വെന്റിലേറ്ററുകൾ നിലയ്ക്കുന്ന നിമിഷം; മരണത്തെ വിളിച്ചുവരുത്താൻ വിധിക്കപ്പെടുന്ന ഒരു നഴ്‌സിന്റെ ധർമ്മസങ്കടം

By Web TeamFirst Published Apr 18, 2020, 3:11 PM IST
Highlights

വെന്റിലേറ്റർ ഓഫ് ചെയ്ത ശേഷം,  രോഗിയുടെ ഹൃദയമിടിപ്പുകൾ മെല്ലെമെല്ലെ ഇല്ലാതാകുന്നതും നോക്കി ജുവാനിത തൊട്ടരികിൽത്തന്നെ ഇരുന്നു. 

കൊവിഡ് 19 വല്ലാത്തൊരു മഹാവ്യാധിയാണ്. അത് മൂർച്ഛിക്കുമ്പോൾ രോഗിയ്ക്ക് തനിയെ ശ്വസിക്കാനാവാത്ത അവസ്ഥ വരും. അപ്പോൾ അയാളുടെ ശ്വാസകോശത്തിനുള്ളിലേക്ക് പ്രാണവായു എത്തിക്കേണ്ടതായി വരും. അതിന് ഗവേഷകർ നിര്മിച്ചെടുത്തിട്ടുള്ള യന്ത്രമാണ് ഇൻവേസീവ് വെന്റിലേറ്റർ എന്നത്. അത് മരണാസന്നരായ രോഗികൾക്ക് മൃതസഞ്ജീവനിയുടെ ഫലം ചെയ്യും. കൊവിഡ് ബാധിച്ച് മരണത്തിന്റെ പടിവാതിൽക്കൽ വരെ പോകുന്ന പല യുവാക്കളും തങ്ങളുടെ ജീവിതങ്ങളിലേക്ക് തിരികെ നടക്കുന്നത് ഈ അത്ഭുതയന്ത്രത്തിന്റെ സഹായത്തോടെ ശ്വാസമെടുത്തിട്ടാണ്. ഓക്സിജൻ അടങ്ങിയ ശ്വാസവായുവിനെ ഉള്ളിലേക്കെത്തിക്കാനും കാർബൺ ഡയോക്സൈഡിനെ പുറംതള്ളാനും അത് രോഗിയെ സഹായിക്കുന്നു. എന്നാൽ, വെന്റിലേറ്റർ സപ്പോർട്ട് ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം രോഗിയെ രക്ഷിക്കാൻ സാധിക്കുമെന്ന് നൂറുശതമാനം ഉറപ്പിക്കാൻ സാധിക്കില്ല. അസുഖം വല്ലാതെ മൂർച്ഛിക്കുമ്പോൾ, മെഡിക്കൽ ടീമിന് ഒരു പ്രത്യേക ഘട്ടത്തിൽ രോഗിയുടെ വെന്റിലേറ്റർ സപ്പോർട്ട് പിൻവലിക്കാനുള്ള തീരുമാനം എടുക്കേണ്ടി വരും. 

വെന്റിലേറ്റർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമാണ്. അത് പ്രവർത്തിച്ചുതുടങ്ങാനും നിന്നുപോകാനും ഒക്കെ ഒരൊറ്റ സ്വിച്ചിന്മേൽ വിരലമർത്തിയാൽ മതിയാകും. ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അയാളുടെ ശ്വാസകോശത്തിലേക്ക് വെന്റിലേറ്ററിന്റെ ശ്വാസനാളങ്ങൾ ആഴ്ത്തിയ ശേഷം അത് പ്രവർത്തിപ്പിച്ചു തുടങ്ങാൻ വേണ്ടി സ്വിച്ച് ഓണാക്കുന്ന അതേ നഴ്‌സിനെത്തേടി പലപ്പോഴും ചികിത്സയുടെ ചില പ്രത്യേക ഘട്ടങ്ങളെത്തുമ്പോൾ, ഇനി പ്രതീക്ഷയില്ല എന്നുവരുമ്പോൾ അതിന്റെ പ്രവർത്തനം നിലയ്ക്കുവാൻ വേണ്ടി അത് സ്വിച്ച് ഓഫ് ചെയ്യേണ്ട നിയോഗവും വന്നെത്തും.  പ്രാണൻ വെടിയാതിരിക്കാൻ വേണ്ടി രോഗികൾ നടത്തുന്ന പെടാപ്പാടുകളിൽ അവരുടെ കൂടെ നിൽക്കുന്ന നഴ്‌സുമാർക്ക് പലപ്പോഴും ഏറെ വേദന പകരുന്ന പ്രവൃത്തിയാണ് ഒരു ജീവൻ നിമിഷങ്ങൾക്കുള്ളിൽ പൊലിയും എന്നറിഞ്ഞുവെച്ചുകൊണ്ടുതന്നെ വെന്റിലേറ്ററിന്റെ സ്വിച്ച് ഓഫാക്കി മരണം കാത്തിരിക്കുക എന്നത്. എന്തുചെയ്യാം, അതും അവരുടെ ഡ്യൂട്ടിയുടെ ഭാഗമാണ്. അവിടെ വൈകാരികതകൾക്ക് സ്ഥാനമില്ല. 

ലണ്ടൻ റോയൽ ഫ്രീ ഹോസ്പിറ്റലിലെ ചീഫ് നഴ്‌സ് ജുവാനിത നിറ്റ്‌ല അത്തരത്തിലുള്ള തന്റെയൊരു അനുഭവം ബിബിസിയോട് പങ്കുവെക്കുകയുണ്ടായി. അമ്പത് വയസ്സുള്ള ഒരു സ്ത്രീയുടെ വെന്റിലേറ്റർ സപ്പോർട്ട് ഒരു സ്വിച്ച് ഓഫാക്കിക്കൊണ്ട് പിൻവലിക്കേണ്ടി വന്ന, അവരുടെ മരണത്തിന് കരണക്കാരിയാകേണ്ടി വന്ന, അതിനു കാത്തിരിക്കേണ്ടി വന്ന നിമിഷം. " എന്തൊരു പ്രയാസമുള്ള പണിയാണെന്നോ അത്. ആ രോഗിയുടെ മരണത്തിന് കാരണക്കാരി ഞാനാണ് എന്നുപോലും അപ്പോഴെനിക്ക് തോന്നിപ്പോകും..." അവർ പറഞ്ഞു. കഴിഞ്ഞ പതിനാറു വർഷക്കാലമായി ആശുപത്രിയിലെ ഐസിയുവിലെ നഴ്‌സിംഗ് ഇൻചാർജ് ആണ് തെക്കേ ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ 42 -കാരിയായ ജുവാനിത പറഞ്ഞു.

രോഗിയുടെ അവസാനത്തെ ആഗ്രഹം 

ഏപ്രിൽ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലെ ആദ്യദിനങ്ങളിൽ ഒന്ന്. നല്ല തിരക്കുള്ള ഒരു മോർണിംഗ് ഷിഫ്റ്റായിരുന്നു അത്. ഹാൻഡ് ഓവർ ചെയ്യാൻ വേണ്ടി രജിസ്റ്ററിൽ ഒരു രോഗിക്കുനേരെ തന്റെ റിലീവർ എഴുതിവെച്ചിരുന്ന നോട്ട് വായിച്ച  ജുവാനിത ഒന്ന് ഞെട്ടി. " പുൾ ദ പ്ലഗ്ഗ്സ്." ചികിത്സ മതിയാക്കാം എന്നർത്ഥം. വെന്റിലേറ്ററിന്റെ സ്വിച്ച് ഓഫ് ചെയ്യുക. ഇനിയും ചികിത്സ തുടരുന്നതിൽ അർത്ഥമില്ല എന്നാണ് ഡോക്ടറുടെ കോൾ. അതിനെ ടീം അംഗീകരിച്ചിരിക്കുന്നു. തീരുമാനം വന്നു കഴിഞ്ഞു. ഒരാളെ മരണത്തിലേക്ക് കൈ പിടിച്ചു നടത്തുക,  അതിനായി ഇനി വെന്റിലേറ്റർ സ്വിച്ച് ഓഫാക്കുന്ന പണി മാത്രമുണ്ട് ബാക്കി. അത്  ജുവാനിതയുടെ ഉത്തരവാദിത്തമാണ്.
 

