Asianet News MalayalamAsianet News Malayalam

കൊവിഡിന് പരീക്ഷിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിനെതിരെയുള്ള നിർണായക പഠനം പിൻവലിച്ച് ലാൻസെറ്റ് ജേർണൽ

"ഹൈഡ്രോക്സിക്ലോറോക്വിൻ നല്ലതാണ്, താൻ നിത്യേന ഓരോന്ന് വീതം കഴിക്കുന്നുണ്ട് " എന്നവകാശപ്പെട്ടതിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ചവരുടെ ബലവും ഇതേ പഠനം തന്നെയായിരുന്നു.
 

lancet withdraws the study against hydroxychloroquin saying it causes arrythmia while treating covid 19
Author
Boston, First Published Jun 5, 2020, 11:04 AM IST

'ആറു ഭൂഖണ്ഡങ്ങളിലുള്ള 671 ആശുപത്രികളിലെ 96,000 -ലധികം കൊവിഡ് രോഗികളിൽ നടത്തിയ വിശാലമായ പഠനം'  എന്നവകാശപ്പെട്ടുകൊണ്ട്  കഴിഞ്ഞ മെയ് 22 -ന് ലാൻസെറ്റ് എന്ന അന്താരാഷ്ട്ര വൈദ്യശാസ്ത്ര ജേർണൽ ഒരു ലേഖനം(‘Cardiovascular Disease, Drug Therapy, and Mortality in Covid-19’) പ്രസിദ്ധപ്പെടുത്തിയിരുന്നു. കൊവിഡിന്റെ ചികിത്സയ്ക്കായി ഈ മരുന്ന് സേവിക്കുന്ന രോഗികളിൽ ഹൃദയതാളം ക്രമരഹിതമായിപ്പോകുന്ന അറിഥ്മിയ (Arrhythmia) എന്ന ഹൃദ്രോഗമുണ്ടാക്കുകയും ഹൃദയം സ്തംഭിച്ച് അവരിൽ പലരും മരിച്ചു പോവുകയുമുണ്ടായി എന്നതായിരുന്നു പഠനത്തിലെ കണ്ടെത്തൽ.

ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിച്ച രോഗികളിൽ മരണനിരക്ക് 34 ശതമാനവും പ്രസ്തുത മരുന്ന് കഴിച്ച രോഗികളിൽ അറിഥ്മിയ വരാനുള്ള സാധ്യത 137 ശതമാനവും വർധിച്ചു എന്നായിരുന്നു പഠനം സൂചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന ആന്റി-മലേറിയൽ ഡ്രഗ്ഗിനെ കൊവിഡ് പ്രതിരോധത്തിനായി പരീക്ഷിക്കുന്നതിനുള്ള ക്ലിനിക്കൽ ട്രയലുകൾ തടഞ്ഞിരുന്നു. ഇതേ പഠനമാണ് ഇപ്പോൾ ഡാറ്റയിലെ കൃത്യതക്കുറവ് ചൂണ്ടിക്കാണിച്ചുകൊണ്ട്, പ്രസിദ്ധപ്പെടുത്തിയ ലാൻസെറ്റ് ജേർണൽ തന്നെ പിൻവലിച്ചിട്ടുള്ളത്. 

