
ഇന്ന് ലോക കാഴ്ച ദിനമാണ്. ഈ ദിനത്തിൽ അശ്വിനി അഗാഡി എന്ന യുവതിയുടെ ജീവിത കഥയെ കുറിച്ചറിയാം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കാഴ്ചാപരിമിതി ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കർണാടക സ്വദേശിനിയായ അശ്വിനി എന്ന യുവതി. നൂറിലേറെ കുട്ടികൾക്കും നിരവധി സ്ത്രീകൾക്കുമാണ് അശ്വിനി ആരംഭിച്ച ട്രസ്റ്റ് ഇപ്പോൾ തണലേകുന്നത്. മലാല അവാർഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അശ്വിനിയെ തേടിയെത്തി.
ബെല്ലാരിയിലെ ചെല്ലഗുർക്കി ഗ്രാമത്തിന് അന്ധയായി പിറന്ന അശ്വിനിയെ കുറിച്ച് ആശങ്കമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പമുള്ളവർ പഠിച്ച് മുന്നേറുമ്പോഴും സ്കൂൾ പ്രവേശനത്തിനായി കേഴേണ്ടി വന്നു അശ്വിനിയുടെ മാതാപിതാക്കൾക്ക്. ബെംഗ്ലൂരുവിലേക്ക് മാറിയതിന് ശേഷമാണ് നടക്കില്ലെന്ന് കരുതിയ വിദ്യാഭ്യാസം സാധ്യമായത്.
കോമഴ്സിൽ ബിരുദാനന്തര ബിരുദം വരെ നീണ്ടു. രണ്ടാം റാങ്കോടെ വിജയിച്ചിട്ടും കാഴ്ചപരിമിതി ഇൻറർവ്യൂ ബോർഡുകൾക്ക് മുന്നിൽ അയോഗ്യതായി. തൻറെ അനുഭവം ഇനി ആവർത്തിക്കരുതെന്ന വാശിയാണ് സ്വന്തമായി സ്കൂൾ എന്ന ആശയത്തിന് അശ്വിനിയെ പ്രേരിപ്പിച്ചത്.
പത്ത് വിദ്യാർത്ഥികളുമായി ഹൊസ്സൂരിൽ തുടങ്ങിയ ട്യൂഷൻ ക്ലാസ് , ഇന്ന് സർക്കാർ അംഗീകൃത സ്കൂളാണ്. ബെൽക്കു അക്കാദമി എന്ന പേരിൽ കാഴ്ചപരിമതിയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നയിടം.
അശ്വിനി അഗാഡി ട്രസ്റ്റിലേക്ക് എത്തുന്ന സന്നദ്ധസഹായത്താൽ സ്ത്രീകൾക്കായുള്ള തയ്യൽകേന്ദ്രം പ്രവർത്തിക്കുന്നു. ജീവനക്കാരിൽ അധികവും കാഴ്ചാപരിമിതിയുള്ളവർ. കാഴ്ചയില്ലാത്തത് കൊണ്ട് ഒറ്റപ്പെട്ടുപോയ ജീവിതങ്ങൾക്ക് ഈ സ്ഥാപനം ഇന്ന് വീടാണ്. ഈ ഈച്ഛാശക്തിക്ക് ക്വീൻ എലിസബത്ത് 2015ൽ യങ് ലീഡർ പുരസ്കാരം നേരിട്ട് സമ്മാനിച്ചു. 2013ലെ മലാല പുരസ്കാരവും അശ്വിനി അഗാഡിയെ തേടിയെത്തി. നിശ്ചയദാർഢ്യത്തിൻറെ പ്രതീകമായി ഇന്ന് അന്താരാഷ്ട്ര വേദികളിലെ മുഖമാണ് ഈ പെൺകുട്ടി.
Read more 'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക'; ഇന്ന് ലോക കാഴ്ച ദിനം