'ആപ്പിളിനോളം വലുപ്പം മാത്രം'; ലോകത്തെ ഏറ്റവും ചെറിയ കുഞ്ഞ് പിറന്നു

By Web TeamFirst Published May 30, 2019, 10:42 PM IST
Highlights

സേബി എന്നാണ് കുഞ്ഞിന്റെ ഓമന പേര്. ആശുപത്രിയിലെ ജീവനക്കാരാണ് കുഞ്ഞിന് സേബി എന്ന് പേരിട്ടത്. ജനിച്ചപ്പോള്‍ ഒരു വലിയ ആപ്പിളിനോളം വലുപ്പം മാത്രമേ സേബി ഉണ്ടായിരുന്നുള്ളു. 
 

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് പിറന്നു. 245 ഗ്രാം മാത്രം ഭാരമുളള പെണ്‍കുഞ്ഞ് ജനിച്ചതായി ബുധനാഴ്ചയാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സേബി എന്നാണ് കുഞ്ഞിന്റെ ഓമന പേര്. ആശുപത്രിയിലെ ജീവനക്കാരാണ് കുഞ്ഞിന് സേബി എന്ന് പേരിട്ടത്. ജനിച്ചപ്പോള്‍ ഒരു വലിയ ആപ്പിളിനോളം വലുപ്പം മാത്രമേ സേബി ഉണ്ടായിരുന്നുള്ളു. 

സാന്‍ഡിയാഗോയിലെ ഷാര്‍പ് മേരി ബിര്‍ച്ച് ആശുപത്രിയിലാണ് സേബിയുടെ ജനനം. 23 ആഴ്ച്ചയും മൂന്ന് ദിവസവും മാത്രം ആയപ്പോഴാണ് അമ്മയുടെ വയറ്റിനുള്ളിൽനിന്ന് സേബി പുറത്ത് വന്നത്. കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനകം മരിച്ച് പോവുമെന്നാണ് ഡോക്ടര്‍മാര്‍ പിതാവിനോട് പറഞ്ഞത്. ‘പക്ഷെ ആ ഒരു മണിക്കൂര്‍ രണ്ട് മണിക്കൂറായി. പിന്നീട് ഒരു ദിവസമായി. അത് പിന്നെ ഒരാഴ്ചയായി,’ ആശുപത്രി അധികൃതർ പുറത്തുവിട്ട വീഡിയോയിൽ സേബിയുടെ മാതാവ് പറഞ്ഞു.

ഡിസംബറിലായിരുന്നു പ്രസവം. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത്. അമ്മയുടെ ജീവന്‍ അപകടത്തിലായതിനെ തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തിയത്. സാധാരണ 40 ആഴ്ചയോളം എത്തിയാലാണ് പ്രസവം നടക്കാറുളളത്. അഞ്ച് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം ഈ മാസമാണ് സേബി വീട്ടിലേക്ക് പോകുന്നത്. ഇപ്പോള്‍ 2.2 കിഗ്രാം ആണ് സേബിയുടെ ഭാരം.

‘അവളൊരു അത്ഭുതമാണ്. അത് തീര്‍ച്ചയാണ്,’ സേബിയെ പരിചരിച്ച നഴ്സ് കിം നോർബി പറയുന്നു. ‘ചെറുതാണ്, പക്ഷെ ഇവള്‍ ശക്തിശാലിയാണ്’ എന്ന് സേബിയുടെ തൊട്ടിലിലും അവർ കുറിച്ചു. മാസം തികയാതെ പിറക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുളള തലച്ചോറിലെ രക്തപ്രവാഹമോ, ഹൃദയസംബന്ധമായ പ്രശ്നമോ സേബിക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ‌ു.

ഇയോവ സര്‍വകലാശാല കൈവശം വയ്ക്കുന്ന ലോകത്തെ ഏറ്റവും ചെറിയ കുട്ടികളില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ സേബിക്ക് സ്ഥാനം. 2015ല്‍ ജര്‍മ്മനിയില്‍ ജനിച്ച കുഞ്ഞായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. സേബിയേക്കാള്‍ 7 ഗ്രാം കൂടുതല്‍ ഭാരം ആ കുഞ്ഞിന് ഉണ്ടായിരുന്നു.
 

click me!