 

രോഗം ബാധിച്ച് അവശയായി മരണത്തെ കാത്തുകിടക്കുന്നത് അമ്പത് വർഷത്തിലധികം പ്രായമുള്ള ഒരുങ്ങി കമ്യൂണിറ്റി ഹെൽത്ത് നഴ്‌സ് ആണ്. രോഗിയുടെ മകളോട് ചെയ്യാൻ പോകുന്ന പ്രൊസീജിയറിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കണം. ഒഴിവാക്കാൻ പറ്റാത്ത ആ പ്രക്രിയക്ക് അവരുടെ സമ്മതം എഴുതി ഒപ്പിട്ടു വാങ്ങണം. അതും നഴ്‌സിന്റെ ചുമതലയാണ്. സാധാരണ പറയുന്നത് തന്നെ ജുവാനിത ഇത്തവണയും പറഞ്ഞു," അമ്മയ്ക്ക് വേദനയൊന്നും അനുഭവപ്പെടുകയില്ല. അവർ തികഞ്ഞ സ്വാസ്ഥ്യത്തിലാണ്. ഇപ്പോൾ അങ്ങ് പോവുന്നതാണ് നല്ലത്. വേദന അത്രയും കുറഞ്ഞിരിക്കും. " 

അവർ സമ്മതിച്ചപ്പോൾ അടുത്ത ചോദ്യം അമ്മയുടെ മതപരമായ വിശ്വാസങ്ങളെപ്പറ്റിയായി. ഐസിയുവിൽ തൊട്ടുതൊട്ടായി എട്ടോളം കിടക്കകളുണ്ട്. വെന്റിലേറ്റർ പിൻവലിക്കേണ്ട ക്യൂബിക്കിളിൽ കയറിയ ശേഷം കർട്ടനുകൾ അടച്ചു ഭദ്രമാക്കി. അലാറമുകൾ ഒക്കെയും അടുത്ത ഏതാനും നിമിഷങ്ങൾ മെഡിക്കൽ ടീം നിശബ്ദമായിരുന്നു. മറ്റുള്ള നഴ്‌സുമാർ പരസ്പരം കുശുകുശുക്കുന്നത് പോലും നിർത്തി. 

അതിനു ശേഷം ജുവാനിത രോഗിയുടെ കാതിലേക്ക് തന്റെ മൊബൈൽ ഫോൺ ചേർത്തുവെച്ചു. എന്നിട്ട് അവരുടെ മകളെ വിളിച്ചു നൽകി. മകളോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. നമുക്ക് ഇതൊക്കെ വെറുമൊരു ഫോൺ കാൾ മാത്രമാകും, എന്നാൽ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് ഏറെ പ്രാധാന്യമുള്ള ഒരു സംഭാഷണമാകും. അതും കഴിഞ്ഞു.

അടുത്തതായി, രോഗിയുടെ അടുത്ത ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് ജുവാനിത രോഗിയ്ക്ക് കേൾക്കാൻ വേണ്ടിയെന്നോണം, ഒരു മ്യൂസിക് വീഡിയോ തന്റെ ലാപ്ടോപ്പിൽ പ്ളേ ചെയ്തുകൊടുത്തു. ആ പാട്ട് അവസാനിച്ച ശേഷം, അവർ എഴുന്നേറ്റു ചെന്ന് ആ വെന്റിലേറ്ററിന്റെ ഓഫ് ബട്ടൺ അമർത്തി. 

