടണില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'ലോംഗ് കൊവിഡ്' നേരത്തെ മനസിലാക്കാൻ ഏറ്റവും ലളിതമായൊരു രക്തപരിശോധന മതിയെന്നാണ് ഇവരുടെ നിഗമനം.

കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് രക്തസാമ്പിള്‍ ശേഖരിച്ചാണ് ഇവര്‍ പഠനം നടത്തിയത്. രോഗിയുടെ രക്തത്തിലെ പ്ലാസ്മയില്‍ കാണുന്ന പ്രോട്ടീനുകളിലെ വ്യതിയാനം വച്ചാണത്രേ 'ലോംഗ് കൊവിഡ്' സാധ്യത വിലയിരുത്തുന്നത്. 

ഇത് മിക്ക ആശുപത്രികളിലും വളരെ എളുപ്പത്തില്‍ ചിലവ് കുറഞ്ഞ രീതിയില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂവെന്നും ഇവര്‍ അവകാശപ്പെടുന്നു. 

കൊവിഡ് ബാധിക്കപ്പെട്ട് ആറ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രോഗിയുടെ രക്തപ്ലാസ്മയില്‍ പ്രോട്ടീനുകളുടെ ഈ വ്യതിയാനം കാണാൻ സാധിക്കുമത്രേ. ഈ വ്യതിയാനം രോഗിയുടെ ജീവശാസ്ത്രപരമായ പല പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കുമെന്നും അതിനാലാണ് 'ലോംഗ് കൊവിഡ്' ഇത്ര വലിയ തലവേദനയായി മാറുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

Also Read:- കൊവിഡിന് ശേഷം ഉദ്ധാരണപ്രശ്നം; പഠനം പറയുന്നത് കേള്‍ക്കൂ