ബോസ്റ്റണിലെ ബ്രിഗം വിമൻസ് ഹോസ്പിറ്റലിലെ  പ്രൊഫ. മൻദീപ് മെഹ്റയായിരുന്നു ഈ ലേഖനത്തിന്റെ മുഖ്യ രചയിതാവ്. തനിക്ക് പഠനത്തിന് വേണ്ട ഡാറ്റ തന്ന സർജിസ്ഫിയർ എന്ന അമേരിക്കൻ കമ്പനിയുടെ ഡാറ്റയിൽ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ലേഖനം പിൻവലിക്കാനുള്ള കാരണമായി പ്രൊഫ. മെഹ്‌റ പറഞ്ഞത്. ലേഖനം പിൻവലിച്ച നടപടിക്ക് പിന്നാലെ ലാൻസെറ്റിന്റെ എഡിറ്റർ റിച്ചാർഡ് ഹോർട്ടനും സംഭവത്തിൽ തന്റെ നടുക്കം രേഖപ്പെടുത്തി. ലോകം ഒരു മഹാമാരിയിൽ പെട്ടുഴലുമ്പോൾ ഗവേഷകസമൂഹം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ മകുടോദാഹരണമാണ് ഈ സംഭവം എന്നും ഹോർട്ടൻ പറഞ്ഞു. ഏഷ്യയിലെ ചില രോഗികളെ ഓസ്‌ട്രേലിയയിലെ എന്ന് രേഖപ്പെടുത്തി എന്നതാണ് സർജിസ്ഫിയർ കമ്പനിക്കെതിരെ ഉയർന്ന മുഖ്യ ആരോപണം. എന്നാൽ താൻ ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണ് എന്നാണ് സർജിസ്ഫിയർ സിഇഒ സപൻ ദേശായി പ്രതികരിച്ചത്. 

കഴിഞ്ഞ മാസം അവസാനത്തോടെ ലാൻസെറ്റ് പുറത്തുവിട്ട ഈ പഠനം  ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്നിന്റെ കൊവിഡ് ട്രയലിനെ വളരെ മോശമായ രീതിയിൽ ബാധിച്ച ഒന്നാണ്. പല രാജ്യങ്ങളും ഈ പഠനത്തെ മാത്രം ആശ്രയിച്ചാണ് പ്രസ്തുത മരുന്ന് തങ്ങളുടെ നാട്ടിലെ രോഗികൾക്ക് നൽകുന്നതിൽ നിന്ന് പിൻവലിഞ്ഞത്. ലോകാരോഗ്യ സംഘടനപോലും ഈ പഠനത്തെ മാത്രം ആശ്രയിച്ചുകൊണ്ട് ഹൈഡ്രോക്സി ക്ലോറോക്വിന്റെ ക്ലിനിക്കൽ ട്രയൽസ് തടഞ്ഞിരുന്നു. എന്തിന്,"ഹൈഡ്രോക്സിക്ലോറോക്വിൻ നല്ലതാണ്, താൻ നിത്യേന ഓരോന്ന് വീതം കഴിക്കുന്നുണ്ട് " എന്നവകാശപ്പെട്ടതിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്  ട്രംപിനെ വിമർശിച്ചവരുടെ ബലവും ഇതേ പഠനം തന്നെയായിരുന്നു.

 

lancet withdraws the study against hydroxychloroquin saying it causes arrythmia while treating covid 19

 

ലാൻസെറ്റ് ഈ പഠനം പിൻവലിച്ചതിനു തൊട്ടു പിന്നാലെ തന്നെ സർജിസ്ഫിയർ നൽകിയ ഡാറ്റയെ അധിഷ്ഠിതമായി നടത്തിയ മറ്റൊരു പഠനം പിൻവലിച്ചുകൊണ്ട്  ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനും രംഗത്തുവന്നു. ലാൻസെറ്റ് പഠനവുമായി ബന്ധമുള്ള അതേ പ്രൊഫ. മൻദീപ് മെഹ്‌റയും സപൻ ദേശായിയും സഹരചയിതാക്കളായി ക്രെഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നതാണ് ആ പഠനവും. 

"ഞങ്ങൾ ഈ ലേഖനം വായിച്ചതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾക്ക് ശാസ്ത്ര സമൂഹത്തോടും, ഞങ്ങളുടെ വായനക്കാരോടും നിർവ്യാജം ഖേദിക്കുന്നു" എന്ന ക്ഷമാപണത്തോടെയാണ് ലാൻസെറ്റ് വിവാദസ്‌പദമായ ഈ പഠനം പിൻവലിച്ചിരിക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios