
മെയ് 28 ന് ലോക ആർത്തവ ശുചിത്വ ദിനം ആചരിച്ച് വരുന്നു. ആർത്തവകാലത്ത് ശുചിത്വം പാലിക്കേണ്ടത് സ്ത്രീയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ആർത്തവ ശുചിത്വം ആരോഗ്യകരമായ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്. സാനിറ്ററി പാഡുകൾ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ട് ഒരു പ്രധാന പ്രശ്നമാണ്. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയില്ല. ഗ്രാമപ്രദേശങ്ങളിൽ, സ്ത്രീകൾ സാനിറ്ററി പാഡുകൾ ഉപയോഗിക്കുമ്പോൾ പോലും, അവർ അവ അമിതമായി ഉപയോഗിക്കുകയും 14-26 മണിക്കൂർ വരെ ഒരേ പാഡ് ധരിക്കുകയും ചെയ്യുന്നു. ഇത് അണുബാധകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
നല്ല ആർത്തവ ആരോഗ്യത്തിന് ശുചിത്വം വളരെ പ്രധാനമാണ്. ശുചിത്വമില്ലായ്മ, വൃത്തികെട്ട പാഡുകൾ/തുണി എന്നിവയുടെ ഉപയോഗം, വൃത്തിഹീനമായ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് എന്നിവ നിരവധി അണുബാധകൾക്കും രോഗങ്ങൾക്കും കാരണമാകും. മാത്രമല്ല, ഇത് ടോക്സിക് ഷോക്ക് സിൻഡ്രോം, സ്ത്രീകളുടെ മാനസികാരോഗ്യത്തെ പോലും ബാധിക്കുന്ന ദീർഘകാല അസ്വസ്ഥത എന്നിവയിലേക്ക് നയിച്ചേക്കാം. ഈ സങ്കീർണതകളുടെ ദീർഘകാല സാന്നിധ്യം സ്ത്രീയുടെ പ്രത്യുത്പാദന ആരോഗ്യത്തിൽ സ്ഥിരമായ സ്വാധീനം ചെലുത്തുകയും ഗർഭകാലത്ത് വന്ധ്യതയ്ക്കും അസാധാരണത്വത്തിനും കാരണമാവുകയും ചെയ്യും. അതിനാൽ, സ്ത്രീകൾ എല്ലായ്പ്പോഴും വൃത്തിയുള്ള പാഡുകൾ ഉപയോഗിക്കുകയും, ദിവസവും കുറഞ്ഞത് 2-3 തവണയെങ്കിലും അവ മാറ്റുകയും ശരിയായ രീതിയിൽ അവ നീക്കം ചെയ്യുകയും വേണമെന്ന് മണിപ്പാൽ ആശുപത്രി പട്യാലയിലെ ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ഗോൾഡി കാംബോജ് പറഞ്ഞു. ആർത്തവ ശുചിത്വത്തിൽ സ്ത്രീകൾ പാലിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
ആർത്തവ സമയത്ത് ഉപയോഗിക്കുന്ന സാനിട്ടറി പാഡ്, മെൻസ്ട്രൽ കപ്പ്, ടാമ്പൂൺ എന്നിവ നാലോ അഞ്ചോ മണിക്കൂർ ഇടവേളകളിൽ മാറ്റാൻ ശ്രദ്ധിക്കണം. മണിക്കൂറുകളോളം അവ ഉപയോഗിക്കുന്നത് ബാക്ടീരിയ രോഗങ്ങളും അണുബാധയുമുണ്ടാക്കും.
രണ്ട്
ഉപയോഗിച്ച സാനിട്ടറി പാഡുകളും ടാമ്പൂണുകളും കൃത്യമായി സംസ്‌കരിച്ചുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കടലാസിൽ വൃത്തിയായി പൊതിഞ്ഞ് അവ ഇടേണ്ട വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കാൻ സ്ത്രീകൾ ശ്രമിക്കുക.
മൂന്ന്
ദിവസത്തിൽ രണ്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് ജനനേന്ദ്രിയം കഴുകുകയും വേണം. വായു സഞ്ചാരമുള്ള കോട്ടൺ അടിവസ്ത്രങ്ങൾ വേണം ഈ സമയത്ത് ധരിക്കേണ്ടത്. ഇല്ലെങ്കിൽ ഇത് അണുബാധയ്ക്ക് ഇടയാക്കും.
നാല്
ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കാനും പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാനും സ്ത്രീകൾ ശ്രദ്ധിക്കണം. കഫീൻ അടങ്ങിയ ഭക്ഷണം, ഉപ്പ് ധാരാളം ചേർത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക.
അഞ്ച്
ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പടണോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ കാര്യമാണ്. ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നവർ സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടാൻ ശ്രദ്ധിക്കണം.
ആറ്
ആർത്തവദിനങ്ങൾ ആണെങ്കിലും അല്ലെങ്കിലും കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ആർത്തവ ദിനങ്ങളിൽ പ്രത്യേകിച്ചും. ആർത്തവവുമായി ബന്ധപ്പെട്ട് നിങ്ങൾ ഉപയോഗിക്കുന്ന അനുബന്ധ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന് മുൻപും ശേഷവും കൈകൾ രണ്ടും വൃത്തിയായി കഴുകണം.
ഏഴ്
യോനിയുടെ ഭാഗങ്ങളിൽ സുഗന്ധം അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സുഗന്ധം അടങ്ങിയിട്ടുള്ള ഏതൊരു ശുദ്ധീകരണ ഉൽപ്പന്നമോ ആർത്തവ ഉൽപ്പന്നമോ ആയിക്കൊള്ളട്ടെ. അവ ഉപയോഗിക്കുമ്പോൾ യോനിയിൽ കൂടുതൽ അണുബാധകൾ ഉണ്ടാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam