കൊവിഡ് മുറിവേല്‍പ്പിക്കുന്ന മനസുകള്‍; ഇന്ന് ലോക മാനസികാരോഗ്യ ദിനം

By Web TeamFirst Published Oct 10, 2020, 8:08 AM IST
Highlights

ഒക്ടോബര്‍ 10- ലോക മാനസികാരോഗ്യ ദിനം. കൊവിഡ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോള്‍ അത് മാനസികമായും അവരെ ബാധിച്ചു. 

ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുമ്പോള്‍ ഈ കൊവിഡ് കാലത്ത് അതിന്റെ പ്രസക്തി ഏറെയാണ്. കൊവിഡ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോള്‍ അത് മാനസികമായും അവരെ ബാധിച്ചു. ഒരു പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു മാനസികസംഘര്‍ഷത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നു പോകുന്നത്. ലോക്ഡൗണിന് ശേഷം മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ വര്‍ദ്ധനവുണ്ടായെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 'എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും'എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ സന്ദേശം. മാനസികമായി സമ്മര്‍ദ്ദം അനുഭവിക്കുന്ന ഓരോരുത്തര്‍ക്കും സഹായം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ലോകമെമ്പാടും മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു കൊവിഡ് മഹാമാരിയുടെ വരവും ക്വാറന്റൈനും ലോക്ഡൗണുമെല്ലാം. ഈ സാഹചര്യത്തില്‍ ദിനചര്യകളില്‍ മാറ്റം വരുത്തേണ്ടത് എല്ലാവരുടെയും ആവശ്യകത മാത്രമല്ല, മറിച്ച് നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്.

എല്ലാ മനുഷ്യരും മോശം സമയങ്ങളിലൂടെ കടന്നുപോകാറുണ്ട്. നഷ്ടങ്ങള്‍ നേരിടുമ്പോള്‍, നിരാശകളിലൂടെയും പ്രതികൂല സാഹചര്യങ്ങളിലൂടെയും കടന്നു പോകുമ്പോള്‍, ഓരോരുത്തരും പ്രതികരിക്കുക വ്യത്യസ്ത രീതിയിലാകും. ചിലര്‍ പൂര്‍ണമായും തളര്‍ന്നു പോകും, ആത്മഹത്യയെ വരെ ആശ്രയിച്ചേക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ അത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന മാനസികാഘാതത്തെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് കാണിക്കും. ആ അതിജീവനമാണ് മനസിനെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള ആയുധം. അതിജീവനമെന്ന ഈ കഴിവിലൂടെ ഏത് സാഹചര്യത്തിലും കൂടുതല്‍ വഴക്കത്തോടെയും ശ്രദ്ധയോടെയും കാര്യങ്ങളെ ഉള്‍ക്കൊണ്ട് പെരുമാറാന്‍ എല്ലാവര്‍ക്കും സാധിക്കും. ഈ കരുത്ത് ആര്‍ജിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. പ്രതിസന്ധിഘട്ടങ്ങളെ മാനസികമായി തരണം ചെയ്യാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ ചില ശീലങ്ങളിലൂടെ സാധിക്കും. ശരീരത്തിന്റെ ആരോഗ്യത്തിനായി പ്രയത്‌നിക്കുന്ന നമുക്ക് മനസിന്റെ ആരോഗ്യത്തിനായും അല്‍പ്പം ശ്രമിക്കാം.

