'കൊവിഡ് 19 അടങ്ങിയിട്ടില്ല'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Web TeamFirst Published Jul 10, 2021, 6:50 PM IST
Highlights

വിവിധ രാജ്യങ്ങളോട് അവിടങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പരിശോധന നടത്താന്‍ ലോകാരോഗ്യ സംഘടന ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നമ്മള്‍ ആര്‍ജ്ജിച്ചെടുത്ത ശക്തി ചോര്‍ന്നുപോകാനും ആരോഗ്യമേഖയെ പ്രതിസന്ധിയിലാക്കാനും ഇപ്പോഴുള്ള അശ്രദ്ധ കാരണമാകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു

കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് ലോകം. 2019 അവസാനത്തിലാണ് ആദ്യമായി കൊവിഡ് 19 എന്ന വൈറസ് ബാധ സ്ഥിരീകരിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് ഇതുവരെയും ലോകരാജ്യങ്ങളെല്ലാം തന്നെ ഈ മഹാമാരിയുമായുള്ള അതിശക്തമായ പോരാട്ടത്തില്‍ തന്നെയാണ്. 

പല രാജ്യങ്ങളിലും മഹാമാരിയുടെ രണ്ടും മൂന്നും താണ്ഡവം വന്നുകഴിഞ്ഞു. ഇന്ത്യയിലും രൂക്ഷമായ രണ്ടാം തരംഗത്തിന് നമ്മള്‍ സാക്ഷിയാവുകയുണ്ടായി. ഇനിയിതാ മൂന്നാം തരംഗത്തിനുള്ള ഭീഷണിയും ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. 

ഇതിനിടെ പലയിടങ്ങളിലും കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും ഭാഗികമായെങ്കിലും നീക്കം ചെയ്യുന്ന സാഹചര്യവും നാം കണ്ടു. ഈ പശ്ചാത്തലത്തില്‍ കൊവിഡ് 19ന് ശമനം സംഭവിച്ചുവെന്ന് കരുതുന്നവരും അതോടെ സ്വതന്ത്രമായി പഴയ ജീവിതത്തിലേക്ക് മടങ്ങാമെന്ന് കണക്കുകൂട്ടുന്നവരും കുറവല്ല. 

എന്നാല്‍ നിലവില്‍ അതിന് സമയമായിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ വീണ്ടും നടത്തുകയാണ് ലോകാരോഗ്യ സംഘടന. മുമ്പും ഇതേ കാര്യം ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസവും ലോകാരോഗ്യ സംഘടന, ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 

 

 

'ഇക്കഴിഞ്ഞ 24 മണിക്കൂറിനകം അഞ്ച് ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 9,300ഓളം മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനര്‍ത്ഥം മഹാമാരിക്ക് ശമനം വന്നിട്ടില്ല എന്ന് തന്നെയാണ്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴിലുള്ള ആറ് മേഖലകളില്‍ അഞ്ചിലും കൊവിഡ് കേസുകള്‍ കൂടുകയാണ്. ആഫ്രിക്കയിലാണെങ്കില്‍ മരണനിരക്ക് 30ഉം 40 ഉം ശതമാനത്തിലേക്കാണ് ചാടിയിരിക്കുന്നത്...'- സൗമ്യ സ്വാമിനാഥന്‍ പറയുന്നു. 

ആഗോളതലത്തില്‍ തന്നെ കൊവിഡ് കേസുകളില്‍ ഇപ്പോഴും വര്‍ധനവ് വരാന്‍ കാരണം, പ്രധാനമായും 'ഡെല്‍റ്റ' വകഭേദത്തിലുള്ള കൊറോണ വൈറസാണെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ വാക്‌സിനേഷന്‍ നടപടികള്‍ പതിയെ ആകുന്നതും, നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുന്നതും കേസുകള്‍ വര്‍ധിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

വിവിധ രാജ്യങ്ങളോട് അവിടങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പരിശോധന നടത്താന്‍ ലോകാരോഗ്യ സംഘടന ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നമ്മള്‍ ആര്‍ജ്ജിച്ചെടുത്ത ശക്തി ചോര്‍ന്നുപോകാനും ആരോഗ്യമേഖയെ പ്രതിസന്ധിയിലാക്കാനും ഇപ്പോഴുള്ള അശ്രദ്ധ കാരണമാകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. 

 


'എല്ലാവരും സുരക്ഷിതരാണ്. വാക്‌സിനുണ്ട്, കേസുകള്‍ കുറഞ്ഞുവരുന്നു, എല്ലാം പഴയപോലെ ആകുന്നു, സാധാരാണജീവിതത്തിലേക്ക് മടങ്ങാറായി എന്ന് ആരെങ്കിലും നിലവില്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് അബദ്ധമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകത്ത് എവിടെയുള്ള ആളുകള്‍ക്കും അങ്ങനെ ചിന്തിക്കാറായാട്ടില്ല...'- ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാം മേധാവി മൈക്ക് റയാനും പറയുന്നു.

Also Read:- രാജ്യത്ത് കൊവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടുന്നതായി ആരോഗ്യ മന്ത്രാലയം

click me!