World Hemophilia Day 2022 : ഇന്ന് ലോക ഹീമോഫീലിയ ദിനം; ഏറെ ജാഗ്രത ആവശ്യമായ രോഗം

By Web TeamFirst Published Apr 17, 2022, 5:06 PM IST
Highlights

മിക്കവര്‍ക്കും എന്താണ് ഹീമോഫീലിയ എന്ന അസുഖമെന്ന് അറിയില്ല. പലപ്പോഴും ഇത് തിരിച്ചറിയാനും ആവശ്യമായ ചികിത്സ എടുക്കാനും കഴിയാതെ ധാരാളം പേരുടെ ജീവന്‍ അപകടത്തിലാകാറുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ഇന്ന് ഏപ്രിൽ 17, ലോക ഹീമോഫീലിയ ദിനം (world hemophilia day). മിക്കവർക്കും എന്താണ് ഹീമോഫീലിയ എന്ന അസുഖമെന്ന് അറിയില്ല. പലപ്പോഴും ഇത് തിരിച്ചറിയാനും ആവശ്യമായ ചികിത്സ എടുക്കാനും കഴിയാതെ ധാരാളം പേരുടെ ജീവൻ അപകടത്തിലാകാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 

സാധാരണഗതിയിൽ നമ്മുടെ ശരീരത്തിൽ എന്തെങ്കിലും മുറിവോ പരിക്കോ പറ്റിയാൽ അതിന്റെ വലിപ്പം അനുസരിച്ചാണ് രക്തം പുറത്തുവരിക. ചെറിയ മുറിവുകളാണെങ്കിൽ വൈകാതെ തന്നെ ബ്ലീഡിംഗ് നിൽക്കുകയും ചെയ്യും. എന്നാൽ ഹീമോഫീലിയ ഉള്ളവരുടെ അവസ്ഥ നേരെ തിരിച്ചാണ്. പരിക്ക് ചെറുതായാലും വലുതായാലും ബ്ലീഡിംഗ് നിൽക്കാതിരിക്കുന്നതാണ് അവർ നേരിടുന്ന വെല്ലുവിളി.

 ഒരു പാരമ്പര്യ രക്തസ്രാവരോഗമാണ് ഹീമോഫീലിയ. രക്തം ശരിയായ രീതിയിൽ കട്ടപിടിക്കാത്ത അവസ്ഥയാണിത്. ഇത് സ്വയമേവയുള്ള രക്തസ്രാവം സംഭവിക്കാനും മുറിവ് അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവയെ തുടർന്ന് ഉണ്ടാകുന്ന രക്തസ്രാവം തുടരാനും കാരണമാകുന്നു. 

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളുടെ അഭാവമാണ് ഈ അവസ്ഥക്ക് കാരണം. തലയിൽ രക്തസ്രാവം ഉണ്ടാകുന്നത് അപസ്മാരത്തിനോ പക്ഷാഘാതത്തിനോ ഇടയാക്കും. ഗർഭാവസ്ഥ, സ്വയം രോഗപ്രതിരോധ അവസ്ഥകൾ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, കാൻസർ എന്നിവ ഇതിന് കാരണമാകാം.

മുറിവുകളിൽ നിന്ന് അമിതമായ രക്തസ്രാവം, വലിയതോ ആഴത്തിലുള്ളതോ ആയ ചതവുകൾ, വാക്സിനേഷനു ശേഷം അസാധാരണമായ രക്തസ്രാവം, വേദന, സന്ധികളിൽ നീർവീക്കം, മൂത്രത്തിലോ മലത്തിലോ രക്തം, മൂക്കിൽ നിന്ന് രക്തസ്രാവം എന്നിവയാണ് ഹീമോഫീലിയയുടെ ചില ലക്ഷണങ്ങളെന്ന് മയോക്ലിനിക് ചൂണ്ടിക്കാട്ടുന്നു.

"ഹീമോഫീലിയ ഒരു എക്സ് ലിങ്ക്ഡ് റീസെസീവ് ഡിസോർഡർ ആണ്. അതിനർത്ഥം ഹീമോഫീലിയയുടെ ജീൻ എക്സ് ക്രോമസോമിലാണ്. സ്ത്രീകൾക്ക് രണ്ട് എക്സ് ക്രോമസോമുകൾ ഉള്ളതിനാൽ സാധാരണയായി അവരെ ഹീമോഫീലിയ ബാധിക്കില്ല..."- മസീന ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ശ്വേത ബൻസാൽ പറയുന്നു.

1989-ൽ വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ (WFH) ആണ് ലോക ഹീമോഫീലിയ ദിനാചരണം ആരംഭിച്ചത്. WFH സ്ഥാപകനായ ഫ്രാങ്ക് ഷ്നാബെലിന്റെ ബഹുമാനാർത്ഥം ഈ ദിനം ആഘോഷിക്കാൻ സംഘടന ഏപ്രിൽ 17 തിരഞ്ഞെടുത്തു.

കുട്ടികളിലെ കൊവിഡ്; മാതാപിതാക്കള്‍ മനസിലാക്കേണ്ടത്..

click me!