ക്രിയാത്മകവും പോസിറ്റീവുമായിരിക്കാനും വിശ്വാസവും പ്രത്യാശയും ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നത് തന്നെയാണ് മാനസികാരോഗ്യം ഊട്ടിയുറപ്പിക്കാനുള്ള പ്രധാന മരുന്ന്. കോഗ്നീറ്റീവ് തെറാപ്പി, മെഡിറ്റേഷന്‍, തുറന്നെഴുത്തുകള്‍, മറ്റ് സൈക്കോതെറാപ്പികള്‍ എന്നിവ പ്രൊഫഷണലുകളുടെ സഹായത്തോടെ ചെയ്യാം. സ്വയം വിലയിരുത്തുക, മറ്റുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുക, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ എങ്ങനെ നിറവേറ്റുന്നു എന്ന് മനസിലാക്കുക, സമ്മര്‍ദ്ദത്തിലാണോ,  മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടോ, എന്നീ കാര്യങ്ങള്‍ തിരിച്ചറിയുക... തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുന്നതാണ് മുകളില്‍ പറഞ്ഞ 'കഠിനാധ്വാനങ്ങള്‍'. ദിനചര്യകളെയും മറ്റും നിരീക്ഷിക്കാന്‍ സഹായിക്കുന്ന ധാരാളം ആപ്ലിക്കേഷനുകള്‍ വരെ ഇന്ന് ലഭ്യമാണ്. എന്നാല്‍ കണ്ണുംപൂട്ടി ഇവ വിശ്വസിക്കരുത്. ആധികാരികമായവയെ തെരഞ്ഞെടുക്കുകയോ വിശ്വസനീയമായ ആപ്പുകള്‍ ഏതെന്ന് അറിയാന്‍ പ്രൊഫഷണലുകളുടെ സഹായം തേടുകയോ ആണ് ചെയ്യേണ്ടത്.  എന്നാല്‍ പ്രൊഫഷണലുകളുടെ സഹായം തേടുന്നതിന് ബദലായ മാര്‍ഗമായി ആപ്ലിക്കേഷനുകളെ കാണരുത്.

മാനസികാരോഗ്യ പ്രശ്‌നങ്ങളെ കറിച്ച് ആളുകളെ ബോധവല്‍ക്കരിക്കേണ്ടതും പ്രധാനമാണ്. ഈ വൈകാരിക പ്രക്ഷുബ്ധത ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ഇത് സാധാരണമാണെന്നും ഓരോരുത്തരിലും തിരിച്ചറിവുണ്ടാക്കുക. സ്വന്തം മനസിനെ സ്വയം സഹായിക്കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കും. മനസിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുങ്ങുമ്പോള്‍ സ്വയം അഭിനന്ദിക്കാനും മറക്കരുത്. അതും ഒരു തെറാപ്പി തന്നെയാണ്.

ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്ന മഹാമാരിയാകും ഏറ്റവും വലിയ സൈക്കോളജിക്കല്‍ റിസര്‍ച്ചായി മാറുക. കൊവിഡ് വ്യാപനവും ക്വാറന്റൈനും സോഷ്യല്‍ ഐസൊലേഷനുമെല്ലാം മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ബോധ്യം എല്ലാവരിലുമുണ്ട്. അത് ഓരോരത്തരും അംഗീകരിക്കുകയും ചെയ്യുന്നു. ഈ സമ്മര്‍ദ്ദങ്ങളെല്ലാം സ്വാഭാവികമായും നയിക്കുക മറ്റൊരു വ്യാധിയായ വിഷാദരോഗത്തിലേക്കാകും. ഇത് ലഹരിവസ്തുക്കളില്‍ അടിമപ്പെടാനോ, ആത്മഹത്യയിലേക്ക് നയിക്കാനോ ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാലം മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൊവിഡ് കാലത്ത് ആശ്വാസമായി നിരവധി ക്ലിനിക്കുകള്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്നുണ്ട്. ടെലിഹെല്‍ത്ത് സേവനങ്ങള്‍ വളരെയേറെ സഹായകമാകുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കൊവിഡ് മഹാമാരിയെ പൂട്ടിക്കെട്ടാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സൈക്കോളജിസ്റ്റുകളും സോഷ്യല്‍വര്‍ക്കേഴ്‌സും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കൊവിഡ് ബാധിതര്‍ക്ക് പുറമെ, കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍, ജോലി നഷ്ടമായവര്‍ തുടങ്ങി കൊവിഡ് കാലം മനസിലുണ്ടാക്കിയിട്ടുള്ള നിരവധി അദൃശ്യമായ മുറിവുകള്‍ അവഗണിക്കപ്പെട്ടുകൂടാത്തതാണ്. ഇതിനായി ഓരോരുത്തരും പരസ്പരം കൈത്താങ്ങാകണം. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മനസിന് താങ്ങാകുക. എല്ലാവര്‍ക്കും എവിടെയും എപ്പോഴും  മാനസികാരോഗ്യം ഉറപ്പാക്കാന്‍ വേണ്ട നിക്ഷേപങ്ങള്‍ നടപ്പാക്കാന്‍ നാമോരോരുത്തരും മുന്നോട്ട് വരണം. അല്ലെങ്കില്‍ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും.

 

എഴുതിയത്:

മിന്ന മാത്യു, എംഎ, എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, 
പ്രയത്‌ന സെന്‍റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്, കൊച്ചി

Also Read: കൊവിഡ് രോഗികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍...

click me!