ഫോണ്‍ നോക്കി സമയം കളയുന്നത് അപകടം; അഞ്ച് നിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന

By Web TeamFirst Published Mar 25, 2020, 3:56 PM IST
Highlights

ദിവസങ്ങളോളം പുറത്തുപോകാതെയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെയും ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണിനെ മാത്രമാണ് പലരും പൂര്‍ണ്ണമായി ആശ്രയിക്കുന്നത്. എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ ഫോണ്‍ ഉപയോഗത്തിന് കൃത്യമായി സമയപരിധി നിശ്ചയിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു
 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം 21 ദിവസത്തേക്ക് അടച്ചുപൂട്ടിയിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായി വീട്ടില്‍ തന്നെ തുടരാനാണ് സര്‍ക്കാരുകളുടെ നിര്‍ദേശം. ദിവസങ്ങളോളം പുറത്തുപോകാതെയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെയും ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണിനെ മാത്രമാണ് പലരും പൂര്‍ണ്ണമായി ആശ്രയിക്കുന്നത്. 

എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ ഫോണ്‍ ഉപയോഗത്തിന് കൃത്യമായി സമയപരിധി നിശ്ചയിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വീട്ടിലിരിക്കുമ്പോള്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച് ലോകാരോഗ്യ സംഘടന തന്നെ ഒരു പട്ടികയും പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. 

എന്തൊക്കെയാണ് ആ അഞ്ച് കാര്യങ്ങള്‍?

1. എന്തെങ്കിലും വ്യായാമങ്ങളിലേര്‍പ്പെടുക. ഇതിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവശ്യമെങ്കില്‍ അത് തെരഞ്ഞെടുക്കാം. ആരോഗ്യത്തോടെയുള്ള ശരീരത്തിന് എപ്പോഴും അധ്വാനം ആവശ്യമാണ്. വെറുതെ വീട്ടിലിരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നമ്മള്‍ മറന്നുപോയേക്കാം. എന്നാലത് ശരീരത്തിന് അത്യവശ്യമാണെന്ന് മനസിലാക്കുക.  

2. പാട്ട് വച്ച് ഡാന്‍സ് ചെയ്യാം. ഒരു വിനോദം എന്നതില്‍ക്കവിഞ്ഞ് പാട്ട് കേള്‍ക്കുന്നതിനും നൃത്തം ചെയ്യുന്നതിനുമെല്ലാം 'തെറാപ്പി'കളുടെ ഗുണം നല്‍കാനാകുമെന്ന് പല പഠനങ്ങളും നേരത്തേ സ്ഥാപിച്ചിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കില്‍ അത് കുറയ്ക്കാനും ഇത് സഹായകമാണ്. 

3. ബോറടി മാറ്റാന്‍ വീഡിയോ ഗെയിം കളിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അല്‍പം നിയന്ത്രണം വയ്ക്കാനും സ്വയം കഴിയണം. 

4. സ്‌കിപ്പിംഗ് ചെയ്യാം. വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ അലസത മാറ്റാന്‍ സ്‌കിപ്പിംഗ് ഏറെ സഹായകമാണ്. ടെറസിലേക്കോ മുറ്റത്തേക്കോ മാറിക്കൊണ്ട് സ്‌കിപ്പിംഗ് ചെയ്യുമ്പോള്‍ 'ഫ്രഷ്' ആയതുപോലെ ഒരനുഭവം ലഭിച്ചേക്കാം. 

5. വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ അത് പേശികളേയും മോശമായി ബാധിച്ചേക്കാം. അതിനാല്‍ പേശികള്‍ക്ക് ബലമേകുന്ന തരത്തിലുള്ള ചില വ്യായാമങ്ങള്‍ ഈ സമയങ്ങളില്‍ ചെയ്തുനോക്കാം.

 

click me!