ചികിത്സയിലുള്ള ഒരു രോഗിക്ക് എപ്പോൾ വെന്റിലേറ്ററിന്റെ സപ്പോർട്ട് നൽകണം, അത് എപ്പോൾ പിൻവലിക്കണം എന്നതൊക്കെ മെഡിക്കൽ ടീം പലവട്ടം ആലോചിച്ച ശേഷം മാത്രമെടുക്കുന്ന തീരുമാനമാണ്. രോഗിയുടെ പ്രായം, ആരോഗ്യാവസ്ഥ, ചികിത്സയോടുള്ള രോഗിയുടെ പ്രതികരണം, തിരിച്ചുവരുമോ എന്നത് സംബന്ധിച്ചുള്ള പ്രതീക്ഷ എന്നിങ്ങനെ പല ഘടകങ്ങളും ഈ തീരുമാനത്തെ സ്വാധീനിക്കും. എന്തായാലും, വെന്റിലേറ്റർ ഓഫ് ചെയ്ത ശേഷം,  രോഗിയുടെ ഹൃദയമിടിപ്പുകൾ മെല്ലെമെല്ലെ ഇല്ലാതാകുന്നതും നോക്കി ജുവാനിത തൊട്ടരികിൽത്തന്നെ ഇരുന്നു. നേരെ മുന്നിൽ രോഗിയുടെ പൾസ്  ഇസിജി സ്‌ക്രീനിലൂടെപാഞ്ഞു പോകുന്നത് നോക്കിക്കൊണ്ടായിരുന്നു ഇരിപ്പ്. അത് മെല്ലെമെല്ലെ കുറഞ്ഞു വന്നു. ഒടുവിൽ ലൈൻ ഫ്ലാറ്റായി. നേരെ ഒരു വര.  മരിച്ചു.

ഏകാന്തതയിൽ ഒടുങ്ങുന്ന ജീവൻ 

മരിച്ചു എന്നുറപ്പായപ്പോൾ  ജുവാനിത പതുക്കെ രോഗിയുടെ കയ്യിലെ കാനുല നീക്കി. ഇനി ഒരു മരുന്നിന്റെയും ആവശ്യമില്ല ഈ ശരീരത്തിന്. കുളിപ്പിക്കാൻ നേരം ഒരാൾ കൂടി വന്നു. കിടക്കയിൽ കിടത്തിത്തന്നെ സ്പിരിട്ടുകൊണ്ട് തുടച്ചു വൃത്തിയാക്കി എടുത്തു. വെള്ളത്തുണികൊണ്ട് മൂടി ബോഡിബാഗിലേക്ക് കയറ്റി.  ബാഗിന്റെ സിപ്പർ പൂട്ടി, തലയുടെ ഭാഗത്ത് മാർക്കർ കൊണ്ട് ഒരു ക്രോസ്സ് വരച്ച് മരണം അടയാളപ്പെടുത്തി. 

"ഒരാൾ ആരോരുമില്ലാതെ, ആരോടും മിണ്ടാതെ, ആരെയും കാണാതെ, ഒറ്റയ്ക്ക് മരിക്കുന്ന കാഴ്ച വളരെ ദുഃഖകരമാണ്. ഐസിയു ആയതുകൊണ്ട് ശ്വാസമെടുക്കാൻ പെടാപ്പാടു പെടുന്ന കാഴ്ചയും സ്ഥിരം കാണുന്നതാണ്. അത് മാനസികമായി വലിയ പ്രയാസമുണ്ടാക്കുന്ന ഒന്നാണ്." ജുവാനിത പറഞ്ഞു.

 

 

ലണ്ടനിലെ ആശുപത്രിയിലെ ഐസിയുവിൽ കൊവിഡ് വരും മുമ്പുണ്ടായിരുന്നത് 34 കിടക്കകളായിരുന്നു. ഇപ്പോൾ അത് വർധിപ്പിച്ച് 60 ആക്കിയിട്ടുണ്ട്. ഐസിയു കൃത്യമായി പ്രവർത്തിപ്പിക്കാൻ കണക്കാക്കി 175 പേരടങ്ങുന്ന നഴ്‌സുമാരുടെ ഒരു സംഘം തന്നെ ഇരുപത്തിനാലുമണിക്കൂറും പ്രവർത്തന സജ്ജരായി ജുവാനിതയുടെ കൂടെയുണ്ട്. ഇന്ന് കൊറോണവൈറസിനോടുള്ള പോരാട്ടത്തിൽ ലണ്ടൻ നഗരത്തിലെ ജനങ്ങളെ കൈവെള്ളയിൽ വെച്ച് കാക്കുന്നത് ഈ മാലാഖമാരുടെ സംഘമാണ്. 


 

click me!