മന:ശാസ്ത്ര ചികിത്സ സിംപിള്‍ ആണോ? വ്യാജ ചികിത്സകരുടെ കയ്യില്‍ പെടാതെ സൂക്ഷിക്കുക!

Published : Oct 10, 2020, 08:49 AM ISTUpdated : Oct 10, 2020, 08:52 AM IST
മന:ശാസ്ത്ര ചികിത്സ സിംപിള്‍ ആണോ? വ്യാജ ചികിത്സകരുടെ കയ്യില്‍ പെടാതെ സൂക്ഷിക്കുക!

Synopsis

ശരീരത്തിന്‍റെ രോഗങ്ങള്‍ പരിഹരിക്കാന്‍ എത്ര സമയവും ക്ഷമയും ആവശ്യമാണോ അത്ര തന്നെ മനസിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാനായും വേണം. 

“അച്ഛാ, എനിക്ക് മനസ്സിന് ഭയങ്കര സങ്കടം ആണ്. ഞാന്‍ പരീക്ഷയ്ക്കു തോറ്റു പോകുമോ എന്ന പേടിയാ എനിക്ക് എപ്പോഴും. പഠിക്കാന്‍ ബുക്കെടുക്കുമ്പോള്‍ തന്നെ എനിക്ക് ടെന്‍ഷന്‍ ആണ്. എനിക്കൊരു സൈക്കോളജിസ്റ്റിനെ കാണണം അച്ഛാ”.

അച്ഛന്‍: “സൈക്കോളജിസ്റ്റോ, നിനക്കെന്താ ഭ്രാന്തുണ്ടോ”...  ചികിത്സയ്ക്കായി സൈക്കോളജിസ്റ്റിനെ സമീപിക്കുന്ന ആളുകള്‍ പൊതുവേ പറയാറുള്ള ഒരു കാര്യമാണ് മനസ്സിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്ന് വളരെ നാളുകളായി ആഗ്രഹം ഉണ്ടെങ്കിലും ആരുടേയും സപ്പോര്‍ട്ട് കിട്ടാതെ പോകുന്നുവെന്ന്. പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കപ്പെടാന്‍ ചികിത്സ തുടരാനായി പലര്‍ക്കും സാധിക്കാതെ വരുന്നതിന്‍റെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇതു തന്നെ.

മറ്റൊരു പ്രധാന പ്രശ്നം മന:ശാസ്ത്ര ചികിത്സയെപ്പറ്റി ശരിയായ ധാരണ ഇപ്പോഴും എല്ലാ ആളുകള്‍ക്കും ഇല്ല എന്നതാണ്. ഇതു വെറുതെ സംസാരിച്ചിരിക്കുക മാത്രമല്ലേ? വളരെ നിസ്സാരമായ ഒരു പണിയല്ലേ? ഇത്തരം തെറ്റായ ധാരണകള്‍ പലര്‍ക്കും ഉണ്ട് എന്നതിനാല്‍ തന്നെ ഒരാളുടെ മാനസിക പ്രശ്നങ്ങള്‍ എല്ലാം ആ വ്യക്തിക്കു സ്വയം പരിഹരിക്കാന്‍ കഴിയുന്ന അത്ര നിസ്സാരമായ ഒരു കാര്യം മാത്രമാണ് എന്നു തോന്നിപ്പോകുന്നു.

ചില ആളുകള്‍ മാനസിക പ്രശ്നമുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉപദേശം നല്‍കുക 'ഇതു സൈക്കോളജിസ്റ്റിന്‍റെ ഒന്നും സഹായം ആവശ്യമില്ല, നീ വെറുതെ ഇതൊന്നും ചിന്തിക്കാതെ ഇരുന്നാല്‍ മാത്രം മതി' എന്നായിരിക്കും. 'ചിന്തിക്കാതെ ഇരിക്കൂ' എന്നു പറയുക എളുപ്പമാണ് എങ്കിലും നെഗറ്റീവ് ചിന്തകള്‍ ഉള്ളവര്‍ക്ക് അതു മാറ്റി ചിന്തിക്കുക അത്ര എളുപ്പമല്ല. നെഗറ്റീവ് ചിന്തകള്‍ കാരണം ശരിയായി ഉറങ്ങാന്‍പോലും കഴിയാതെ വരുന്നു. ഇനി ഉറക്കം കിട്ടിയാലോ- സ്വപ്നങ്ങളുടെ രൂപത്തിലാവും പിന്നെ മനസ്സ് അസ്വസ്ഥമാവുക.

മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നുവെങ്കില്‍ നൂറ് ശതമാനം മാനസികാരോഗ്യമുള്ള സമൂഹമായി നമ്മള്‍ മാറിയേനെ. പക്ഷേ വാസ്തവം ഇതാണ്- ലോകത്ത് ഏറ്റവും അധികം ആളുകളെ മാനസികമായി തകര്‍ന്നിരിക്കുന്നത് വിഷാദരോഗാവസ്ഥ കാരണമാണ്. 264 മില്യണ്‍ ആളുകള്‍ക്ക് വിഷാദരോഗം ഉണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ 45 മില്യണ്‍, സ്കീസോഫ്രീനിയ പോലെയുള്ള മാനസിക രോഗങ്ങള്‍ 20 മില്യണ്‍ എന്നിങ്ങനെയാണ് കണക്കുക. കൊവിഡ് പ്രതിസന്ധിയില്‍ മാനസിക പ്രശ്നങ്ങള്‍ ആളുകളില്‍ പൊതുവേ കൂടിയിട്ടുണ്ട്.

