World Mosquito Day 2022: അപകടകാരിയായി കൊതുകുകള്‍; ഇന്ന് ലോക കൊതുക് ദിനം

By Web TeamFirst Published Aug 20, 2022, 10:27 AM IST
Highlights

എല്ലാ വര്‍ഷവും ഓഗസ്റ്റ് 20ന് കൊതുക് ദിനം ആചരിക്കുന്നു. കൊതുകുജന്യ രോഗങ്ങള്‍  വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലോക കൊതുകുദിനം എത്തുന്നത്. 

കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ലോക കൊതുകുദിനം എത്തുന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 20ന് കൊതുക് ദിനം ആചരിക്കുന്നു.  കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും രോഗപ്രതിരോധ ബോധവല്‍ക്കരണത്തിലൂടെ കൊതുകുവഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ പോരാടുവാന്‍ സജ്ജമാക്കുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 

കേരളത്തില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വര്‍ധനയ്ക്ക് കാരണമാക്കുന്നു. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം. വീടും പരിസരവും വ്യത്തിയാക്കി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

കൊതുക് പരത്തുന്ന പ്രധാനപ്പെട്ട മൂന്ന് രോ​ഗങ്ങൾ 

ഒന്ന്...

ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് 'ഡെങ്കിപ്പനി'. വൈറസ് ബാധ ഉണ്ടായാല്‍ ആറ് മുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. 

രണ്ട്...

അനോഫെലീസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമായ 'മലേറിയ' അതീവ ശ്രദ്ധയോടെ നേരിടേണ്ട രോഗമാണ്. കാരണം, വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗമാണ് മലേറിയ. ഇടവിട്ടുള്ള പനി, വിറയല്‍, തലവേദന, പേശീവേദന എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. വിറച്ചു പനിക്കുന്ന രോഗി കുറച്ചു കഴിയുമ്പോള്‍ നന്നായി വിയര്‍ക്കും. അതേത്തുടര്‍ന്ന് പനി കുറയുമെങ്കിലും വീണ്ടും പനി ഉണ്ടാകും. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ഉണ്ടാകാം. 

മൂന്ന്...

ഡെങ്കിപ്പനിയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ ഉണ്ടാവുന്ന മഴക്കാലരോഗങ്ങളിൽ വളരെ ശ്രദ്ധ ആകർഷിക്കുന്ന ഒരു രോഗമാണ് 'ചിക്കുൻ ഗുനിയ'. കൊതുക് പരത്തുന്ന രോഗങ്ങളിൽ പ്രധാനമായ ഒന്നാണ് ചിക്കുന്‍ഗുനിയ. ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകർ. രോഗാണുക്കളുള്ള കൊതുക് കടിച്ച് 2 മുതല്‍ 12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. സന്ധി വേദന,വിറയലോടു കഠിനമായ പനി,കണ്ണിന് ചുമപ്പു നിറം വരിക, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ ആണ്‌ പ്രധാനമായും കാണുന്നത്‌. ചിക്കുൻഗുനിയ മഴക്കാലത്ത് പടർന്ന് പിടിക്കാൻ സാധ്യത കൂടുതലാണ്.

Also Read: കൊതുകുകളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാം; ചെയ്യേണ്ടത് നാല് കാര്യങ്ങൾ മാത്രം

വീട്ടിൽ കൊതുക് വരാതിരിക്കാൻ ചെയ്യേണ്ടത്...

1. സന്ധ്യാസമയത്ത് വീടിന് സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നത് കൊതുകിനെ അകറ്റും.

2. വീടിനടുത്തുള്ള മലിനജല ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക.∙

3. വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.

4. വീടിനു സമീപത്ത് മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.

 

click me!