വായുവിലൂടെ കൊവിഡ് പകരുന്നു?; പുതിയ മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

By Web TeamFirst Published Jul 10, 2020, 10:19 PM IST
Highlights

രോഗിയായ ഒരാളുടെ വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന ശരീരസ്രവങ്ങളുടെ കണികകള്‍ മറ്റുള്ളവരുടെ ശരീരത്തിലെത്തുന്നതോടെ മാത്രമാണ് രോഗം പകരുന്നത് എന്ന അനുമാനത്തിലായിരുന്നു മാസങ്ങളോളമായി ആരോഗ്യരംഗം. എന്നാല്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളുടെ അവശിഷ്ടങ്ങള്‍ വായുവില്‍ തങ്ങിനില്‍ക്കുകയോ, വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്‌തേക്കാമെന്നും ഇതുവഴി രോഗം പടര്‍ന്നേക്കാമെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്
 

കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് ലോകം. വാക്‌സിന്‍ എന്ന പ്രതീക്ഷ ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല എന്നതിനാല്‍ രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തന്നെയാണ് ഇപ്പോഴും രാജ്യങ്ങള്‍ മുന്നോട്ടുപോകുന്നത്. 

ഇതിനിടെ രോഗകാരിയായ 'നോവല്‍ കൊറോണ വൈറസി'നെ പറ്റിയും രോഗത്തെ പറ്റിയുമെല്ലാം ഓരോ ദിവസവും പുതിയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായൊരു വിവരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗവേഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. 

കൊവിഡ് 19 വായുവിലൂടെ പകരുന്നുവെന്നതാണ് ഈ കണ്ടെത്തല്‍. അതായത്, രോഗിയായ ഒരാളുടെ വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന ശരീരസ്രവങ്ങളുടെ കണികകള്‍ മറ്റുള്ളവരുടെ ശരീരത്തിലെത്തുന്നതോടെ മാത്രമാണ് രോഗം പകരുന്നത് എന്ന അനുമാനത്തിലായിരുന്നു മാസങ്ങളോളമായി ആരോഗ്യരംഗം.

എന്നാല്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളുടെ അവശിഷ്ടങ്ങള്‍ വായുവില്‍ തങ്ങിനില്‍ക്കുകയോ, വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്‌തേക്കാമെന്നും ഇതുവഴി രോഗം പടര്‍ന്നേക്കാമെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള 239 ഗവേഷകരാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

 

 

ഇവരുടെ വാദം ശരിയാണെങ്കില്‍ നിലവില്‍ രോഗത്തെ പ്രതിരോധിക്കാന്‍ നമ്മള്‍ പ്രധാനമായും ആശ്രയിക്കുന്ന മാസ്‌ക്, ഇടവിട്ടുള്ള കൈ കഴുകല്‍ എന്നീ നടപടികള്‍ പര്യാപ്തമാകില്ല. മറ്റ് മാര്‍ഗങ്ങള്‍ കൂടി അവലംബിക്കേണ്ടതായ സാഹചര്യമുണ്ടാകും. 

അതേസമയം ഗവേഷകരുടെ പുതിയ വാദത്തെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗവും സജീവമാകുന്നുണ്ട്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധരാണ് ഇക്കൂട്ടത്തില്‍ അധികവും. ഇത്തരത്തില്‍ വായുവിലൂടെ രോഗം പകരുന്നുണ്ടെങ്കില്‍ ഇതുവരെ രോഗം പകര്‍ന്നുകിട്ടിയ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഇത്രയല്ല, ഇതിലുമെത്രയോ ഇരട്ടിയായേനെ എന്നാണവര്‍ സമര്‍ത്ഥിക്കുന്നത്. 

വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലിനെ മുന്‍നിര്‍ത്തി പുതിയ മാര്‍ഗനിര്‍ദേശമിറക്കാന്‍ ലോകാരോഗ്യ സംഘടനയെ നിര്‍ബന്ധിച്ചു. ഇപ്പോഴിതാ അതനുസരിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 

വായുവിലൂടെയും കൊവിഡ് 19 പകരാമെന്നും ആ സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്നുമാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ വായുവിലൂടെ രോഗം പകരുന്നത് ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്നും അവര്‍ അടിവരയിട്ടോര്‍മ്മിപ്പിക്കുന്നു. 

 

 

'അടഞ്ഞ സ്ഥലങ്ങള്‍, അതുപോലെ റെസ്റ്റോറന്റുകള്‍,  നൈറ്റ് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍, ഓഫീസുകള്‍ എന്നിങ്ങനെയുള്ളിടത്തെല്ലാം ആളുകള്‍ ഒത്തുകൂടുന്നുണ്ട്. എന്നുമാത്രമല്ല, ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കാനോ, ചിരിക്കാനോ, പാട്ടുപാടാനോ എല്ലാം സാധ്യതകളുള്ള സ്ഥലങ്ങളുമാണ്. ഇത്തരം ഇടങ്ങള്‍ അടഞ്ഞത് കൂടിയാണെങ്കില്‍ വായുവിലൂടെ രോഗം പകരാനുള്ള സാഹചര്യമുണ്ടായേക്കാം...'- ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

കാര്യങ്ങളിങ്ങനെയെല്ലാമാണെങ്കിലും ലോകാരോഗ്യ സംഘടനയും ഗവേഷകരും ആരോഗ്യ വിദഗ്ധരുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്- അധികം കേസുകളും രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെ തന്നെയാണ് വന്നിട്ടുള്ളത് എന്നാണ്. അതേസമയം വായുവില്‍ തങ്ങിനിന്നോ, വായുവിലൂടെ സഞ്ചരിച്ചോ രോഗകാരി മറ്റുള്ളവരിലേക്കെത്തുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും പറയുന്നു. ഏറ്റവും ചെറിയ സാധ്യതകളെപ്പോലും പരിഗണിക്കേണ്ടതായ അവസ്ഥയാണ് നിലവിലുള്ളത്. അതിനാല്‍ത്തന്നെ അവയെക്കൂടി മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്നത് തന്നെയായിരിക്കും എപ്പോഴും അഭികാമ്യം.

Also Read:- കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കുന്നതെങ്ങനെ; ​ഗവേഷകർ പറയുന്നു...

click me!