
കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു ആദ്യമായി 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' എന്ന മരുന്ന് രോഗമുക്തിയുണ്ടാക്കുമെന്ന വാദവുമായി രംഗത്തുവന്നത്. അന്ന് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കൊവിഡ് പ്രതിരോധത്തിനായാണ് 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' ഉപയോഗിച്ചിരുന്നത്. പ്രധാനമായും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇത് നല്‍കിവന്നിരുന്നതും. രോഗികളില്‍ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കപ്പെട്ടിരുന്നില്ല.
മലേരിയയ്ക്കുള്ള മരുന്നായ 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍'ന്റെ പ്രധാന ഉത്പാദകര്‍ ഇന്ത്യയാണ്. കൊവിഡ് 19 പടര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പക്കല്‍ നിന്ന് അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളും ഇത് വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് കൊവിഡ് 19 രോഗികളില്‍ 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' കാര്യമായ പ്രയോജനമുണ്ടാക്കുന്നില്ലെന്ന തരത്തിലും, ചിലരില്‍ ഇത് അപകരമായ മാറ്റത്തിന് കാരണമാകുന്നുവെന്ന തരത്തിലും പഠനങ്ങള്‍ വരാന്‍ തുടങ്ങി.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗികള്‍ക്ക് 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' നല്‍കരുതെന്നും അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ വേണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അതേസമയം കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി (പ്രിവന്റീവ് മെഡിസിന്‍) ഇത് ഉപയോഗിക്കുന്നതിന്റെ സാധ്യതകളെ പരിശോധിക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
'പല സംശയങ്ങളും ദുരൂഹതകളും ഈ വിഷയത്തില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് വളരെ വ്യക്തമാണ് കാര്യങ്ങളിപ്പോള്‍. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് 19 രോഗികളില്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. കൊവിഡ് മരണനിരക്ക് കുറയ്ക്കാനും ഇത് സഹായിക്കുന്നില്ല. എന്നാല്‍ രോഗം വരാതെ തടയുന്നതിന് വേണ്ടി ഈ മരുന്ന് ഉപകരിച്ചേക്കും എന്നൊരു സൂചനയുണ്ട്. അതും സ്ഥിരീകരിക്കപ്പെട്ട കാര്യമല്ല...'- ലോകാരോഗ്യ സംഘടനാ പ്രതിനിധി സൗമ്യ സ്വാമിനാഥന്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam