
ലോകരാജ്യങ്ങളെയൊട്ടാകെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കൊറോണ വൈറസ് വ്യാപനം തുടരുന്നത്. ഇതിനിടെ പല ആശങ്കകളും സംശയങ്ങളും ഇതെക്കുറിച്ച് ഉടലെടുക്കുന്നുണ്ട്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ വിദഗ്ധര്‍ക്ക് പോലുമാകുന്നില്ലെന്നതാണ് സത്യം.
ഒരിക്കല്‍ കൊവിഡ് 19 രോഗം വന്ന് ഭേദമായവര്‍ക്ക് വീണ്ടും രോഗം പിടിപെടുമോ എന്നതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും സുപ്രധാനമായ ചോദ്യം. രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികളെടുത്ത് മറ്റുള്ളവര്‍ക്ക് ഇത് നല്‍കി അവരെ രോഗത്തെ പ്രതിരോധിക്കാന്‍ സജ്ജരാക്കുന്ന പ്ലാസ്മ തെറാപ്പി പോലുള്ള പരീക്ഷണങ്ങള്‍ സജീവമാകുന്ന സാഹചര്യത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയും ഏറെയാണ്.
ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന. ഒരിക്കല്‍ കൊവിഡ് ബാധിച്ച് പിന്നീട് പൂര്‍ണ്ണമായും ഭേദമായ വ്യക്തികളില്‍ വീണ്ടും രോഗം പിടിപെടില്ലെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതായത്, രോഗം വന്ന് സുഖപ്പെട്ട വ്യക്തിയുടെ രക്തത്തില്‍ ആ രോഗത്തെ തന്നെ ചെറുക്കാനുള്ള 'ആന്റിബോഡികള്‍' ഉണ്ടായേക്കാം. എന്നാല്‍ ഇതുണ്ട് എന്നത് കൊണ്ട് അയാള്‍ക്ക് ഇനിയും രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയണമെന്നില്ലെന്ന്.
Also Read:- കൊവിഡ് 19; പ്ലാസ്മ തെറാപ്പി ഫലപ്രദമോ? ഡോക്ടര്‍ പറയുന്നു...
'ആന്റിബോഡി ടെസ്റ്റുകളിലൂടെ രക്തത്തിലെ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനാകും. അതിന്റെ തോതും കണ്ടെത്താനാകും. പക്ഷേ ഇതുള്ളത് കൊണ്ട് മാത്രം ഒരാള്‍ക്ക് രോഗത്തെ ചെറുക്കാനും മാത്രം പ്രതിരോധശേഷി ഉണ്ടെന്ന് സ്ഥിരീകരിക്കാനാകില്ല..' ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. മെരിയ വാന്‍ ഖെര്‍ഖോവ് പറയുന്നു.
ആന്റിബോഡി പരിശോധന നടത്തുന്നതിലൂടെ ഒരാള്‍ക്ക് കൊവിഡ് 19 ഉണ്ടോ അതോ ഭേദമായോ എന്ന് മനസിലാക്കാനാകും. അത്രമാത്രം. അയാളില്‍ വീണ്ടും കൊവിഡ് വരില്ലെന്ന് പറയാനും മാത്രം ഒരു തെളിവും ഇതുവരെ പഠനങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ല- ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പല രാജ്യങ്ങളും ആന്റിബോഡി ടെസ്റ്റുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തിലാണ് കൃത്യമായ വിശദീകരണവുമായി ലോകാരോഗ്യ സംഘടനയെത്തിയിരിക്കുന്നത്.
Also Read:- കൊവിഡിനെ അതിജീവിച്ചവരുടെ രക്തം രോഗികൾക്ക്; ഉരുത്തിരിയുമോ ആ മരുന്ന്?...
മാത്രമല്ല, ആന്റിബോഡി സാന്നിധ്യമുള്ള ഒരു വ്യക്തിയില്‍ പോലും അതിന് കാലാവധിയുണ്ടായേക്കാം എന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടന്നുവരികയാണെന്നും ലോകാരോഗ്യസംഘടനാ പ്രതിനിധിയായ ഡോ. മൈക്ക് റയാന്‍ വ്യക്തമാക്കുന്നു. ഇനി ഈ ആന്റിബോഡി ടെസ്റ്റുകളുടെ ഫലത്തെ തന്നെ നൂറ് ശതമാനവും വിശ്വാസത്തിലെടുക്കാനാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ ഫലത്തിലും സ്വാഭാവികമായ പിഴവുകള്‍ വരാന്‍ സാധ്യതയുണ്ടത്രേ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam