'ഡോക്ടർമാരായാൽ ഇങ്ങനെ വേണം'; ഏറെ സന്തോഷം പകരുന്ന വീഡിയോ

By Web TeamFirst Published Dec 5, 2022, 9:18 PM IST
Highlights

ഈ വീഡിയോയിൽ ഒരു കുഞ്ഞിന് വാക്സിനെടുക്കുന്ന യുവഡോക്ടറെയാണ് കാണുന്നത്. കുഞ്ഞിനെ കിടത്തിയ ശേഷം പുതിയൊരു സ്ഥലത്ത് കിടക്കുന്നതിന്‍റെ പ്രശ്നം കുഞ്ഞിനെ ബാധിക്കാതിരിക്കാനാണ് ആദ്യം ഡോക്ടർ ശ്രമിക്കുന്നത്.

രോഗങ്ങൾ അലട്ടുമ്പോൾ മനുഷ്യർ സ്വാഭാവികമായും ശാരീരികമായും മാനസികമായും ബാധിക്കപ്പെടും. ഈ അവസ്ഥയോടെയാണ് നാം ആശുപത്രികളിലെത്തുന്നത്. അതുകൊണ്ടാണ് ആശുപത്രിയിലെത്തുമ്പോൾ ഇവിടെ നമ്മെ പരിശോധിക്കുന്ന ഡോക്ടർമാർ മുതൽ പരിചരിക്കുന്ന മറ്റ് ജീവനക്കാർ വരെ എല്ലാവരിൽ നിന്നും അൽപം കരുണയോടെയുള്ള പെരുമാറ്റം നാം പ്രതീക്ഷിക്കുന്നത്. 

രോഗികൾ മാത്രമല്ല, രോഗികളുടെ കൂട്ടിരിപ്പുകാരും പരിശോധനകൾക്കോ മറ്റ് കുത്തിവയ്പുകൾക്കോ എല്ലാം ആശുപത്രികളിലെത്തുന്നവരും ഇതേ രീതിയിലുള്ള സമീപനമാണ് ആശുപത്രികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ പലപ്പോഴും പ്രതീക്ഷയ്ക്ക് വിരുദ്ധമായി പ്രയാസം തോന്നുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും ആശുപത്രി ജീവനക്കാരിൽ നിന്നോ ഡോക്ടർമാരിൽ നിന്നോ എല്ലാം ഉണ്ടാകാം. ഇത്തരത്തിലുള്ള സംഭവങ്ങളും നമുക്കറിയാം.

എന്നാലിപ്പോൾ ഇതിൽ നിന്ന് വിരുദ്ധമായി എങ്ങനെ ആയിരിക്കണം ഒരു ഡോക്ടർ എന്നതിന് ഒരുത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരാളുടെ വീഡിയോ ആണ് പങ്കുവയ്ക്കുന്നത്. മുതിർന്നവരെ ആശുപത്രികളിൽ കൈകാര്യം ചെയ്യുന്നത് പോലെ എളുപ്പമല്ല കുട്ടികളെ കൈകാര്യം ചെയ്യാൻ. ഇതിന് പ്രത്യേകനയം തന്നെ വേണം.

വീട്ടുകാരും ഡോക്ടർമാരും നഴ്സുമാരുമടക്കം എല്ലാവരും കുട്ടികളെ ആശുപത്രിയിലെത്തിക്കുമ്പോൾ അവർക്ക് പ്രത്യേക പരിഗണന നൽകേണ്ടിവരാം. ചെറിയ വേദന പോലും താങ്ങാൻ കഴിയാത്ത, അതെക്കുറിച്ച് ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ ആ വേദനകളിൽ നിന്നെല്ലാം സുരക്ഷിതരാക്കിയെടുക്കാൻ ഏവർക്കും സാധിക്കണം.

ഇവിടെ, ഈ വീഡിയോയിൽ ഒരു കുഞ്ഞിന് വാക്സിനെടുക്കുന്ന യുവഡോക്ടറെയാണ് കാണുന്നത്. കുഞ്ഞിനെ കിടത്തിയ ശേഷം പുതിയൊരു സ്ഥലത്ത് കിടക്കുന്നതിന്‍റെ പ്രശ്നം കുഞ്ഞിനെ ബാധിക്കാതിരിക്കാനാണ് ആദ്യം ഡോക്ടർ ശ്രമിക്കുന്നത്. കുഞ്ഞിനെ കളിപ്പിച്ചും ചിരിപ്പിച്ചുമെല്ലാം വിദഗ്ധമായി അദ്ദേഹം ശ്രദ്ധ തിരിപ്പിക്കുന്നു.

കുഞ്ഞിന്‍റെ അമ്മയാണെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ സമീപത്ത് നിൽപുണ്ട്. എന്നാൽ കുഞ്ഞിനെ പൂർണമായും കൈകാര്യം ചെയ്യുന്നത് ഡോക്ടർ തന്നെ. വാക്സിൻ കുത്തിവയ്ക്കുമ്പോഴും അത് കുഞ്ഞ് അറിയുക പോലും ചെയ്യാത്ത രീതിയിലാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഒടുവിൽ വാക്സിനെടുത്ത ശേഷം കുഞ്ഞിനെ അഭിനന്ദിച്ച് ഇദ്ദേഹം കയ്യടിക്കുന്നതും വീഡിയോയിൽ കാണാം. 

'ഡോക്ടർമാരായൽ ഇങ്ങനെ വേണ'മെന്നും 'ഇദ്ദേഹത്തെ കണ്ട് മറ്റുള്ളവർ പഠിക്കണം' എന്നുമെല്ലാമാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ, കുഞ്ഞിനോടുള്ള സമീപനം ഹൃദ്യമായി തോന്നിയെന്നും ഏറെ സന്തോഷം നൽകുന്ന കാഴ്ചയാണിതെന്നും നിരവധി പേർ കമന്‍റായി കുറിച്ചിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'നിങ്ങള്‍ ഏതുതരം അമ്മയാണ്?'; സമീറ റെഡ്ഡിയുടെ കിടിലൻ വീഡിയോ....

click me!