ശരീരത്തിന്‍റെ രോഗങ്ങള്‍ പരിഹരിക്കാന്‍ എത്ര സമയവും ക്ഷമയും ആവശ്യമാണോ അത്ര തന്നെ മനസിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാനായും വേണം. എളുപ്പത്തില്‍ ഒരു മാജിക്‌ പോലെ നൊടിയിടയില്‍ സാധ്യമായ ഒന്നല്ല അത്. ഒരു പ്രൊഫഷണല്‍ സൈക്കോളജിസ്റ്റ്- അതായത് യഥാര്‍ത്ഥത്തില്‍ സൈക്കോളജി പഠിച്ച്, ചികിത്സയില്‍ പ്രാവീണ്യം നേടിയ ഒരു സൈക്കോളജിസ്റ്റ് ഒരിക്കലും ഒരു മന്ത്രവാദി അല്ല. മന്ത്രവാദമോ കണ്‍കെട്ടു വിദ്യകളോ പ്രയോഗിച്ചു ചികിത്സ വാഗ്ദാനം ചെയ്യുന്നവര്‍ ഒന്നും യഥാര്‍ത്ഥ വിദ്യാഭ്യാസ യോഗ്യതയുള്ള സൈക്കോളജിസ്റ്റ് അല്ല. ചികിത്സ തേടിയെത്തുന്ന ഓരോ വ്യക്തിയുടെയും വളരെ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ പൊതുസമൂഹത്തിന്‍റെ മുന്നില്‍ വിളിച്ചു പറയുന്നവര്‍ തീര്‍ച്ചയായും ഒരു വ്യാജ മന:ശാസ്ത്ര ചികിത്സകന്‍ ആയിരിക്കും.

ചികിത്സയ്ക്കായി ഒരു വ്യക്തി വരുമ്പോള്‍ ആ വ്യക്തിക്ക് എന്തു മാനസിക പ്രശ്നമാണ് എന്നു രോഗനിര്‍ണ്ണയം നടത്തുകയാണ് ആദ്യപടി. 'International Classification of Disorders' (ICD), 'Diagnostic and Statistical Manual' (DSM) മുതലായവയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരവും, മറ്റു മന:ശാസ്ത്ര പരിശോധനകളെ അടിസ്ഥാനമാക്കിയുമാണ് രോഗനിര്‍ണ്ണയം നടത്തുക. ഇതു സാധ്യമാകാന്‍ സൈക്കോളജി പഠിക്കുക തന്നെ വേണം. അല്ലാതെ ഒരു കോട്ടും വാതോരാതെ സംസരിക്കാനും കഴിയുന്നുണ്ടെങ്കില്‍ സൈക്കോളജിസ്റ്റ് ആയിക്കഴിഞ്ഞു എന്നു ചിന്തിച്ചു വ്യാജ ചികിത്സ നടത്തുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്.

ഈ കൊവിഡ് കാലത്ത് നിരവധി ഓണ്‍ലൈന്‍ സൈക്കോളജി കോഴ്സുകളുടെ പരസ്യങ്ങള്‍ കാണുന്നുണ്ട്. രണ്ട് ദിവസവും ഒരാഴ്ചയും മാത്രം പഠിച്ചാല്‍ മതി സൈക്കോളജിസ്റ്റ് ആക്കിത്തരാം എന്ന വാഗ്ദാനവുമായി. അത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെ കെണിയില്‍ വീഴാതെ ഇരിക്കുക. ഒരു പനി വന്നാല്‍ എങ്ങനെ ചികിത്സതേടും എന്നപോലെ (പറയുമ്പോള്‍ എത്ര എളുപ്പം അല്ലേ) സൈക്കോളജിസ്റ്റിനെ സമീപിക്കേണ്ട ഒരവസ്ഥ ഇന്ന് യഥാര്‍ത്ഥത്തില്‍ നമുക്കുണ്ട്. അത്രത്തോളം മോശമായ അവസ്ഥയിലാണ് ഇന്നു നമ്മുടെ സമൂഹത്തിന്‍റെ മാനസികാരോഗ്യം.

ഭര്‍ത്താവ് ഭാര്യയെ കൊല്ലുന്നു, വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ ചെന്നെത്തുന്നു, അമ്മ കുട്ടിയുമായി ആത്മഹത്യക്കു ശ്രമിക്കുന്നു- ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒന്നും പെട്ടെന്നൊരു നിമിഷത്തില്‍ തോന്നിയ പ്രകോപനം കൊണ്ടല്ല. വര്‍ഷങ്ങളായി ചികിത്സ കിട്ടാതെ, ആരെയും അറിയിക്കാതെ മൂടിവച്ച മാനസിക പ്രശ്നങ്ങള്‍ ആകാം ഇത്തരം അവസ്ഥയില്‍ ചെന്നെത്തുന്നത്. മറ്റുള്ളവര്‍ അറിയും എന്ന ഭയത്തിലും എത്രയോ വലുതാണ് ഒരു വ്യക്തിയുടെ നല്ല ആരോഗ്യമുള്ള മനസ്സും സമാധാനമുള്ള ജീവിതവും എന്നു നാം ചിന്തിക്കണം.

എഴുതിയത്:
പ്രിയ വര്‍ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്.
പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല
For appointments call: 8281933323

 

 


 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?